നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Tuesday 19 August 2008

എന്തിനാണ് അവള്‍ ചിരിച്ചത് ?

പി ഡി എഫ്‌ ഫോര്‍മാറ്റില്‍ ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്കുക.

അന്നും പതിവുപോലെ ഭരണാധികാരിയുടെ മുറി വൃത്തിയാക്കുകയായിരുന്നു അവള്‍. പട്ടുമെത്തക്കു മീതെ വിരിച്ച പഴയ വിരിപ്പുകള്‍ മാറ്റിയിടുന്നതിനിടയില്‍ മെത്തയിലുരസിയ വിരലുകള്‍...

"ഹാ! എന്തൊരു മാര്‍ദ്ദവത്വം. എന്തൊരു സുഖമായിരിക്കും അതില്‍ കിടന്നുറങ്ങാന്‍..."

ഈ അടുത്ത്‌ വാങ്ങിയ പുതിയ മെത്തയാണ്‌. പഴയത്‌ കേടുവന്നിട്ടോ പഴകിയിട്ടോ ഒന്നുമല്ല ഇത്‌ വാങ്ങിയിട്ടുള്ളത്‌. പുതിയ പുതിയ രീതിയിലുള്ളത്‌ കാണുമ്പോള്‍ അങ്ങിനെ വാങ്ങുക തന്നെ. അല്ലെങ്കിലും ഈയിടെ കൊട്ടാരത്തിലുണ്ടാകുന്ന ധൂര്‍ത്ത്‌ അതിരു കടക്കുന്നുണ്ട്‌. ജനങ്ങള്‍ക്കിടയില്‍ അതൊരു സംസാരവിഷയവുമാണ്‌. മുമ്പുള്ളവരൊക്കെ എത്ര ലളിത ജീവിതം നയിച്ചവരായിരുന്നു. ഓരോന്നോര്‍ത്ത്‌ അവള്‍ പഴയ വിരിപ്പ്‌ മാറ്റി പുതിയതൊരെണ്ണം വിരിച്ചു. 'ഹാ! എത്ര മനോഹരം!' അവള്‍ക്ക്‌ അതിലൊന്ന് ഇരിക്കണമെന്ന് തോന്നി. അങ്ങനെ രണ്ടും കല്‍പിച്ച്‌ അവളതിലിരുന്നു. ഇരുന്നപ്പോള്‍ അതിന്റെ സുഖത്തില്‍ അവള്‍ക്കതിലൊന്ന് കിടക്കാനൊരു മോഹം. പാവം. അതുവരെയുള്ള ജോലി നല്‍കിയ ക്ഷീണവും പരുക്കന്‍ പായയില്‍ കിടന്നു പരിചയമുള്ള അവള്‍ക്ക്‌ ആ പട്ടുമെത്തയുടെ മൃദുലത നല്‍കിയ സുഖവും അറിയാതെ അവളെ ചെറിയൊരു മയക്കത്തിലേക്ക്‌ തള്ളിയിട്ടു. അതാ വരുന്നു ഭരണാധികാരി. പോരേ പൂരം. "എന്ത്‌? കൊട്ടാരത്തിലെ തൂപ്പുകാരി രാജാവിന്റെ പട്ടുമെത്തയില്‍ കയറിക്കിടക്കുകയോ??" അയാള്‍ കോപം കൊണ്ട്‌ വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു. അവള്‍ ഞെട്ടിയെഴുന്നേറ്റു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്‍ക്കുന്ന ഭരണാധികാരിയെക്കണ്ട്‌ അവള്‍ ഭയന്ന് വിറച്ചു. "അത്രക്കായോ? അടിച്ചുതളിക്കാരിക്ക്‌ കേറിക്കിടക്കാനുള്ളതാണോ നാട്‌ വാഴുന്ന ഭരണാധികാരിയുടെ പട്ടുമെത്ത??" ചാട്ട വായുവില്‍ ഉയര്‍ന്നു താണു. വേദനകൊണ്ട്‌ അവള്‍ പുളഞ്ഞു. അവള്‍ കെഞ്ചി. ഇനിയും തന്നെ അടിക്കരുതെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടും വായുവില്‍ ഉയര്‍ന്നു താണുകൊണ്ടിരുന്നു.പെട്ടെന്ന് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ. ഇതുവരെ വേദന കൊണ്ട്‌ പുളഞ്ഞ അവള്‍ പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍..??? അയാള്‍ അടി നിര്‍ത്തി. ജ്വലിക്കുന്ന കോപത്തിനിടയിലും അവളുടെ ചിരിയുടെ പൊരുളറിയാന്‍ ജിജ്ഞാസയായി.

"പറയൂ.. എന്തിനാണ്‌ നീ ചിരിച്ചത്‌?" ഭരണാധികാരി ചോദിച്ചു.

"അത്‌.. അത്‌..." അവള്‍ പൂര്‍ത്തിയാക്കാന്‍ മടിച്ചു നിന്നു. "പറയൂ.. എന്താണെങ്കിലും പറയൂ."

അയാള്‍ അവളെ നിര്‍ബന്ധിച്ചു.അവള്‍ പറഞ്ഞുതുടങ്ങി.

