നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.
Showing posts with label ഗൗരവമായ ചിന്തക്ക്‌. Show all posts
Showing posts with label ഗൗരവമായ ചിന്തക്ക്‌. Show all posts

Wednesday, 4 March 2009

‘കൈ‘ വിട്ട കല്ലും ‘വാ‘ വിട്ട വാക്കും...

ബോഡിംഗ്‌ പാസ്‌ കൈപറ്റി. സെക്യൂരിറ്റി ചെക്കപ്പും കഴിഞ്ഞു. വിമാനം പുറപ്പെടാന്‍ ഇനിയും സമയമുണ്ട്‌. അതുവരെയുള്ള സമയം ഉപയോഗപ്പെടുത്താനായി ഒരു മാഗസിനും കൂടെ ഒരു പാക്കറ്റ്‌ കുക്കീസും വാങ്ങി അവള്‍. അതുവരെ നീണ്ട ക്യൂവില്‍ നിന്നതിന്റെ ക്ഷീണം തീര്‍ക്കാനും സ്വസ്ഥമായി ഒരിടത്തിരുന്ന് വായിക്കാനുമായി അവിടെയുള്ള വി.ഐ.പി ലൗഞ്ചിലെ ചാരുകസേരയില്‍ പോയി ഇരുന്നു. അവളിരുന്നതിന്റെ അടുത്ത സീറ്റുകളിലൊന്നില്‍ മാന്യമായി വസ്ത്രം ധരിച്ച ഒരു മനുഷ്യനിരുന്ന് കയ്യിലുള്ള ഏതോ മാഗസിന്‍ വായിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലെ ഒഴിഞ്ഞ സീറ്റില്‍ പൊട്ടിച്ചുവെച്ച ഒരു പാക്കറ്റ്‌ കുക്കീസും.വാങ്ങിയ മാഗസിന്‍ മറിച്ചുനോക്കുന്നതിനിടയില്‍ അരികില്‍ തുറന്നുവെച്ച കുക്കീസ്‌ പാക്കറ്റില്‍ നിന്നും ഒന്നെടുത്ത്‌ അവള്‍ വായിലിട്ടു നുണഞ്ഞു. അവള്‍ക്കപ്പുറത്തിരിക്കുന്ന ആ മനുഷ്യനും അതില്‍ നിന്നും ഒന്നെടുത്ത്‌ വായിലിട്ടു. തന്റെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും എടുക്കാന്‍ അയാള്‍ക്കെങ്ങിനെ ധൈര്യം വന്നു. അയാളുടെ ആ പ്രവര്‍ത്തി അവളെ ദേഷ്യം പിടിപ്പിച്ചു. എങ്കിലും അവളൊന്നും പറഞ്ഞില്ല. അവള്‍ അതില്‍ നിന്ന് ഓരോന്നെടുക്കുമ്പോഴും അയാളും അതില്‍ നിന്ന് ഓരോന്നെടുത്തുകൊണ്ടിരുന്നു. "ഹൊ! എന്തൊരു ധാര്‍ഷ്ട്യം.... ഇങ്ങിനെയുമുണ്ടോ മനുഷ്യര്‍.. തന്റെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും അനുവാദം കൂടാതെ എടുത്ത്‌ തിന്നാന്‍ അയാള്‍ക്കെന്തവകാശം. നാണമില്ലേ ടൈയും കോട്ടുമൊക്കെയിട്ട്‌ മാന്യന്റെ വേഷത്തില്‍... 'തന്നെപ്പോലെയുള്ള' വി.ഐ.പികളുടെ കൂട്ടത്തില്‍ വന്നിരിക്കാന്‍." രോഷം പൂണ്ട്‌ അയാളെ തറപ്പിച്ചൊന്നു നോക്കി. താന്‍ ശ്രദ്ധിക്കുന്നത്‌ അയാള്‍ കണ്ടുവെന്ന് തോന്നുന്നു. ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട്‌ തീരാറായ കുക്കീസ്‌ പാക്കറ്റ്‌ തനിക്കരികിലേക്ക്‌ നീക്കി 'അതില്‍ നിന്ന് എടുത്ത്‌ കഴിച്ചുകൊള്ളൂ' എന്ന് ആംഗ്യം കാണിച്ച്‌ അതില്‍ നിന്നും ഒന്നെടുത്ത്‌ അയാള്‍ വായിലിടുക കൂടി ചെയ്തതോടെ "ആഹാ അത്രക്കായോ... 'താന്‍ വാങ്ങിയ കുക്കീസില്‍ നിന്നും പകുതിയോളവും തിന്നിട്ട്‌ ഇനി അതില്‍ നിന്നും തിന്നാന്‍ എനിക്ക്‌ തന്റെ ഔദാര്യം കൂടി വേണ്ടേ എന്ന്' ചോദിച്ചുകൊണ്ട്‌ ജീവിതകാലത്തൊരിക്കലും അയാള്‍ക്ക്‌ മറക്കാനാവാത്ത വിധം അയാളുടെ മുഖമടക്കി ഒന്ന് പൊട്ടിക്കാനാണ്‌ തോന്നിയത്‌. പിന്നെ, 'തന്നെപ്പോലുള്ളവര്‍' മാന്യത കൈവിട്ടുകൂടല്ലോ.. ഇങ്ങിനെയുമുണ്ട്‌ കുറെയെണ്ണം. മനസ്സില്‍ നിറയെ പിന്നെ അയാളുടെ ഈ മര്യാദകേടിനെക്കുറിച്ചായി ചിന്ത. അയാളുടെ ഓരോ ചലനങ്ങളിലും വെറുപ്പും വിദ്വേഷവും തോന്നി. കുക്കീസ്‌ പാക്കറ്റില്‍ ഇനിയും ഒരെണ്ണം കൂടിയേ അവശേഷിക്കുന്നുള്ളൂ. മര്യാദ കെട്ട അയാള്‍ അതുകൊണ്ട്‌ എന്തു ചെയ്യുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അയാള്‍ അതെടുത്ത്‌ രണ്ടായി പകുത്ത്‌ പുഞ്ചിരിതൂകി തനിക്ക്‌ നേരെ നീട്ടുന്നത്‌ കണ്ടപ്പോള്‍ ദേഷ്യം കൊണ്ട്‌ തന്റെ നിയന്ത്രണം വിടുമോ എന്നവള്‍ക്ക്‌ തോന്നി. ഫ്ലയിറ്റില്‍ കയറാനുള്ള അറിയിപ്പ്‌ മുഴങ്ങിയതുകൊണ്ട്‌ എത്രയും പെട്ടന്ന് അയാള്‍ക്കു മുന്‍പില്‍ നിന്നും നടന്നുനീങ്ങിയിട്ടില്ലായിരുന്നുവെങ്കില്‍ അയാള്‍ തനിക്ക്‌ നേരെ നീട്ടിയത്‌ തട്ടിത്തെറിപ്പിച്ച്‌ അയാളെ എന്തെങ്കിലും ചെയ്യാന്‍ 'പരമാവധിയിലെത്തിയ' തന്റെ കോപം ഇടവരുത്തുമായിരുന്നു. വിമാനത്തില്‍ കയറി തനിക്കിരിക്കേണ്ട സീറ്റുകണ്ടെത്തി ഇരുന്ന് കുറേക്കഴിഞ്ഞിട്ടും മനസ്സ്‌ അയാളുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇങ്ങനെയുമുണ്ടൊ മനുഷ്യര്‍... മനുഷ്യനായാല്‍ കുറച്ചൊക്കെ സംസ്കാരവും മര്യാദയുമൊക്കെ വേണ്ടേ.. എല്ലാവരും 'തന്നെപ്പോലെ' വിവരവും കള്‍ച്ചറുമൊക്കെ ഉള്ളവരായിക്കൊള്ളണമെന്നില്ല. എന്നാലും ഒരു ആവറേജ്‌ കോമണ്‍സെന്‍സെങ്കിലും വേണ്ടേ.. വിമാനത്തിനകത്തെ ശീതീകരിച്ച അവസ്ഥയിലും മുഖത്ത്‌ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടക്കാന്‍ കര്‍ച്ചീഫെടുക്കാന്‍ ബാഗ്‌ തുറന്നു."ഓ മൈ ഗോഡ്‌?!" അതാ തന്റെ കുക്കീസ്‌ പാക്കറ്റ്‌ പൊട്ടിക്കുക പോലും ചെയ്യാതെ സുരക്ഷിതമായി അതിനകത്ത്‌.സംഭവിച്ചതിന്റെ ഒരു ഏകദേശ രൂപം അവളുടെ മനസ്സില്‍ തെളിഞ്ഞു. താന്‍ ഇരുന്നിടത്ത്‌ തുറന്ന് കിടന്നിരുന്ന കുക്കീസ്‌ പാക്കറ്റ്‌ അയാളുടേതായിരുന്നു. തന്റേതാണെന്ന് വിചാരിച്ച്‌ താന്‍ അതില്‍ നിന്നും എടുത്ത്‌ തിന്നുകയായിരുന്നു. അവള്‍ക്ക്‌ വളരെയധികം കുറ്റബോധവും ലജ്ജയും തോന്നി. പിഴവ്‌ പറ്റിയത്‌ തനിക്കാണെന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു. താന്‍ അയാളുടെ കുക്കീസാണ്‌ ഷെയര്‍ ചെയ്തത്‌. അനുവാദം കൂടാതെ താന്‍ അവസാനം വരെ അയാളുടെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും എടുത്ത്‌ തിന്നിട്ടും അയാള്‍ യാതൊരുവിധ വെറുപ്പോ നീരസമോ പ്രകടിപ്പിച്ചതുമില്ല. അയാള്‍ തന്റെ കുക്കീസാണ്‌ എടുത്ത്‌ കഴിക്കുന്നത്‌ എന്ന് തെറ്റിദ്ധരിച്ച താന്‍ അയാളെക്കുറിച്ച്‌ എന്തൊക്കെയാണ്‌ വിചാരിച്ചത്‌. ഒരു വേള താന്‍ അയാളെ എന്തെങ്കിലും ചെയ്തേക്കുക പോലും ചെയ്യുമായിരുന്നു. പക്ഷെ, അയാളാവട്ടെ ഒടുവിലത്തെ ആ ഒന്നുപോലും എത്ര സന്തോഷത്തോടെയാണ്‌ തനിക്ക്‌ പകുത്ത്‌ തരാന്‍ ശ്രമിച്ചത്‌. അങ്ങിനെയുള്ള അയാളെക്കുറിച്ചാണല്ലോ താന്‍ ... ഛെ മോശമായിപ്പോയി. തന്റെയടുത്ത്‌ തെറ്റ്‌ സംഭവിച്ചിട്ടും താനയാളെക്കുറിച്ച്‌ മോശമായി വിചാരിച്ചതില്‍ ഖേദം പ്രകടിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷെ, വൈകിപ്പോയി. അപ്പോഴേക്കും വിമാനം അതിനകത്തെ യാത്രക്കാരെയും വഹിച്ച്‌ ആകാശത്തിന്റെ വിഹായസ്സിലേക്ക്‌ പറന്നുയരാന്‍ തുടങ്ങിയിരുന്നു. ഈ കഥ ഒരു പക്ഷെ, ഇതിനുമുമ്പ്‌ തന്നെ പലരും വായിച്ചുകാണും. കഥയുള്‍ക്കൊള്ളുന്ന ഗൗരവമായ സന്ദേശത്തെക്കുറിച്ച്‌ പക്ഷെ അധികമാരും ചിന്തിച്ചുകൊള്ളണമെന്നില്ല. നിത്യജീവിതത്തില്‍ മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപഴകലുകളിലും സഹവാസങ്ങളിലുമൊക്കെ നാമും ഇതുപോലെ ചിലപ്പോഴെങ്കിലും 'അഹം' വെച്ചു പുലര്‍ത്താറില്ലെ? സ്വന്തത്തെ വളരെ മതിപ്പോടെ കാണുകയും മറ്റുള്ളവരൊക്കെ മോശവുമാണെന്ന ധാരണ. തികഞ്ഞ അഹങ്കാരത്തില്‍ നിന്നും ഉടലെടുക്കുന്നതാണിത്‌. പ്രവാചകന്‍ പറഞ്ഞു: "അഹങ്കാരമെന്നാല്‍ സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിസ്സാരമായി കാണലുമാണ്‌" ഇതിനോടനുബന്ധമെന്നോണം ഉണ്ടാവുന്ന ഒരു ചീത്ത പ്രവണതയാണ്‌ കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ മറ്റുള്ളവരെ സംശയത്തിന്റെ പ്രതിക്കൂട്ടില്‍ കയറ്റി കുറ്റപ്പെടുത്തുന്ന പ്രവണത."