"അത്‌.. ഇത്തിരി നേരം ഈ പട്ടുമെത്തയില്‍ കിടന്ന് സുഖമാസ്വദിച്ചതിന്‌ എനിക്ക്‌ ലഭിച്ച ശിക്ഷ ഇതാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇത്തരം പട്ടുമെത്തകളില്‍ കിടന്ന് സുഖമനുഭവിക്കുന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക്‌ ലഭിക്കുവാനിരിക്കുന്ന ശിക്ഷയെക്കുറിച്ചോര്‍ത്ത്‌ ചിരിച്ചുപോയതാണ്‌." ഇപ്പോള്‍ കരഞ്ഞത്‌ ഭരണാധികാരിയായിരുന്നു. കാരണം കുറച്ചുമുമ്പ്‌ അദ്ദേഹത്തിന്റെ കൈയ്യിലെ ചമ്മട്ടി അവളിലേല്‍പിച്ച പ്രഹരത്തേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു അവളില്‍ നിന്നുമുതിര്‍ന്ന ആ വാക്ശരങ്ങള്‍ക്ക്‌.... ഭരണാധികാരി നിന്ന് വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ക്ക്‌ ബോധോദയമുണ്ടായി. തന്റെ തെറ്റില്‍ മനസ്ഥാപവും. വഴി മാറിയാണ്‌ സഞ്ചാരമെന്നദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ മുറി മാത്രമല്ല മനസ്സും അടിച്ചുവൃത്തിയാക്കിയ ആ തൂപ്പുകാരി പെണ്ണിനോട്‌ അയാള്‍ മാപ്പുപറഞ്ഞു.മനുഷ്യന്‍, സുഖസൗകര്യങ്ങള്‍ വന്നണയുമ്പോള്‍ പലതും മറക്കാറുണ്ട്‌. നിലയും വിലയുമൊക്കെ വിട്ട്‌ പലതും ചെയ്യാറുമുണ്ട്‌. അതിലൊന്നാണ്‌ ജീവിത സൗകര്യങ്ങളില്‍ വിശാലതയും സുഭിക്ഷതയുമൊക്കെ കൈവരുമ്പോള്‍ അതു നല്‍കിയ സ്രഷ്ടാവിനെ മറന്നുകൊണ്ട്‌ ധൂര്‍ത്തിലും പൊങ്ങച്ചത്തിലും മുഴുകി ആര്‍ഭാടജീവിതം നയിച്ച്‌ ദൈവകോപത്തിനിരയാക്കുന്ന പ്രവര്‍ത്തികളില്‍ മുഴുകുക എന്നത്‌. പിശാചിന്റെ സഹോദരങ്ങളാകാന്‍ നല്ല ഒന്നാം തരം യോഗ്യതയായ പൊങ്ങച്ചവും ധൂര്‍ത്തും പക്ഷെ, പലരും അത്ര ഗൗരവുമുള്ള ഒരു സംഗതിയായി കാണാറില്ല എന്നതാണ്‌ സത്യം. മുകളില്‍ കണ്ട കഥയിലെ ഭരണാധികാരിയെപ്പോലെ തന്നെയാണ്‌ ഇക്കാര്യത്തില്‍ നമ്മില്‍ പലരും. മനസ്സ്‌ വൃത്തിയാക്കുന്ന ഒരു തൂപ്പുകാരിയുടെ അഭാവത്തില്‍ നാമത്‌ തിരിച്ചറിയാതെ പോവുന്നു എന്ന് മാത്രം. ഇനി ഉണ്ടായാല്‍ തന്നെ തന്നിലേക്കൊന്ന് തിരിഞ്ഞ്‌ നോക്കി അത്‌ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞ്‌ അതവിടെ നിന്ന് ഒഴിവാക്കാനുള്ള ഒരു മനസ്സും സന്നദ്ധതയും നമുക്കുണ്ടാകുമോ? മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ തൂപ്പുകാരി പെണ്ണിന്റെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്‌. ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ അനുഭവിക്കുന്നതും അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി നല്‍കുന്ന അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമൊന്നും ഒരു തെറ്റായ കാര്യമല്ല. പക്ഷെ, എന്ത്‌ വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നതിനോട്‌ സത്യമതം യോജിക്കുന്നില്ല.തനിക്കനുവദിക്കപ്പെട്ടതു മാത്രമേ ഒരു ദൈവവിശ്വാസിക്ക്‌ അനുഭവിക്കാന്‍ പാടുള്ളൂ. അനുവദിക്കപ്പെട്ടതു തന്നെയും അനുഭവിക്കുന്നതിനെ സംബന്ധിച്ച്‌ അവന്‍ ചോദ്യം ചെയ്യപ്പെടുമെന്നു് ഉറച്ചു വിശ്വസിക്കേണ്ടവനാണ്‌ ഒരു യഥാര്‍ത്ഥ ദൈവവിശ്വാസി. പക്ഷെ, പലപ്പോഴും ഈയൊരു യാഥാര്‍ത്ഥ്യം വിശ്വാസികള്‍ എന്നവകാശപ്പെടുന്നവര്‍ തന്നെ പാടേ വിസ്മരിക്കുന്നതായാണ്‌ അനുഭവങ്ങള്‍. എങ്ങിനെയെങ്കിലും അടിച്ചുപൊളിച്ചു ജീവിക്കുക എന്നതായി മാറിയിരിക്കുന്നു ഇന്ന് മറ്റുള്ളവരെപ്പോലെ വിശ്വാസികളെന്നവകാശപ്പെടുന്നവരുടെയും ജീവിത രീതി. അതുകൊണ്ട്‌ തന്നെ നേരും നെറിയുമൊന്നും അതിനിടയില്‍ വിഷയമേ അല്ല. മനുഷ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മറന്നുകൊണ്ടുള്ള ഈ വികലമായുള്ള കാഴ്ചപ്പാടുകളാണ്‌ ഇന്ന് സമൂഹത്തില്‍ അരങ്ങുതകര്‍ക്കുന്ന സകലവിധ അധാര്‍മ്മികതകളുടെയും മൂല കാരണം. വ്യക്തമായ ലക്ഷ്യത്തോടെ മാന്യനായ മനുഷ്യനായി ജീവിക്കുന്നതിനുപകരം എങ്ങിനെയെങ്കിലുമൊക്കെ ജീവിക്കുക ജീവിച്ചു തീര്‍ക്കുക എന്നാവുമ്പോള്‍ അവിടെ പല ധാര്‍മ്മിക മൂല്യങ്ങളും തകര്‍ന്നു വീഴാതിരിക്കില്ല. താനാരാണെന്നും താനെന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നും തന്റെ ജീവിതലക്ഷ്യം എന്താണെന്നും മനസ്സിലാക്കാതെ സമൂഹത്തില്‍ തന്റെ സ്റ്റാറ്റസ്‌ കീപ്പ്‌ ചെയ്യാനും പൊങ്ങച്ചത്തിനും കാലികളെപ്പോലെ വെറും തിന്നാനും കുടിക്കാനും രമിക്കാനും അടിച്ചുപൊളിക്കാനുമൊക്കെ മാത്രമായി ജീവിതം മാറുമ്പോള്‍ അവിടെ നേരുകള്‍ക്കും നെറികള്‍ക്കും പ്രസക്തിയില്ലാതാവുന്നു. "ഇന്നത്തെക്കാലത്ത്‌ അതൊക്കെ നോക്കാന്‍ നിന്നാല്‍ .." "ജീവിച്ചു പോകേണ്ടേ.." "ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം നോക്കി തിന്നേണ്ടേ..." എന്നൊക്കെ പറഞ്ഞാണ്‌ പലരും മതപരമായി തെറ്റാണെന്ന് സ്വയം ബോധ്യമുള്ള കാര്യങ്ങളെ നിസ്സാരവല്‍ക്കരിച്ച്‌ ന്യായീകരിക്കാറ്‌. ഇവിടെയാണ്‌ യഥാര്‍ത്ഥ ദൈവത്തിലും മരാണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസി മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാകുന്നത്‌. അവനെ സംബന്ധിച്ചിടത്തോളം ചേരയുടെ നടുക്കഷ്ണത്തിന്‌ വേണ്ടി കൈനീട്ടും മുമ്പ്‌ ചേര തനിക്ക്‌ തിന്നാന്‍ അനുവദിക്കപ്പെട്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്‌. കാലഘട്ടത്തിനും അവസരത്തിനുമനുസരിച്ച്‌ തന്റെ ആദര്‍ശവും മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും മാറ്റുന്നവനല്ല ഒരു വിശ്വാസി. ജീവിച്ചു പോകേണ്ടേ എന്ന ചിന്തയേക്കാള്‍ മരിച്ചുപോവണമല്ലോ എന്നതാണവന്റെ മുമ്പിലെ വിഷയം. അതുകൊണ്ട്‌ തന്നെ "അഘോഷിക്കൂ ഓരോ നിമിഷവും" എന്നതുപോലുള്ള വര്‍ത്തമാനകാല സന്ദേശങ്ങള്‍ അവനുള്‍ക്കാനാവില്ല. അതെ അവനുമുമ്പില്‍ മരണാനന്തര ജീവിതമെന്ന യാഥാര്‍ത്ഥ്യം പലപരിമിതികളും നിശ്ചയിക്കുന്നു. താന്‍ ചെയ്യുന്ന തെറ്റുകളും പാപങ്ങളും മാത്രമല്ല താനനുഭവിക്കുന്ന സുഖാനുഗ്രഹങ്ങള്‍ വരെ അവിടെ ചോദ്യം ചെയ്യപ്പെടുമെന്ന വിശ്വാസമാണ്‌ അവനെ നയിക്കുന്നത്‌.