അയാളെ കാണ്ടാലററിയാം അയാളൊരു കള്ളനാണെന്ന്..." "അയാളുടെ ആ രൂപവും ഭാവവും കണ്ടപ്പോഴേ തോന്നി അയാള്‍ ആളത്ര ശരിയല്ലെന്ന്.." തുടങ്ങി ആളുകളുടെ കോലവും രീതിയും വസ്ത്രവുമൊക്കെ നോക്കി പലപ്പോഴും നാം ആളുകളെ വിലയിരുത്തുന്ന രീതിയാണിത്‌. ചെറിയൊരു കാരണം കിട്ടുമ്പോഴേക്കും മറ്റുള്ളവരെ കുറ്റപ്പെടുത്താനും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ മോശമായി ചിത്രീകരിക്കാനുമൊക്കെ എന്തൊരു ധൃതിയാണ്‌് നമുക്ക്‌. അതിനിടയില്‍ നാവ്‌ കൊണ്ട്‌ വാക്ശരങ്ങളുതിര്‍ക്കാനും ചിലര്‍ തിടുക്കം കാണിക്കുന്നത്‌ കാണാം. മുതിര്‍ന്നവര്‍ പറയാറുണ്ട്‌. "കല്ല് കയ്യില്‍ നിന്ന് വിട്ടാല്‍ അത്‌ ആയുധമാണ്‌. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല."മുന്നും പിന്നും നോക്കാതെയും ചിന്തിക്കാതെയും ഇങ്ങനെ എയ്തുവിടുന്ന വാക്ശരങ്ങള്‍ നല്ല നിലയില്‍ കഴിയുന്ന എത്രയെത്ര ബന്ധങ്ങളെയാണ്‌ ഉലച്ചിട്ടുള്ളത്‌.ഒടുവില്‍ തങ്ങളുടെ ഭാഗത്താണ്‌ വീഴ്ച വന്നത്‌ എന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇനി തങ്ങളുടെ ഭാഗത്താണ്‌ തെറ്റ്‌ വന്നത്‌ എന്ന് തിരിച്ചറിഞ്ഞാല്‍ തന്നെ അതിന്റെ പേരില്‍ 'അന്യായമായി കുറ്റപ്പെടുത്തിയ' മര്‍ദ്ദിതനോട്‌ ഖേദം പ്രകടിപ്പിക്കാനോ മാപ്പ്‌ ചോദിക്കാനോ ഒന്നും ആരും മെനക്കെടാറില്ല. ഇനി അങ്ങനെ ചെയ്യണമെന്ന് വിചാരിച്ചാല്‍ തന്നെ പലപ്പോഴും അതിനു സാധിച്ചുകൊള്ളണമെന്നുമില്ല. ഫലമോ അന്യായമായി ഒരു നിരപരാധിയെ ഊഹത്തിന്റെയോ വെറുമൊരു ധാരണയുടെയോ ഒക്കെ അടിസ്ഥാനത്തില്‍ കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കാതെ കുറ്റപ്പെടുത്തിയതിന്റെ പാപഭാരം പേറണം. ഇത്തരത്തില്‍ എത്ര പേരെക്കുറിച്ചു നാം ഊഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും അതിന്റെയടിസ്ഥാനത്തില്‍ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തുകാണും. മാത്രമോ പലരോടും അതിനെക്കുറിച്ചു പറയുകയും അവരെക്കുറിച്ച്‌ മറ്റുള്ളവരുടെ മനസ്സുകളില്‍ അവാസ്തവങ്ങളായ വാര്‍ത്തകള്‍ പ്രചരിക്കാനിട വരുത്തുകയും ചെയ്യുന്നു എത്രത്തോളമെന്ന് വെച്ചാല്‍ വന്‍പാപങ്ങളിലെണ്ണിയ സമൂഹത്തിലെ പതിവൃതകളെക്കുറിച്ചും മാന്യന്മാരെക്കുറിച്ചുമൊക്കെ വ്യഭിചാരാരോപണം വരെ നടത്തി ഹരമുള്ള വാര്‍ത്തകള്‍ മെനയാന്‍ ഇന്ന് മത്സരിക്കുകയാണ്‌ ജനങ്ങള്‍. ഇതിന്റെയൊക്കെ അനന്തരഫലങ്ങളാകട്ടെ ദൂരവ്യാപകവുമായിരിക്കും. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കാതെയുള്ള ഇത്തരം ഊഹത്തിന്റെയടിസ്ഥാനത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ വ്യക്തികളില്‍ മാത്രം ഒതുങ്ങുന്നില്ല. സംഘടനകളും സമൂഹങ്ങളും എന്തിന്‌ രാഷ്ട്രങ്ങള്‍ തമ്മില്‍ വരെ ഇത്തരം ഊഹത്തിലധിഷ്ടിതമായ ധാരണകള്‍ വെച്ചുപുലര്‍ത്തി പരസ്പരം അകലം കാത്ത്‌ സൂക്ഷിക്കുകയും ഒരു വേള അത്‌ പരസ്പരമുള്ള ഏറ്റുമുട്ടലുകളിലെത്തിച്ചേരുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. ഇതുകൊണ്ടൊക്കെയാണ്‌ വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഊഹങ്ങളുടെ പിന്നാലെ പോകുന്നതിനെ അല്ലാഹു വിലക്കുന്നത്‌.

" ഹേ, വിശ്വസിച്ചവരെ ഊഹത്തില്‍ നിന്ന് മിക്കതും നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍. (കാരണം) നിശ്ചയമായും ഊഹത്തില്‍ ചിലത്‌ കുറ്റ(കര)മായിരിക്കും" (ഹുജുറാത്ത്‌) പക്ഷെ, പലപ്പോഴും പരിശുദ്ധ ഖുര്‍ആനിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക്‌ അതിന്റെ ആളുകളാണെന്നവകാശപ്പെടുന്നവര്‍ വരെ യാതൊരു വിലയും കല്‍പ്പിക്കാറില്ല. എന്തെങ്കിലും ഒരു വാര്‍ത്ത കേള്‍ക്കുമ്പോഴേക്കും അത്‌ സമൂഹമദ്ധ്യത്തില്‍ പ്രചരിപ്പിക്കുക ചിലര്‍ക്ക്‌ ഒരു ഹരമാണ്‌. അത്‌ പൊലിപ്പും തൊങ്ങലും വെച്ച്‌ വാര്‍ത്തകളുണ്ടാക്കി ആടിനെ പട്ടിയാക്കാന്‍ അവര്‍ അതിസമര്‍ത്ഥരുമായിരിക്കും. അങ്ങനെ എത്രയെത്ര നിരപരാധികള്‍ തങ്ങളുടെ അഭിമാനം ക്ഷതപ്പെട്ട്‌ സമൂഹമധ്യത്തില്‍ മര്‍ദ്ദിക്കപ്പെടുന്നു. എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കു് അതിന്‌ മോശമായ അര്‍ത്ഥവ്യാഖ്യാനം കണ്ടെത്തുന്നതും തെറ്റായ ധാരണ വെച്ചുപുലര്‍ത്തി നീചമായ മനസ്ഥിതിയോടെ മാന്യന്മാരെ അപമാനിക്കുന്നതിനുള്ള താല്‍പര്യം ഒരു വിശ്വാസിക്ക്‌ ഒട്ടും ഭൂഷണമല്ല. പലപ്പോഴും ഇതര സമൂഹങ്ങളും സംഘടനകളും അവയ്ക്കകത്തുള്ള ഗ്രൂപ്പുകള്‍ തമ്മിലും ഇത്തരം ഊഹങ്ങളിലധിഷ്ടിതമായ അവാസ്തവങ്ങളായ വാര്‍ത്തകളാല്‍ ആരോപണ പ്രത്യാരോപണങ്ങളുതിര്‍ക്കുന്നത്‌ ഇന്നൊരു പ്രബോധന ശൈലി തന്നെ ആയി മാറിയിരിക്കുന്നു. നുണപറഞ്ഞുകൊണ്ടും ഊഹങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും വ്യക്തിഹത്യ നടത്തിയുമൊക്കെ മതപ്രബോധനം നടത്തുന്നവര്‍ സത്യത്തില്‍ ആ മതത്തിന്‌ തീരാകളങ്കമുണ്ടാക്കി ആളുകളെ അതില്‍ നിന്നകറ്റുകയല്ലേ ചെയ്യുന്നത്‌? നല്ലതുണ്ടെങ്കിലും വൃത്തികേടുകള്‍ തേടി നടക്കുന്ന ഈച്ചകളെപ്പോലെ നല്ലതു കണാതെ ആളുകളുടെ സ്ഖലിതങ്ങള്‍ മാത്രം തേടുന്നതിലും കാണുന്നതിലുമാണ്‌ ആളുകള്‍ക്ക്‌ താല്‍പര്യം. ഭദ്രമായ ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന്‌ ഇത്തരം രോഗാണുവാഹകരായ ആളുകള്‍ ചെറുതല്ലാത്ത വിള്ളലുകളുണ്ടാക്കും. അതുകൊണ്ട്‌ ഒരു നല്ല വിശ്വാസി സമൂഹത്തെ ലക്ഷ്യം വെക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചേ മതിയാവൂ. താഴെയുള്ള പ്രവാചക വചനങ്ങള്‍ ശ്രദ്ധിക്കുക. *"നിങ്ങള്‍ ഊഹങ്ങളെ സൂക്ഷിക്കുക. നിശ്ചയം ഊഹം സംസാരങ്ങളില്‍ ഏറ്റവും കളവായതത്രെ" **"ഒരു മനുഷ്യന്‍ കള്ളം പറയുന്നവനാവാന്‍ അവന്‍ കേള്‍ക്കുന്നത്‌ മുഴുവന്‍ പറഞ്ഞ്‌ നടന്നാല്‍ മതി" ***"അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട്‌ പങ്ക്‌ ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക, ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു." (മുസ്‌ലിം

****"ഏതൊരുവന്റെ നാവില്‍ നിന്നും കയ്യില്‍ നിന്നും (ഉള്ള ഉപദ്രവങ്ങളില്‍ നിന്ന് മറ്റു) മുസ്‌ലിംകള്‍ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ്‌ മുസ്‌ലിം"

ഇതെല്ലാം പഠിപ്പിച്ച ഒരു മതത്തിന്റെയും പ്രവാചകന്റെയും അനുയായികള്‍ക്ക്‌ അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നുവെങ്കില്‍ പരലോകവിജയത്തിനുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിസ്സാരമാണെന്ന് ആളുകള്‍ വിചാരിക്കുന്ന ഇത്തരം കാര്യങ്ങളിലൊക്കെ തികഞ്ഞ സൂക്ഷ്മത കൈകൊള്ളാതിരിക്കില്ല.

Wednesday, 13 August 2008

കണ്ടറിയാത്തവര്‍ പിന്നെ,.....

ര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ബദ്‌രിയ അയാളെ വിവാഹം കഴിക്കുന്നത്‌. സുന്ദരന്‍, സംസ്കാര സമ്പന്നന്‍, സ്നേഹമുള്ളവന്‍, കൃത്യമായി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നവന്‍. ഏതൊരു നല്ല പെണ്‍കുട്ടിയും ഇതൊക്കെ തന്നെയല്ലേ തന്റെ ഭര്‍ത്താവായി കിട്ടുന്നവന്‌ ആഗ്രഹിക്കുക. ഇങ്ങിനെയുള്ള ഒരാളെ കിട്ടാന്‍ തന്നെയായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നതും പ്രാര്‍ത്ഥിച്ചിരുന്നതും. എന്നിട്ടും ബദ്‌രിയ ദു:ഖിതയായിരുന്നു.
എന്തിന്‌?
ഇതില്‍ പരം എന്ത്‌ സ്വഭാവഗുണങ്ങളാണ്‌ ഒരു യുവാവിന്‌ വേണ്ടത്‌??