ഒരിക്കല്‍ നബി തിരുമേനിയും അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരും വളരെ വിശന്നു വലഞ്ഞ ഒരവസരത്തില്‍ ഒരു അന്‍സാരി അവരെ സല്‍ക്കരിക്കുകയുണ്ടായി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ തിരുമേനി ഇങ്ങിനെ പറഞ്ഞു: "തീര്‍ച്ചയായും ഖിയാമത്തുനാളില്‍ ഇതിനെക്കുറിച്ച്‌ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്‍ നിന്ന് വിശപ്പാണ്‌ നിങ്ങളെ പുറത്താക്കിയത്‌. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ ഇത്‌ (സല്‍ക്കാരം) ലഭിക്കാതെ മടങ്ങേണ്ടി വന്നില്ല.ഇത്‌ അല്ലാഹു നല്‍കിയ സുഖാനുഗ്രഹമാകുന്നു. (മുസ്‌ലിം)വിശ്വാസികള്‍ വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട ഒരു സംഗതിയിലേക്ക്‌ മുകളിലെ സംഭവം വിരല്‍ ചൂണ്ടുന്നു. കത്തിജ്വലിക്കുന്ന നരകം കണ്‍മുമ്പില്‍ ഹാജരാക്കപ്പെട്ട്‌ ഇഹത്തില്‍ വെച്ച്‌ മനുഷ്യന്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാസുഖ സൗകര്യങ്ങളെക്കുറിച്ചും അതെങ്ങിനെ കിട്ടി എന്തില്‍ വിനിയോഗിച്ചു എന്നൊക്കെ മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറയുന്നു.

"തീര്‍ച്ചയായും, കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. (ഇസ്രാഅ്:36)

പ്രവാചകന്‍ പറഞ്ഞു: അഞ്ചുകാര്യങ്ങളെക്കുറിച്ച്‌ ചോദ്യം ചെയ്യപ്പെടാതെ ഖിയാമത്ത്‌ നാളില്‍ ആദമിന്റെ പുത്രന്റെ കാല്‍ പാദങ്ങള്‍ വിചാരണ സ്ഥലം വിട്ടുനീങ്ങുകയില്ല. അവന്റെ ആയുഷ്കാലത്തെപ്പറ്റി. അത്‌ എങ്ങിനെ വിനിയോഗിച്ച്‌ തീര്‍ത്തുവെന്നും, അവന്റെ യുവത്വത്തെപ്പറ്റി അത്‌ എന്തില്‍ നശിപ്പിച്ചുവെന്നും അവന്റെ ധനത്തെപ്പറ്റി അത്‌ എവിടെനിന്ന് സമ്പാദിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും അവന്‌ അറിയാവുന്ന കാര്യത്തില്‍ അവന്‍ എന്ത്‌ പ്രവര്‍ത്തിച്ചുവെന്നും. (തിര്‍മുദി)

അല്ലാഹുവിനെ ഭയപ്പെടുന്ന മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ഏതൊരാളെയും ആഴത്തില്‍ ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്‌ മുകളിലെ സംഭവവും അല്ലാഹുവിന്റേയും അവന്റെ പ്രവാചകന്റേയും വചനങ്ങളും.വിശപ്പിന്റെ കാഠിന്യത്താല്‍ ഇരിക്കപ്പൊറുതിയില്ലാതെ വീട്‌ വിട്ടിറങ്ങിയ പ്രവാചകന്‍ വഴിക്കു വെച്ച്‌ അതേ പ്രശ്നത്താല്‍ പുറത്തിറങ്ങിയ തന്റെ സഖാക്കളെ കണ്ട്‌ മുട്ടുകയും അവരെകൂട്ടി ഒരു അന്‍സാരിയുടെ വീട്ടില്‍ ചെന്ന് അവിടെ വെച്ച്‌ വയറ്‌ നിറച്ചൊന്ന് ഭക്ഷണം കഴിച്ചതിനെ സംബന്ധിച്ച്‌ പോലും നാളെ അല്ലാഹുവിന്റെ മുമ്പില്‍ സമാധാനം പറയേണ്ടി വരുമെങ്കില്‍ ജീവിതത്തില്‍ അല്ലാഹു നമുക്ക്‌ നല്‍കിയ എത്ര എത്ര അനുഗ്രഹങ്ങള്‍ക്ക്‌ നാം കണക്ക്‌ പറയേണ്ടിവരും???

വിശപ്പും പട്ടിണിയും മാറി ഒരു നേരമെങ്കിലും വയറുനിറച്ചാഹാരം കഴിച്ച ദിവസങ്ങള്‍ നമ്മുടെ പൂര്‍വ്വീകര്‍ക്ക്‌ അത്യപൂര്‍വ്വമായിരുന്നെങ്കില്‍ ഇന്നത്തെ തലമുറക്ക്‌ ഓരോ വൈകുനേരവും എന്താണ്‌ കഴിക്കേണ്ടതെന്നും ഏവിടെനിന്നാണ്‌ കഴിക്കേണ്ടതെന്നും അറിയാത്തതിലാണ്‌ വിഷമം. ലോകത്തിന്റെ പലഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിന്‌ വേണ്ടി മനുഷ്യന്‍ കേഴുമ്പോള്‍ ആര്‍ഭാട കല്യാണങ്ങള്‍ക്കും മാമൂല്‍ സദ്യകള്‍ക്കുമൊക്കെയായി ഭക്ഷ്യ വിഭവങ്ങളൊരുക്കി നാം എത്രയാണ്‌ ധൂര്‍ത്തടിക്കുന്നത്‌. ഒരാഴ്ചയില്‍ ഏഴു ദിവസങ്ങളില്‍ ധരിക്കാനായി 14 ഉം 21 കൂട്ടം വസ്ത്രങ്ങളുള്ളവരും പുതിയ മോഡലുകള്‍ കാണുമ്പോള്‍ വീണ്ടും വീണ്ടും പുതിയത്‌ വാങ്ങി അലമാര നിറക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ എത്രയോ പേര്‍. മൊബൈല്‍ ഇല്ലാത്തവര്‍ ഇന്ന് ചുരുക്കം. ഒരു അത്യാവശ്യം എന്നതിലുപരി മറ്റുപലതിനുമല്ലേ ഇന്നു പലരും അത്‌ വാങ്ങുന്നത്‌? കുറഞ്ഞ വേതനത്തിന്‌ ജോലി ചെയ്യുന്നവര്‍ വരെ ആവശ്യമില്ലെങ്കിലും ബ്ലൂടൂത്തും ഡബിള്‍ ക്യാമറയും മറ്റ്‌ ആധുനിക സൗകര്യങ്ങളുമുള്ള ഒരു മോബൈല്‍ ഫോണ്‍ വാങ്ങുന്നതും ലാപ്ടൊപ്പ്‌ വാങ്ങുന്നതുമൊക്കെ ജീവിതത്തിലെ ഒരു ലക്ഷ്യമായി കാണുന്നത്‌ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. അതുപോലെ തന്നെയാണ്‌ വാഹനത്തിന്റെ കാര്യത്തിലായാലും വീടുവെക്കുന്ന കാര്യത്തിലായാലുമൊക്കെ. അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാതെ തന്റെ സാധ്യതയെക്കുറിച്ചും അസാധ്യതയെക്കുറിച്ചും ബോധമില്ലാതെ സമൂഹത്തില്‍ തങ്ങളുടെ ചുറ്റുപാടുകളോട്‌ മല്‍സരിക്കാനും പെരുമകാണിക്കാനുമൊക്കെയാണ്‌ ഇന്ന് പലരും തങ്ങളുടെ വിലപ്പെട്ട ജീവിതം ഉഴിഞ്ഞുവെക്കുന്നത്‌. പക്ഷെ, അതെല്ലാം ഏതുവരെ???