അതുതന്നെയാണ്‌ ബദ്‌രിയയെ വിഷമിപ്പിച്ചതും. ഒരു പക്ഷെ, പുറത്തറിഞ്ഞാല്‍ നിസ്സാരമെന്നും ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ എന്നുമാവും ആളുകള്‍ പറയുക. പക്ഷെ, അവളെ സംബന്ധിച്ചിടത്തോളം ആ അവസ്ഥ നരകതുല്യമായിരുന്നു. വിവാഹാലോചനാസമയം അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും അവള്‍ ആ വിവാഹത്തിന്‌ സമ്മതിക്കുമായിരുന്നില്ല. അയാളുടെ വസ്ത്രത്തില്‍ നിന്നുയരുന്ന 'അതിന്റെ' ഗന്ധം പോലും അവള്‍ക്ക്‌ അസഹനീയമായിരുന്നു. പിന്നെ എങ്ങിനെയാണ്‌ അയാളുടെ വായില്‍ നിന്നുയരുന്ന അതിന്റെ പഴകി, കെട്ട ദുര്‍ഗന്ധം അവള്‍ക്ക്‌ സഹിക്കാനാവുക.
ഓ.. അതോര്‍ക്കുമ്പോള്‍ തന്നെ...
പല തരത്തിലുമവള്‍ ശ്രമിച്ചു. ആ ദുശ്ശീലത്തില്‍ നിന്നും അയാളെ മാറ്റിയെടുക്കാന്‍. അദ്ദേഹം തന്നെ അവള്‍ക്ക്‌ പല തവണ വാക്ക്‌ കൊടുത്തതാണ്‌. അടുത്ത്‌ തന്നെ അതില്‍ നിന്ന് ഒഴിവാകുമെന്ന്. പക്ഷെ, വീട്ടിലും വാഹനത്തിലും പൊതുസ്ഥലത്തുവെച്ചുമൊക്കെ അയാള്‍ അതു തുടര്‍ന്നുകൊണ്ടിരുന്നു. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ വേര്‍പിരിയുന്നതിനെക്കുറിച്ചുപോലും അവള്‍ ചിന്തിച്ചു. അവിടെയും ഒരു 'പക്ഷെ' കടന്നുവന്ന് അവള്‍ക്കുമുമ്പില്‍ ഒരു ചോദ്യചിഹ്നമായി. തന്നെ അങ്ങേയറ്റം സ്നേഹിക്കുന്ന അദ്ദേഹത്തോട്‌ അതെങ്ങിനെ അറിയിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ അവള്‍ മറ്റൊരു സത്യം മനസ്സിലാക്കുന്നത്‌.
മാസങ്ങള്‍ക്ക്‌ ശേഷം സുന്ദരനായ ഒരു കുഞ്ഞിനവള്‍ ജന്മം നല്‍കി. ദിവസങ്ങള്‍ ആഴ്ചകളെയും അഴ്ചകള്‍ മാസങ്ങളെയും പെറ്റുപെരുകിക്കൊണ്ടിരുന്നു. ആ കുഞ്ഞിന്റെ ഓമനത്വത്തില്‍ അവള്‍ തന്റെ ദു:ഖം മറക്കാന്‍ ശ്രമിച്ചു.
ഒരു ദിവസം കുഞ്ഞിന്‌ കലശലായ ചുമയും ശ്വാസതടസവും. ഉടന്‍ ഡോക്ടറെ കാണിച്ചു. 'പിതാവിന്റെ പുകവലിയാണ്‌ കുട്ടിയുടെ രോഗത്തിനു ഹേതു' വെന്ന് ഡോക്ടര്‍ വിധിയെഴുതി. ആ കുരുന്നിടത്തുവെച്ചുപോലും അയാള്‍ ചിലപ്പോഴൊക്കെ പുകവലിക്കാറുണ്ടായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ അവളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്‌.
അന്നുരാത്രി, കുഞ്ഞിന്റെ ചുമകേട്ട്‌ അവള്‍ ഞട്ടിയുണര്‍ന്നു. നിര്‍ത്താതെയുള്ള ആ കൊച്ചുകുഞ്ഞിന്റെ ചുമയും ശ്വസിക്കാനുള്ള പ്രയാസവും കണ്ട്‌ അവളുടെ ഹൃദയം പിടഞ്ഞു. തന്റെ അവസ്ഥയോര്‍ത്തവള്‍ തേങ്ങിക്കരഞ്ഞു. ഇനിയും ഇത്‌ തുടര്‍ന്നുകൂടാ. നേരം വെളുക്കട്ടെ. അവള്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകളൊക്കെ നടത്തി...
പെട്ടെന്ന് അവളുടെ മനസ്സിലാരോ മന്ത്രിച്ചു. 'എന്തുകൊണ്ട്‌ നിനക്ക്‌ നിന്റെ സങ്കടങ്ങള്‍ തേടിയാല്‍ കിട്ടുന്ന പരമ കാരുണ്യവാന്റെ സന്നിധിയിലൊന്ന് അവതരിപ്പിച്ചുകൂടാ. അവിടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ടോ?' ശരിയാണ്‌ എന്തുകൊണ്ടാണ്‌ തനിക്കിത്രയും കാലം ഇത്‌ തോന്നാതിരുന്നത്‌.തന്റെ ശ്രമങ്ങള്‍ക്കൊക്കെ മുന്‍പെ ആദ്യം വേണ്ടിയിരുന്നതും അതായിരുന്നു. പക്ഷെ, അങ്ങിനെയൊരു കാര്യത്തെക്കുറിച്ച്‌ താന്‍ വിസ്മരിച്ചുപോയി. കുഞ്ഞിനല്‍പ്പം ആശ്വാസം വന്നപ്പോള്‍ അവള്‍ പോയി അംഗശുദ്ധി വരുത്തി. പിന്നെ ഏറെനേരം നാഥനുമുന്നില്‍.... ഇരുകരങ്ങളുമുയര്‍ത്തി തേടിയാല്‍ കിട്ടുന്ന കാരുണ്യവാന്റെ സന്നിധിയില്‍ സങ്കടങ്ങള്‍ ഓരോന്നായി... തുടര്‍ന്നുള്ള രാത്രികളിലും അവള്‍ പ്രാര്‍ത്ഥനക്ക്‌ ഏറ്റവും ഉത്തരം കിട്ടുന്ന രാത്രിയുടെ അവസാന യാമത്തില്‍ എഴുന്നേറ്റു. ഒരിക്കലും ഉറങ്ങാത്ത മയങ്ങാത്ത ആ ശക്തിക്കുമുമ്പില്‍ തന്റെ സങ്കടങ്ങള്‍ സമര്‍പ്പിച്ചു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരാശ്വാസം... അവളുടെ മനസ്സ്‌ മന്ത്രിച്ചു. അവന്‍ തന്റെ സങ്കടങ്ങള്‍കാണാതിരിക്കില്ല. തന്റെ പ്രാര്‍ത്ഥനകള്‍ക്കവന്‍ ഉത്തരം നല്‍കാതിരിക്കില്ല. അവള്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു.