സ്രഷ്ടാവായ അല്ലാഹു തന്നെ പറഞ്ഞതുപോലെ: "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും. നിസ്സംശയം, നിങ്ങള്‍ പിന്നീട്‌ അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും. നിസ്സംശയം നിങ്ങള്‍ ദൃഢമായ അറിവ്‌ അറിയുമായിരുന്നെങ്കില്‍. ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. പിന്നീട്‌ ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. (വി. ഖുര്‍ആന്‍)

അതെ, ജീവിതലക്ഷ്യത്തെക്കുറിച്ച്‌ ബോധമില്ലാതെ, സ്വന്തത്തിനുവേണ്ടി ജീവിക്കാന്‍ മറന്ന് പെരുമകാണിക്കാനും മറ്റുള്ളവരോട്‌ മല്‍സരിക്കാനുമൊക്കെയായി ജീവിതം ഉഴിഞ്ഞുവെച്ച്‌, ലഭിക്കപ്പെടുന്ന അനുഗ്രങ്ങള്‍ക്ക്‌ സ്രഷ്ടാവിനോട്‌ നന്ദികാണിക്കാതെ അവനെ മറന്ന് തിന്നും കുടിച്ചും ആടിയും പാടിയും രസിച്ചും മദിച്ചുമൊക്കെ കാലം എത്ര കഴിച്ചുകൂട്ടിയാലും ഒരു നാള്‍ ശവകുടീരത്തില്‍ തനിക്കായി തയ്യാറാക്കപ്പെട്ട്‌ കുഴിമാടം സന്ദര്‍ശിക്കാതിരിക്കാനാവില്ലല്ലോ. ചിരിയുടേയും കളിയുടേയും ആരവങ്ങള്‍ക്കിടയില്‍ ആര്‍ക്കറിയാം അടക്കം ചെയ്യുന്ന ആറടി മണ്ണിനുതാഴെ കാത്തിരിക്കുന്നത്‌ നരകക്കുഴിയല്ലെന്ന്...

Wednesday 13 August 2008

കണ്ടറിയാത്തവര്‍ പിന്നെ,.....