രു വൈകുനേരം.
ബന്ധുവായ ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി മടങ്ങുകയായിരുന്നു അവര്‍. ഹോസ്പിറ്റലിന്റെ വിശാലമായ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്നടുത്തേക്ക്‌ നടക്കുന്നതിനിടയില്‍ അയാള്‍ ഒരു സിഗരറ്റിനു തിരികൊളുത്തി ആര്‍ത്തിയോടെ വലിക്കാന്‍ തുടങ്ങി. കാറിനടുത്തെത്തിയപ്പോള്‍ അവള്‍ ഡോര്‍ തുറന്ന് ഉടനെ അതിനകത്ത്‌ കയറി. ഹോസ്പിറ്റലില്‍ വെച്ച്‌ ഏറെനേരം വലിക്കാന്‍ കഴിയാതിരുന്നതിന്റെ പലിശയടക്കം വലിച്ചൂതുന്ന തന്റെ ഭര്‍ത്താവിനെ ദയനീയമായി നോക്കി നെടുവീര്‍പ്പുകളുതിര്‍ത്തു. അവളുടെ മനം തേങ്ങി. ഇരു കരവുമുയര്‍ത്തി അവള്‍ മന്ത്രിച്ചു. "സര്‍വ്വ ശക്തനായ രക്ഷിതാവേ....."
പാര്‍ക്കിങ്ങില്‍ കുറച്ചപ്പുറത്തായി തന്റെ കാറന്വേഷിക്കുകയായിരുന്ന ഒരു ഡോക്ടര്‍ തിരക്കിട്ട്‌ സിഗരറ്റ്‌ വലിച്ചുകൊണ്ടിരിക്കുന്ന തന്റെ ഭര്‍ത്താവിനടുത്തേക്ക്‌ നടന്നുവരുന്നതവള്‍ കണ്ടു. ഒരു പക്ഷെ, അയാളും ഒരു സിഗരറ്റിനോ അല്ലെങ്കില്‍ കയ്യിലുള്ള സിഗരറ്റിനു തിരികൊളുത്താനോ ആവും.. ഭര്‍ത്താവിനടുത്തെത്തിയ അയാള്‍ പറയാന്‍ തുടങ്ങി.
"സഹോദരാ...ഇന്നു രാവിലെ മുതല്‍ ഒരുകൂട്ടം ഡോക്ടര്‍മാരുമൊത്ത്‌ ശപിക്കപ്പെട്ട ഈ സാധനത്തിന്റെ ബലിയാടായി ശ്വാസകോശാര്‍ബുദം ബാധിച്ച ഒരു രോഗിയെ രക്ഷപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ്‌ വരികയാണ്‌ ഞാന്‍. താങ്കളുടെ പ്രായത്തിലുള്ള ഒരു യുവാവ്‌.. ഭാര്യയും മക്കളുമുണ്ടദ്ദേഹത്തിന്‌. ആ രോഗി അനുഭവിക്കുന്ന പ്രയാസം താങ്കളൊന്ന് കണ്ടിരുന്നെങ്കില്‍... അദ്ദേഹത്തിന്റെ യുവതിയായ ഭാര്യയുടെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും ദയനീയ സ്ഥിതിയും നിങ്ങളൊന്ന് കണ്ടിരുന്നെങ്കില്‍... ഓപ്പറേഷന്‍ തിയേറ്ററിനു പുറത്ത്‌ വരുമ്പോള്‍ കരഞ്ഞു കലങ്ങി ദൈന്യത മുറ്റുന്ന കണ്ണുകളുമായി എന്നെ സമീപിക്കുന്ന അവരുടെ മുഖങ്ങള്‍... ഒടുവില്‍ പാടില്ലാത്തതാണെങ്കിലും തിയേറ്ററില്‍ കടന്ന് തങ്ങളുടെ പിതാവിനെ ജീവനോടെ ഒരു നോക്കുകാണാന്‍ ഞാനവര്‍ക്ക്‌ അനുവാദം നല്‍കുകയായിരുന്നു. കാരണം ഇത്രയും കാലത്തെ എന്റെ അനുഭവം വെച്ച്‌ ഏതാനും മണിക്കൂറുകള്‍ മാത്രമേ അയാളിനിയും ജീവിച്ചിരിക്കൂ. ഓക്സിജന്‍ കൊടുത്ത്‌ കിടത്തിയിരിക്കുന്ന തങ്ങളുടെ പിതാവിനെക്കണ്ട്‌ വിങ്ങിപ്പൊട്ടുന്ന ആ കുരുന്നുകളുടെയും അവരുടെ മാതാവിന്റെയും കണ്ണുനീര്‍ കണ്ടുകൊണ്ടാണിപ്പോള്‍ ഞാന്‍ വരുന്നത്‌. ഹൃദയമുള്ള ഒരാള്‍ക്കും അത്‌ കണ്ടുനില്‍ക്കാന്‍ കഴിയില്ല. സഹോദരാാ... നിങ്ങളും അയാളെപ്പോലെ ഈ ശപിക്കപ്പെട്ട സിഗരറ്റിന്റെ ബലിയാടാകണോ? നിങ്ങള്‍ക്കുമില്ലേ ഭാര്യയും മക്കളും. കേവലം ഈ സിഗരറ്റിന്‌ വേണ്ടി അവരെ അനാഥരും വഴിയാധാരവുമാക്കിയിട്ട്‌ നിങ്ങള്‍ക്കെന്ത്‌ കിട്ടാനാണ്‌. മാരകമായ രോഗങ്ങളും പ്രയാസങ്ങളുമല്ലാതെ മറ്റു യാതൊരു പ്രയോജനവും കിട്ടാത്ത കേവലം ഈ വൃത്തികെട്ട സാധനമാണോ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കുടുംബത്തേക്കാള്‍ വലുത്‌? ഹൃദയമില്ലേ നിങ്ങള്‍ക്കൊന്നും???