ര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ബദ്‌രിയ അയാളെ വിവാഹം കഴിക്കുന്നത്‌. സുന്ദരന്‍, സംസ്കാര സമ്പന്നന്‍, സ്നേഹമുള്ളവന്‍, കൃത്യമായി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നവന്‍. ഏതൊരു നല്ല പെണ്‍കുട്ടിയും ഇതൊക്കെ തന്നെയല്ലേ തന്റെ ഭര്‍ത്താവായി കിട്ടുന്നവന്‌ ആഗ്രഹിക്കുക. ഇങ്ങിനെയുള്ള ഒരാളെ കിട്ടാന്‍ തന്നെയായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നതും പ്രാര്‍ത്ഥിച്ചിരുന്നതും. എന്നിട്ടും ബദ്‌രിയ ദു:ഖിതയായിരുന്നു.
എന്തിന്‌?
ഇതില്‍ പരം എന്ത്‌ സ്വഭാവഗുണങ്ങളാണ്‌ ഒരു യുവാവിന്‌ വേണ്ടത്‌??
അതുതന്നെയാണ്‌ ബദ്‌രിയയെ വിഷമിപ്പിച്ചതും. ഒരു പക്ഷെ, പുറത്തറിഞ്ഞാല്‍ നിസ്സാരമെന്നും ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ എന്നുമാവും ആളുകള്‍ പറയുക. പക്ഷെ, അവളെ സംബന്ധിച്ചിടത്തോളം ആ അവസ്ഥ നരകതുല്യമായിരുന്നു. വിവാഹാലോചനാസമയം അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും അവള്‍ ആ വിവാഹത്തിന്‌ സമ്മതിക്കുമായിരുന്നില്ല. അയാളുടെ വസ്ത്രത്തില്‍ നിന്നുയരുന്ന 'അതിന്റെ' ഗന്ധം പോലും അവള്‍ക്ക്‌ അസഹനീയമായിരുന്നു. പിന്നെ എങ്ങിനെയാണ്‌ അയാളുടെ വായില്‍ നിന്നുയരുന്ന അതിന്റെ പഴകി, കെട്ട ദുര്‍ഗന്ധം അവള്‍ക്ക്‌ സഹിക്കാനാവുക.
ഓ.. അതോര്‍ക്കുമ്പോള്‍ തന്നെ...
പല തരത്തിലുമവള്‍ ശ്രമിച്ചു. ആ ദുശ്ശീലത്തില്‍ നിന്നും അയാളെ മാറ്റിയെടുക്കാന്‍. അദ്ദേഹം തന്നെ അവള്‍ക്ക്‌ പല തവണ വാക്ക്‌ കൊടുത്തതാണ്‌. അടുത്ത്‌ തന്നെ അതില്‍ നിന്ന് ഒഴിവാകുമെന്ന്. പക്ഷെ, വീട്ടിലും വാഹനത്തിലും പൊതുസ്ഥലത്തുവെച്ചുമൊക്കെ അയാള്‍ അതു തുടര്‍ന്നുകൊണ്ടിരുന്നു. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ വേര്‍പിരിയുന്നതിനെക്കുറിച്ചുപോലും അവള്‍ ചിന്തിച്ചു. അവിടെയും ഒരു 'പക്ഷെ' കടന്നുവന്ന് അവള്‍ക്കുമുമ്പില്‍ ഒരു ചോദ്യചിഹ്നമായി. തന്നെ അങ്ങേയറ്റം സ്നേഹിക്കുന്ന അദ്ദേഹത്തോട്‌ അതെങ്ങിനെ അറിയിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ അവള്‍ മറ്റൊരു സത്യം മനസ്സിലാക്കുന്നത്‌.
മാസങ്ങള്‍ക്ക്‌ ശേഷം സുന്ദരനായ ഒരു കുഞ്ഞിനവള്‍ ജന്മം നല്‍കി. ദിവസങ്ങള്‍ ആഴ്ചകളെയും അഴ്ചകള്‍ മാസങ്ങളെയും പെറ്റുപെരുകിക്കൊണ്ടിരുന്നു. ആ കുഞ്ഞിന്റെ ഓമനത്വത്തില്‍ അവള്‍ തന്റെ ദു:ഖം മറക്കാന്‍ ശ്രമിച്ചു.
ഒരു ദിവസം കുഞ്ഞിന്‌ കലശലായ ചുമയും ശ്വാസതടസവും. ഉടന്‍ ഡോക്ടറെ കാണിച്ചു. 'പിതാവിന്റെ പുകവലിയാണ്‌ കുട്ടിയുടെ രോഗത്തിനു ഹേതു' വെന്ന് ഡോക്ടര്‍ വിധിയെഴുതി. ആ കുരുന്നിടത്തുവെച്ചുപോലും അയാള്‍ ചിലപ്പോഴൊക്കെ പുകവലിക്കാറുണ്ടായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ അവളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്‌.
അന്നുരാത്രി, കുഞ്ഞിന്റെ ചുമകേട്ട്‌ അവള്‍ ഞട്ടിയുണര്‍ന്നു. നിര്‍ത്താതെയുള്ള ആ കൊച്ചുകുഞ്ഞിന്റെ ചുമയും ശ്വസിക്കാനുള്ള പ്രയാസവും കണ്ട്‌ അവളുടെ ഹൃദയം പിടഞ്ഞു. തന്റെ അവസ്ഥയോര്‍ത്തവള്‍ തേങ്ങിക്കരഞ്ഞു. ഇനിയും ഇത്‌ തുടര്‍ന്നുകൂടാ. നേരം വെളുക്കട്ടെ. അവള്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകളൊക്കെ നടത്തി...
പെട്ടെന്ന് അവളുടെ മനസ്സിലാരോ മന്ത്രിച്ചു. 'എന്തുകൊണ്ട്‌ നിനക്ക്‌ നിന്റെ സങ്കടങ്ങള്‍ തേടിയാല്‍ കിട്ടുന്ന പരമ കാരുണ്യവാന്റെ സന്നിധിയിലൊന്ന് അവതരിപ്പിച്ചുകൂടാ. അവിടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ടോ?' ശരിയാണ്‌ എന്തുകൊണ്ടാണ്‌ തനിക്കിത്രയും കാലം ഇത്‌ തോന്നാതിരുന്നത്‌.തന്റെ ശ്രമങ്ങള്‍ക്കൊക്കെ മുന്‍പെ ആദ്യം വേണ്ടിയിരുന്നതും അതായിരുന്നു. പക്ഷെ, അങ്ങിനെയൊരു കാര്യത്തെക്കുറിച്ച്‌ താന്‍ വിസ്മരിച്ചുപോയി. കുഞ്ഞിനല്‍പ്പം ആശ്വാസം വന്നപ്പോള്‍ അവള്‍ പോയി അംഗശുദ്ധി വരുത്തി. പിന്നെ ഏറെനേരം നാഥനുമുന്നില്‍.... ഇരുകരങ്ങളുമുയര്‍ത്തി തേടിയാല്‍ കിട്ടുന്ന കാരുണ്യവാന്റെ സന്നിധിയില്‍ സങ്കടങ്ങള്‍ ഓരോന്നായി... തുടര്‍ന്നുള്ള രാത്രികളിലും അവള്‍ പ്രാര്‍ത്ഥനക്ക്‌ ഏറ്റവും ഉത്തരം കിട്ടുന്ന രാത്രിയുടെ അവസാന യാമത്തില്‍ എഴുന്നേറ്റു. ഒരിക്കലും ഉറങ്ങാത്ത മയങ്ങാത്ത ആ ശക്തിക്കുമുമ്പില്‍ തന്റെ സങ്കടങ്ങള്‍ സമര്‍പ്പിച്ചു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരാശ്വാസം... അവളുടെ മനസ്സ്‌ മന്ത്രിച്ചു. അവന്‍ തന്റെ സങ്കടങ്ങള്‍കാണാതിരിക്കില്ല. തന്റെ പ്രാര്‍ത്ഥനകള്‍ക്കവന്‍ ഉത്തരം നല്‍കാതിരിക്കില്ല. അവള്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു.
രു വൈകുനേരം.
ബന്ധുവായ ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി മടങ്ങുകയായിരുന്നു അവര്‍. ഹോസ്പിറ്റലിന്റെ വിശാലമായ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്നടുത്തേക്ക്‌ നടക്കുന്നതിനിടയില്‍ അയാള്‍ ഒരു സിഗരറ്റിനു തിരികൊളുത്തി ആര്‍ത്തിയോടെ വലിക്കാന്‍ തുടങ്ങി. കാറിനടുത്തെത്തിയപ്പോള്‍ അവള്‍ ഡോര്‍ തുറന്ന് ഉടനെ അതിനകത്ത്‌ കയറി. ഹോസ്പിറ്റലില്‍ വെച്ച്‌ ഏറെനേരം വലിക്കാന്‍ കഴിയാതിരുന്നതിന്റെ പലിശയടക്കം വലിച്ചൂതുന്ന തന്റെ ഭര്‍ത്താവിനെ ദയനീയമായി നോക്കി നെടുവീര്‍പ്പുകളുതിര്‍ത്തു. അവളുടെ മനം തേങ്ങി. ഇരു കരവുമുയര്‍ത്തി അവള്‍ മന്ത്രിച്ചു. "സര്‍വ്വ ശക്തനായ രക്ഷിതാവേ....."
പാര്‍ക്കിങ്ങില്‍ കുറച്ചപ്പുറത്തായി തന്റെ കാറന്വേഷിക്കുകയായിരുന്ന ഒരു ഡോക്ടര്‍ തിരക്കിട്ട്‌ സിഗരറ്റ്‌ വലിച്ചുകൊണ്ടിരിക്കുന്ന തന്റെ ഭര്‍ത്താവിനടുത്തേക്ക്‌ നടന്നുവരുന്നതവള്‍ കണ്ടു. ഒരു പക്ഷെ, അയാളും ഒരു സിഗരറ്റിനോ അല്ലെങ്കില്‍ കയ്യിലുള്ള സിഗരറ്റിനു തിരികൊളുത്താനോ ആവും.. ഭര്‍ത്താവിനടുത്തെത്തിയ അയാള്‍ പറയാന്‍ തുടങ്ങി.
"സഹോദരാ...ഇന്നു രാവിലെ മുതല്‍ ഒരുകൂട്ടം ഡോക്ടര്‍മാരുമൊത്ത്‌ ശപിക്കപ്പെട്ട ഈ സാധനത്തിന്റെ ബലിയാടായി ശ്വാസകോശാര്‍ബുദം ബാധിച്ച ഒരു രോഗിയെ രക്ഷപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ്‌ വരികയാണ്‌ ഞാന്‍. താങ്കളുടെ പ്രായത്തിലുള്ള ഒരു യുവാവ്‌.. ഭാര്യയും മക്കളുമുണ്ടദ്ദേഹത്തിന്‌. ആ രോഗി അനുഭവിക്കുന്ന പ്രയാസം താങ്കളൊന്ന് കണ്ടിരുന്നെങ്കില്‍... അദ്ദേഹത്തിന്റെ യുവതിയായ ഭാര്യയുടെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും ദയനീയ സ്ഥിതിയും നിങ്ങളൊന്ന് കണ്ടിരുന്നെങ്കില്‍... ഓപ്പറേഷന്‍ തിയേറ്ററിനു പുറത്ത്‌ വരുമ്പോള്‍ കരഞ്ഞു കലങ്ങി ദൈന്യത മുറ്റുന്ന കണ്ണുകളുമായി എന്നെ സമീപിക്കുന്ന അവരുടെ മുഖങ്ങള്‍... ഒടുവില്‍ പാടില്ലാത്തതാണെങ്കിലും തിയേറ്ററില്‍ കടന്ന് തങ്ങളുടെ പിതാവിനെ ജീവനോടെ ഒരു നോക്കുകാണാന്‍ ഞാനവര്‍ക്ക്‌ അനുവാദം നല്‍കുകയായിരുന്നു. കാരണം ഇത്രയും കാലത്തെ എന്റെ അനുഭവം വെച്ച്‌ ഏതാനും മണിക്കൂറുകള്‍ മാത്രമേ അയാളിനിയും ജീവിച്ചിരിക്കൂ. ഓക്സിജന്‍ കൊടുത്ത്‌ കിടത്തിയിരിക്കുന്ന തങ്ങളുടെ പിതാവിനെക്കണ്ട്‌ വിങ്ങിപ്പൊട്ടുന്ന ആ കുരുന്നുകളുടെയും അവരുടെ മാതാവിന്റെയും കണ്ണുനീര്‍ കണ്ടുകൊണ്ടാണിപ്പോള്‍ ഞാന്‍ വരുന്നത്‌. ഹൃദയമുള്ള ഒരാള്‍ക്കും അത്‌ കണ്ടുനില്‍ക്കാന്‍ കഴിയില്ല. സഹോദരാാ... നിങ്ങളും അയാളെപ്പോലെ ഈ ശപിക്കപ്പെട്ട സിഗരറ്റിന്റെ ബലിയാടാകണോ? നിങ്ങള്‍ക്കുമില്ലേ ഭാര്യയും മക്കളും. കേവലം ഈ സിഗരറ്റിന്‌ വേണ്ടി അവരെ അനാഥരും വഴിയാധാരവുമാക്കിയിട്ട്‌ നിങ്ങള്‍ക്കെന്ത്‌ കിട്ടാനാണ്‌. മാരകമായ രോഗങ്ങളും പ്രയാസങ്ങളുമല്ലാതെ മറ്റു യാതൊരു പ്രയോജനവും കിട്ടാത്ത കേവലം ഈ വൃത്തികെട്ട സാധനമാണോ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കുടുംബത്തേക്കാള്‍ വലുത്‌? ഹൃദയമില്ലേ നിങ്ങള്‍ക്കൊന്നും???
നിമിഷങ്ങള്‍... എല്ലാം നിശ്ശബ്ദമായി കേള്‍ക്കുകയായിരുന്നു അയാള്‍. കയ്യിലെ തീരാറായ സിഗരറ്റ്‌ കുറ്റിയില്‍ നിന്നും അവസാനത്തെ പഫും വലിച്ചൂതി അയാള്‍ അത്‌ ദൂരേക്ക്‌ വലിച്ചെറിഞ്ഞു. കൂടെ തന്റെ പോക്കറ്റില്‍ അവശേഷിക്കുന്ന സിഗരറ്റുകളടങ്ങിയ പാക്കെറ്റെടുത്ത്‌ അതും...
"സുഹൃത്തെ, ഇത്‌ വെറും ഭംഗിക്ക്‌ വേണ്ടി ചെയ്തതാവാതിരിക്കട്ടെ. മറിച്ച്‌ അത്‌ ആത്മാര്‍ത്ഥവും സത്യസന്ധവുമായാല്‍ നല്ലൊരു ജീവിതം പുഴുക്കുത്തേല്‍ക്കാതെ സംരക്ഷിക്കാം. ദൈവം നിങ്ങളെയതിന്‌ അനുഗ്രഹിക്കട്ടെ"
മറുപടിക്കൊന്നും കാത്തുനില്‍ക്കാതെ അയാള്‍ തന്റെ വാഹനം ലക്ഷ്യമാക്കി നടന്നു. അവള്‍ ആ ഡോക്ടറെതന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കണ്‍തടങ്ങളില്‍ ഉരുണ്ടുകൂടുന്ന അശ്രുകണങ്ങള്‍.. ഇതിനിടയില്‍ അവളുടെ ഭര്‍ത്താവ്‌ കാറിന്റെ ഡോര്‍ തുറന്ന് അകത്തു കയറി. തികട്ടി വന്ന ഗദ്ഗദത്തെ അവള്‍ക്ക്‌ തടഞ്ഞുനിര്‍ത്താനായില്ല. ഹോസ്പിറ്റല്‍ ബെഡ്ഡില്‍ മരിക്കാന്‍ കിടക്കുന്ന ആ രോഗിയുടെ ഭാര്യ താനാണെന്നവള്‍ക്ക്‌ തോന്നി.
കാറില്‍ കയറിയിരുന്ന അയാള്‍ക്ക്‌ ഏറെനേരം ഒന്നും ചെയ്യാനായില്ല. അയാള്‍ തന്റെ പ്രിയതമയെയും തന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന അരുമ സന്താനത്തെയും മാറിമാറി നോക്കി. ആ ഡോക്ടര്‍ എറിഞ്ഞിട്ടുപോയ ഒരു ചോദ്യം അയാള്‍ക്കുമുമ്പില്‍ വളര്‍ന്നു ഭീമാകാരം പൂണ്ട്‌ അയാളെ വലയം ചെയ്യാന്‍ തുടങ്ങി. "ഇവരേക്കാള്‍ വലുതാണോ എനിക്ക്‌ ആ വൃത്തികെട്ട സാധനം??? ഒരിക്കലുമല്ല." അയാള്‍ ഉറച്ച ചില തീരുമാനങ്ങളെടുത്തു. പിന്നെ ആ നല്ല ഡോക്ടര്‍ക്ക്‌ നന്ദി പറഞ്ഞും അയാളുടെ ആത്മാര്‍ത്ഥതയെ പുകഴ്ത്തിയും അയാള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും വണ്ടിയെടുത്തു.
പിന്നീടൊരിക്കലും ബദ്‌രിയക്ക്‌ തന്റെ ഭര്‍ത്താവ്‌ പുകവലിക്കുന്നത്‌ കാണേണ്ടി വന്നിട്ടില്ല. അന്നുമുതല്‍ അവള്‍ തന്റെ ഓരോ നമസ്കാരശേഷവും തന്റെ ഭര്‍ത്താവിനെ ആ വൃത്തികെട്ട ദുശ്ശീലത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നിമിത്തമായ ആ നല്ല മനുഷ്യനുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കാറില്ല.
ചില പാഠങ്ങള്‍ കൂടി അവള്‍ ആ സംഭവത്തില്‍ നിന്നും പഠിച്ചു. പ്രാര്‍ത്ഥനയുടെ മഹത്വവും ആത്മാര്‍ത്ഥമായി ക്ഷമാപൂര്‍വ്വം പ്രാര്‍ത്ഥിച്ചാല്‍ ഏത്‌ പ്രശ്നത്തിനും കാരുണ്യവാന്‍ പരിഹാരം നല്‍കുമെന്നും.
ബദ്‌രിയ മനസ്സിലാക്കിയ പാഠത്തോടൊപ്പം മറ്റുചില പാഠങ്ങളും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നില്ലെ.
ഇവിടെ ഈ ഡോക്ടര്‍ നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക എന്ന തന്നിലര്‍പ്പിതമായ ദൗത്യം നിര്‍വ്വഹിച്ചത്‌ കാര്‍പാര്‍ക്കിംഗില്‍ വെച്ചാണ്‌. ഇതുപോലെ ഏതൊരാളും ആത്മാര്‍ത്ഥമായി തന്റെ ദൗത്യം നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ എത്ര ചീത്ത കാര്യങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാകുമായിരുന്നു. വാക്കിലും പ്രവര്‍ത്തിയിലുമുള്ള ആത്മാര്‍ത്ഥതയുടെ സ്വാധീനവും നമുക്ക്‌ ഈ സംഭത്തില്‍ കാണാവുന്നതാണ്‌. ഇത്‌ ഇല്ലാത്തതാണ്‌ വര്‍ത്തമാന കാലത്തെ ഒരു ദുരന്തവും. ഡോക്ടറാവട്ടെ , എഞ്ചിനീയറാവട്ടെ, അദ്ധ്യാപകനാവട്ടെ എന്തിന്‌ സമൂഹത്തിലെ മത പ്രബോധന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ വരെ തങ്ങളുടെ സ്ഥാപനത്തിനോ അല്ലെങ്കില്‍ സംഘടനക്കോ വേണ്ടി ഒരു ജോലി എന്നതില്‍ കവിഞ്ഞ്‌ നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക എന്ന മതപരമായ ബാധ്യതയായോ സാമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയായോ ആത്മാര്‍ത്ഥമായി ഇത്തരം കാര്യങ്ങളില്‍ ഇടപെടുകയോ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയോ ചെയ്യാറില്ല. ഫലമോ സമൂഹത്തില്‍ നന്മകള്‍ കുറയുകയും തിന്മകള്‍ പെരുകുകയും ചെയ്യുന്നു.
പുകവലി, അതൊരു നല്ല ശീലമല്ല എന്ന് അത്‌ വലിക്കുന്നവര്‍ക്കുമറിയാം. അത്‌ ഉണ്ടാക്കി വില്‍ക്കുന്നവരാകട്ടെ അതു വലിച്ചാലുണ്ടാകാന്‍ പോകുന്ന മാരകമായ രോഗങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്യുന്നു. (അതുകൊണ്ട്‌ തന്നെ അത്‌ തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ മതഗ്രന്ഥങ്ങളില്‍ നിന്നും ദൈവീകവചനങ്ങളില്‍ നിന്നുമൊന്നും തെളിവുദ്ധരിക്കേണ്ടതില്ല.)
"നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തില്‍ കൊണ്ടുപോയി ഇടരുത്‌" എന്ന ഖുര്‍ആനികവചനത്തിന്റെയും "ഭക്ഷിക്കാനനുവദിച്ച ഉള്ളി തിന്ന് മറ്റുള്ളവര്‍ക്ക്‌ അതിന്റെ മണം മൂലം ശല്യമുണ്ടാക്കുന്ന നിലയില്‍ പള്ളിയില്‍ സംഘം ചേര്‍ന്നുള്ള നമസ്കാരത്തിന്‌ വരുന്നത്‌ വരെ വിലക്കിയ" ഒരു പ്രവാചന്റെയും മതത്തിന്റെയും അനുയായികള്‍ക്ക്‌ എങ്ങിനെ ഈ വൃത്തികെട്ട ദുശ്ശീലത്തിനുടമകളും അടിമകളുമാകാന്‍ സാധിക്കുന്നു എന്നതാണല്‍ഭുതം. മാത്രവുമല്ല തങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച്‌ നാളെ സ്രഷ്ടാവിന്റെ മുമ്പില്‍ കൃത്യമായ കണക്ക്‌ ബോധിപ്പിക്കേണ്ടി വരുമെന്ന് വിശ്വസിക്കുന്നവരുമാണല്ലോ ഇവര്‍.
ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നല്‍കി 'അത്‌' വാങ്ങി പുകച്ചു കളയുന്നവരോട്‌ വിനയത്തോടെ ചോദിക്കട്ടെ. മുകളില്‍ കണ്ട സംഭവത്തിലെ ഡോക്ടര്‍ ചോദിച്ച പോലെ
* ഇവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഇവരുടെ കുടുംബത്തേക്കാള്‍ വലുതാണോ ഇവര്‍ക്ക്‌ ഈ ദുശ്ശീലം?
** ഇതു വലിക്കുന്നവര്‍ എന്നെങ്കിലും ഓര്‍ക്കാറുണ്ടോ ഇതുമൂലം സഹിച്ചുകൊണ്ട്‌ കൂടെ കഴിയുന്ന തന്റെ സഹധര്‍മ്മിണിയുടെ പ്രയാസത്തെക്കുറിച്ച്‌...
*** അവര്‍ക്ക്‌ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അവര്‍ സമ്മാനിക്കാനിരിക്കുന്ന മാരകമായ രോഗത്തെക്കുറിച്ച്‌?
**** ഈ അന്തരീക്ഷം മലീമസമാക്കുന്നതില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച്‌?
***** ഇതിലൊക്കെയുപരി സ്രഷ്ടാവായ നാഥനോട്‌ ഇതിനെക്കുറിച്ചൊക്കെ കൃത്യമായി കണക്കു പറയേണ്ടി വരുമെന്നതിനെക്കുറിച്ച്‌...