നിമിഷങ്ങള്‍... എല്ലാം നിശ്ശബ്ദമായി കേള്‍ക്കുകയായിരുന്നു അയാള്‍. കയ്യിലെ തീരാറായ സിഗരറ്റ്‌ കുറ്റിയില്‍ നിന്നും അവസാനത്തെ പഫും വലിച്ചൂതി അയാള്‍ അത്‌ ദൂരേക്ക്‌ വലിച്ചെറിഞ്ഞു. കൂടെ തന്റെ പോക്കറ്റില്‍ അവശേഷിക്കുന്ന സിഗരറ്റുകളടങ്ങിയ പാക്കെറ്റെടുത്ത്‌ അതും...
"സുഹൃത്തെ, ഇത്‌ വെറും ഭംഗിക്ക്‌ വേണ്ടി ചെയ്തതാവാതിരിക്കട്ടെ. മറിച്ച്‌ അത്‌ ആത്മാര്‍ത്ഥവും സത്യസന്ധവുമായാല്‍ നല്ലൊരു ജീവിതം പുഴുക്കുത്തേല്‍ക്കാതെ സംരക്ഷിക്കാം. ദൈവം നിങ്ങളെയതിന്‌ അനുഗ്രഹിക്കട്ടെ"
മറുപടിക്കൊന്നും കാത്തുനില്‍ക്കാതെ അയാള്‍ തന്റെ വാഹനം ലക്ഷ്യമാക്കി നടന്നു. അവള്‍ ആ ഡോക്ടറെതന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കണ്‍തടങ്ങളില്‍ ഉരുണ്ടുകൂടുന്ന അശ്രുകണങ്ങള്‍.. ഇതിനിടയില്‍ അവളുടെ ഭര്‍ത്താവ്‌ കാറിന്റെ ഡോര്‍ തുറന്ന് അകത്തു കയറി. തികട്ടി വന്ന ഗദ്ഗദത്തെ അവള്‍ക്ക്‌ തടഞ്ഞുനിര്‍ത്താനായില്ല. ഹോസ്പിറ്റല്‍ ബെഡ്ഡില്‍ മരിക്കാന്‍ കിടക്കുന്ന ആ രോഗിയുടെ ഭാര്യ താനാണെന്നവള്‍ക്ക്‌ തോന്നി.
കാറില്‍ കയറിയിരുന്ന അയാള്‍ക്ക്‌ ഏറെനേരം ഒന്നും ചെയ്യാനായില്ല. അയാള്‍ തന്റെ പ്രിയതമയെയും തന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന അരുമ സന്താനത്തെയും മാറിമാറി നോക്കി. ആ ഡോക്ടര്‍ എറിഞ്ഞിട്ടുപോയ ഒരു ചോദ്യം അയാള്‍ക്കുമുമ്പില്‍ വളര്‍ന്നു ഭീമാകാരം പൂണ്ട്‌ അയാളെ വലയം ചെയ്യാന്‍ തുടങ്ങി. "ഇവരേക്കാള്‍ വലുതാണോ എനിക്ക്‌ ആ വൃത്തികെട്ട സാധനം??? ഒരിക്കലുമല്ല." അയാള്‍ ഉറച്ച ചില തീരുമാനങ്ങളെടുത്തു. പിന്നെ ആ നല്ല ഡോക്ടര്‍ക്ക്‌ നന്ദി പറഞ്ഞും അയാളുടെ ആത്മാര്‍ത്ഥതയെ പുകഴ്ത്തിയും അയാള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും വണ്ടിയെടുത്തു.
പിന്നീടൊരിക്കലും ബദ്‌രിയക്ക്‌ തന്റെ ഭര്‍ത്താവ്‌ പുകവലിക്കുന്നത്‌ കാണേണ്ടി വന്നിട്ടില്ല. അന്നുമുതല്‍ അവള്‍ തന്റെ ഓരോ നമസ്കാരശേഷവും തന്റെ ഭര്‍ത്താവിനെ ആ വൃത്തികെട്ട ദുശ്ശീലത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നിമിത്തമായ ആ നല്ല മനുഷ്യനുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കാറില്ല.
ചില പാഠങ്ങള്‍ കൂടി അവള്‍ ആ സംഭവത്തില്‍ നിന്നും പഠിച്ചു. പ്രാര്‍ത്ഥനയുടെ മഹത്വവും ആത്മാര്‍ത്ഥമായി ക്ഷമാപൂര്‍വ്വം പ്രാര്‍ത്ഥിച്ചാല്‍ ഏത്‌ പ്രശ്നത്തിനും കാരുണ്യവാന്‍ പരിഹാരം നല്‍കുമെന്നും.
ബദ്‌രിയ മനസ്സിലാക്കിയ പാഠത്തോടൊപ്പം മറ്റുചില പാഠങ്ങളും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നില്ലെ.
ഇവിടെ ഈ ഡോക്ടര്‍ നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക എന്ന തന്നിലര്‍പ്പിതമായ ദൗത്യം നിര്‍വ്വഹിച്ചത്‌ കാര്‍പാര്‍ക്കിംഗില്‍ വെച്ചാണ്‌. ഇതുപോലെ ഏതൊരാളും ആത്മാര്‍ത്ഥമായി തന്റെ ദൗത്യം നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ എത്ര ചീത്ത കാര്യങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാകുമായിരുന്നു. വാക്കിലും പ്രവര്‍ത്തിയിലുമുള്ള ആത്മാര്‍ത്ഥതയുടെ സ്വാധീനവും നമുക്ക്‌ ഈ സംഭത്തില്‍ കാണാവുന്നതാണ്‌. ഇത്‌ ഇല്ലാത്തതാണ്‌ വര്‍ത്തമാന കാലത്തെ ഒരു ദുരന്തവും. ഡോക്ടറാവട്ടെ , എഞ്ചിനീയറാവട്ടെ, അദ്ധ്യാപകനാവട്ടെ എന്തിന്‌ സമൂഹത്തിലെ മത പ്രബോധന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ വരെ തങ്ങളുടെ സ്ഥാപനത്തിനോ അല്ലെങ്കില്‍ സംഘടനക്കോ വേണ്ടി ഒരു ജോലി എന്നതില്‍ കവിഞ്ഞ്‌ നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക എന്ന മതപരമായ ബാധ്യതയായോ സാമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയായോ ആത്മാര്‍ത്ഥമായി ഇത്തരം കാര്യങ്ങളില്‍ ഇടപെടുകയോ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയോ ചെയ്യാറില്ല. ഫലമോ സമൂഹത്തില്‍ നന്മകള്‍ കുറയുകയും തിന്മകള്‍ പെരുകുകയും ചെയ്യുന്നു.