സഹോദരാ... നിങ്ങളൊരു പുകവലിക്കാരനാണെങ്കില്‍ ഇതൊക്കെ വായിച്ചിട്ടും നിങ്ങള്‍ക്കതില്‍ നിന്നും മോചനം നേടണമെന്ന് തോന്നി അതിനുള്ള ശ്രമം നിങ്ങള്‍ നടത്തുന്നില്ലെങ്കില്‍... ഓര്‍ക്കുക: താങ്കള്‍ ഇപ്പോള്‍ വലിച്ച്‌ ഊതി വിടുന്ന പുകച്ചുരുളുകള്‍ക്കിടയില്‍ നിന്ന് കിട്ടുന്നുണ്ടെന്ന് ധരിക്കുന്ന ആസ്വാദനത്തിനു പിന്നില്‍ നിങ്ങളെ തേടി വരാനിരിക്കുന്നതും വേദന തിന്നേണ്ടി വരുന്ന നാളുകളല്ലെന്നാരുകണ്ടു.
ദൈവം നല്‍കിയ ബുദ്ധി ഉപയോഗിക്കാതെ അവന്‍ നല്‍കിയ അനുഗ്രഹമാകുന്ന സമ്പത്തുപയോഗിച്ച്‌ ഇത്തരം ദുശ്ശീലങ്ങളാല്‍ രോഗം വിലക്ക്‌ വാങ്ങുന്ന ഈ "കണ്ടറിയാത്തവര്‍ പിന്നെ, കൊണ്ടറിയട്ടെ'' എന്നുവെക്കാം. പക്ഷെ, അത്തരമാളുകള്‍ മൂലം അനാഥരും വഴിയാധാരവുമായി പ്രയാസപ്പെടേണ്ടി വരുന്ന കുടുംബങ്ങളുടെ കാര്യമോര്‍ക്കുമ്പോഴാണ്‌....