പുകവലി, അതൊരു നല്ല ശീലമല്ല എന്ന് അത്‌ വലിക്കുന്നവര്‍ക്കുമറിയാം. അത്‌ ഉണ്ടാക്കി വില്‍ക്കുന്നവരാകട്ടെ അതു വലിച്ചാലുണ്ടാകാന്‍ പോകുന്ന മാരകമായ രോഗങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്യുന്നു. (അതുകൊണ്ട്‌ തന്നെ അത്‌ തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ മതഗ്രന്ഥങ്ങളില്‍ നിന്നും ദൈവീകവചനങ്ങളില്‍ നിന്നുമൊന്നും തെളിവുദ്ധരിക്കേണ്ടതില്ല.)
"നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തില്‍ കൊണ്ടുപോയി ഇടരുത്‌" എന്ന ഖുര്‍ആനികവചനത്തിന്റെയും "ഭക്ഷിക്കാനനുവദിച്ച ഉള്ളി തിന്ന് മറ്റുള്ളവര്‍ക്ക്‌ അതിന്റെ മണം മൂലം ശല്യമുണ്ടാക്കുന്ന നിലയില്‍ പള്ളിയില്‍ സംഘം ചേര്‍ന്നുള്ള നമസ്കാരത്തിന്‌ വരുന്നത്‌ വരെ വിലക്കിയ" ഒരു പ്രവാചന്റെയും മതത്തിന്റെയും അനുയായികള്‍ക്ക്‌ എങ്ങിനെ ഈ വൃത്തികെട്ട ദുശ്ശീലത്തിനുടമകളും അടിമകളുമാകാന്‍ സാധിക്കുന്നു എന്നതാണല്‍ഭുതം. മാത്രവുമല്ല തങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച്‌ നാളെ സ്രഷ്ടാവിന്റെ മുമ്പില്‍ കൃത്യമായ കണക്ക്‌ ബോധിപ്പിക്കേണ്ടി വരുമെന്ന് വിശ്വസിക്കുന്നവരുമാണല്ലോ ഇവര്‍.
ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നല്‍കി 'അത്‌' വാങ്ങി പുകച്ചു കളയുന്നവരോട്‌ വിനയത്തോടെ ചോദിക്കട്ടെ. മുകളില്‍ കണ്ട സംഭവത്തിലെ ഡോക്ടര്‍ ചോദിച്ച പോലെ
* ഇവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഇവരുടെ കുടുംബത്തേക്കാള്‍ വലുതാണോ ഇവര്‍ക്ക്‌ ഈ ദുശ്ശീലം?
** ഇതു വലിക്കുന്നവര്‍ എന്നെങ്കിലും ഓര്‍ക്കാറുണ്ടോ ഇതുമൂലം സഹിച്ചുകൊണ്ട്‌ കൂടെ കഴിയുന്ന തന്റെ സഹധര്‍മ്മിണിയുടെ പ്രയാസത്തെക്കുറിച്ച്‌...
*** അവര്‍ക്ക്‌ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അവര്‍ സമ്മാനിക്കാനിരിക്കുന്ന മാരകമായ രോഗത്തെക്കുറിച്ച്‌?
**** ഈ അന്തരീക്ഷം മലീമസമാക്കുന്നതില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച്‌?
***** ഇതിലൊക്കെയുപരി സ്രഷ്ടാവായ നാഥനോട്‌ ഇതിനെക്കുറിച്ചൊക്കെ കൃത്യമായി കണക്കു പറയേണ്ടി വരുമെന്നതിനെക്കുറിച്ച്‌...

സഹോദരാ... നിങ്ങളൊരു പുകവലിക്കാരനാണെങ്കില്‍ ഇതൊക്കെ വായിച്ചിട്ടും നിങ്ങള്‍ക്കതില്‍ നിന്നും മോചനം നേടണമെന്ന് തോന്നി അതിനുള്ള ശ്രമം നിങ്ങള്‍ നടത്തുന്നില്ലെങ്കില്‍... ഓര്‍ക്കുക: താങ്കള്‍ ഇപ്പോള്‍ വലിച്ച്‌ ഊതി വിടുന്ന പുകച്ചുരുളുകള്‍ക്കിടയില്‍ നിന്ന് കിട്ടുന്നുണ്ടെന്ന് ധരിക്കുന്ന ആസ്വാദനത്തിനു പിന്നില്‍ നിങ്ങളെ തേടി വരാനിരിക്കുന്നതും വേദന തിന്നേണ്ടി വരുന്ന നാളുകളല്ലെന്നാരുകണ്ടു.
ദൈവം നല്‍കിയ ബുദ്ധി ഉപയോഗിക്കാതെ അവന്‍ നല്‍കിയ അനുഗ്രഹമാകുന്ന സമ്പത്തുപയോഗിച്ച്‌ ഇത്തരം ദുശ്ശീലങ്ങളാല്‍ രോഗം വിലക്ക്‌ വാങ്ങുന്ന ഈ "കണ്ടറിയാത്തവര്‍ പിന്നെ, കൊണ്ടറിയട്ടെ'' എന്നുവെക്കാം. പക്ഷെ, അത്തരമാളുകള്‍ മൂലം അനാഥരും വഴിയാധാരവുമായി പ്രയാസപ്പെടേണ്ടി വരുന്ന കുടുംബങ്ങളുടെ കാര്യമോര്‍ക്കുമ്പോഴാണ്‌....

Monday, 14 July 2008

മതത്തെ വികലമാക്കുന്നവര്‍

''മഹോന്നത മൂല്യങ്ങളുള്‍ക്കൊള്ളുന്ന മതത്തിന്റെ വാക്താക്കളായി ചമയുകയും എന്നാല്‍ ആ മതത്തിന്റെ മ്യൂല്യങ്ങളൊന്നും തന്നെ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്താതിരിക്കുകയും ചെയ്യുന്നവരല്ലെ യഥാര്‍ത്ഥത്തില്‍ മതത്തെ വികലമാക്കുന്നവര്‍.''