Saturday 2 August 2008

ഉണ്ടോ സഖീ, കുല മുന്തിരി...

'ഉണ്ടോ സഖീ, ഒരു കുല മുന്തിരി
വാങ്ങിടുവാനായ്‌ നാലണ കൈയ്യില്‍..?
ഉണ്ട്‌ പ്രിയേ, ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...

ഈരടികള്‍ കേള്‍ക്കാത്ത മലയാളി മുസ്ലീംകള്‍ കുറവായിരിക്കും.
മാപ്പിളപ്പാട്ടുകള്‍ എന്ന പേരിലുള്ള മസാലപ്പാട്ടുകള്‍ മൂളിനടക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തെ മുസ്ലിംകള്‍ക്ക്‌ ഒരു പക്ഷെ, അപരിചിതമാണെങ്കിലും.
ഇനി ഈരടികള്‍ മൂളുകയും ആസ്വദിക്കുകയും ചെയ്യുന്നവരില്‍ തന്നെ പലര്‍ക്കും അതിനുപിന്നിലെ മഹത്തായ ഒരു ചരിത്രസംഭവത്തെക്കുറിച്ച്‌ അറിയാത്തവരായിരിക്കും. താഴെയുള്ള വരികള്‍ മുഴുവനും വായിച്ച്‌ പ്രസ്തുത ഈരടികള്‍ ഒന്ന് വായിച്ചു നോക്കൂ..
രണ്ടാം ഉമര്‍ എന്ന അപരനാമത്തിലും ഇസ്ലാമിക രാഷ്ട്രത്തിലെ അഞ്ചാം ഖലീഫയായും അറിയപ്പെടുന്ന ഉമറുബ്നു അബ്ദില്‍ അസീസിന്റെ സവിശേഷമായ ജിവിതരീതി അനാവരണം ചെയ്യുന്ന ചരിത്ര ശകലങ്ങളിലൊന്നാണ്‌ പ്രസ്തുത ഈരടികളിലെ പ്രതിപാദ്യ വിഷയം.
വളരെ സമ്പന്നമായ കുടുംബത്തിലാണ്‌ അദ്ദേഹം പിറന്നുവീഴുന്നത്‌. ഈജിപ്തിലെ ഗവര്‍ണ്ണറായിരുന്നു പിതാവ്‌. അതുകൊണ്ടൊക്കെത്തന്നെ സുഖസൗകര്യങ്ങള്‍ക്കു നടുവില്‍ വളര്‍ന്ന് ആഢംബരജീവിതം ശീലിച്ച അദ്ദേഹം പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാന്‍ കിട്ടിയ ഒരവസരവും പാഴാക്കിയിരുന്നില്ല.
എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരം കൈയില്‍ വന്നതോടെ അദ്ദേഹത്തിന്റെ ജീവിത രീതി അടിമുടി മാറുന്നതാണ്‌ നാം കാണുന്നത്‌.
ഖലീഫയായി ബൈഅത്ത്‌ ചെയ്യപ്പെട്ട്‌ ജനങ്ങളോട്‌ പ്രസംഗം നിര്‍വ്വഹിക്കാന്‍ മിമ്പറിലേക്ക്‌ നടക്കുമ്പോള്‍ തന്റെ ചുമലില്‍ വന്നുചേര്‍ന്ന ഉത്തരവാദിത്ത ബോധമോര്‍ത്ത്‌ അദ്ദേഹത്തിന്റെ കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. പ്രസംഗശേഷം അദ്ദേഹത്തിനു തൊട്ടുമുമ്പത്തെ ഖലീഫമാരെപ്പോലെ താമസിക്കാന്‍ സജ്ജമാക്കിയ കൊട്ടാരത്തിലേക്ക്‌ ആനയിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ വാഹനം ഹാജരാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ സാധാരണ മുസ്‌ലിം ജനങ്ങളില്‍ ഒരാള്‍ മാത്രം. ഞാന്‍ അവരെപ്പോലെ പോവുകയും വരികയും ചെയ്തുകൊള്ളാം. തന്റെ പ്രജകളിലെ പരമദരിദ്രനായ പൗരന്റേതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. എല്ലാവിധ ആര്‍ഭാടങ്ങളോടും വിടപറഞ്ഞ്‌ രാജകൊട്ടാരം ഒഴിവാക്കി തനിക്കും കുടുംബത്തിനും താമസിക്കാനായി അദ്ദേഹം തെരഞ്ഞെടുത്ത കൊച്ചുകുടിലിലെ ഒരു മുറിയിലിരുന്ന് തന്റെ ചുമലില്‍ വന്നുചേര്‍ന്ന ഉത്തരവാദിത്തബോധമോര്‍ത്ത്‌ ഖിന്നനായി. ശേഷം പിതാവും സഹോദര്‍ന്മാരുമൊക്കെ ഭരണരംഗം കൈയാളുന്നവരും രാജകീയ സുഖസൗകര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവളുമായ തന്റെ സഹധര്‍മ്മിണി ഫാത്വിമയെ വിളിച്ചുകൊണ്ട്‌ പറഞ്ഞു: "ഞാനിതാ എന്നെ അല്ലാഹുവിന്‌ വില്‍പന നടത്തിയിരിക്കുന്നു. അതുകൊണ്ട്‌ ( നിലയിലൊരു ജീവിതരീതിയുമായി) നിനക്ക്‌ എന്റെ കൂടെ നില്‍ക്കണമെങ്കില്‍ നില്‍ക്കാം. അതല്ലെങ്കില്‍ നിന്റെ കുടുംബത്തിലേക്ക്‌ പോവുകയും ചെയ്യാം. നീ ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ .... നിനക്കറിയുമോ അതെല്ലാം നിന്റെ പിതാവ്‌ എവിടെ നിന്നാണ്‌ നിനക്ക്‌ നല്‍കിയതെന്ന്? അതെല്ലാം ബൈതുല്‍ മാലിലേക്ക്‌ നല്‍കുക. അല്ലാഹുവാണ്‌ സത്യം. ഇന്നുമുതല്‍ ഞാനും ആഭരണങ്ങളും ഒരു വീട്ടില്‍ ശരിയാവുകയില്ല."
ഭൗതീക ജീവിതത്തിന്റെ നശ്വരതയും പാരത്രീക ജീവിതത്തിന്റെ അനശ്വരതയും മനസ്സിലാക്കി അല്ലാഹുവിന്റെയടുത്തുള്ളത്‌ തെരഞ്ഞെടുത്തുകൊണ്ട്‌ മഹതി പറഞ്ഞു: "അതെ, ഞാന്‍ അത്‌ ബൈതുല്‍ മാലിലേക്ക്‌ തിരിച്ചു നല്‍കുന്നു. ജീവിതമാകട്ടെ അങ്ങയോടൊത്തും. 'പരലോകഭവനമാണല്ലോ ഉത്തമവും എന്നെന്നും അവശേഷിക്കുന്നതും' "

ഒരു വെള്ളിയാഴ്ച ദിവസം. അദ്ദേഹത്തിന്റെ ആവേശകരവും പഠനാര്‍ഹവുമായ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങളെല്ലാം നേരത്തേതന്നെ പള്ളിയിലെത്തുക പതിവായിരുന്നു. പക്ഷെ, അന്ന് അദ്ദേഹം നിശ്ചിത സമയം കഴിഞ്ഞിട്ടും അവിടെ എത്തിക്കാണുന്നില്ല. ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങള്‍... "എന്താണ്‌ ഖലീഫ വൈകുന്നത്‌???"
അല്‍പം കഴിഞ്ഞ്‌ ഓടിക്കിതച്ചെത്തിയ ഖലീഫ താന്‍ വരാന്‍ വൈകിയതില്‍ അവരോട്‌ ക്ഷമാപണം നടത്തി. "ഇതിലെന്താണിത്ര കാര്യമാക്കാന്‍ എന്നായിരിക്കും ചിലര്‍ ആലോചിക്കുന്നത്‌"
"സമയത്തിനുവന്ന് ഖലീഫ തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടേ" എന്നാവും മറ്റുചിലര്‍.
കഴുകിയിട്ടിരുന്ന വസ്ത്രം ഉണങ്ങാതിരുന്നതിനാലാണ്‌ തങ്ങളുടെ ഖലീഫ പള്ളിയിലെത്താന്‍ താമസിച്ചതെന്നും അദ്ധേഹത്തിന്‌ അപ്പോള്‍ അണിഞ്ഞതല്ലാത്ത മറ്റുവസ്ത്രമില്ലെന്നും മനസ്സിലാക്കിയ സദസ്സ്യരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വളരെ വില പിടിച്ച വസ്ത്രങ്ങള്‍ പോലും ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീടതുപയോഗിക്കാന്‍ മടിച്ചിരുന്ന ഉമറുബ്നു അബ്ദില്‍ അസീസിന്റെ മാറ്റം ആരുടെ കണ്ണുകളെയാണ്‌ ഈറനണിയിക്കാതിരിക്കുക.
അദ്ദേഹത്തിന്റെ ലളിത ജിവിതത്തിന്‌ ഉദാഹരണങ്ങളായുള്ള ഒട്ടേറേ സംഭവങ്ങളില്‍ ഒന്നു തന്നെയാണ്‌ ഉപരിസൂചിത ഈരടികളിലെ പ്രതിപാദ്യ വിഷയവും.
ഒരിക്കലദ്ദേഹത്തിന്‌ കുറച്ചു മുന്തിരി തിന്നാന്‍ ആഗ്രഹം. രാജ്യത്തിന്റെ അധികാരം കൈയിലിരിക്കുന്ന ഖലീഫക്ക്‌ പക്ഷെ, തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കുറച്ചുമുന്തിരി വാങ്ങാനുള്ള വില കൈയിലുണ്ടായിരുന്നില്ല. അങ്ങിനെ തന്റെ പ്രിയതമയോട്‌ തന്റെ മനസ്സിലെ ആഗ്രഹം പറയുന്നതാണ്‌ ഉപരിസൂചിത വരികളിലെ പ്രതിപാദ്യവിഷയം.
ഇതു മനസ്സിലാക്കിയതിനു ശേഷം ഈ വരികൾ ഒന്നു വായിച്ചു നോക്കൂ
'ഉണ്ടോ സഖീ, ഒരു കുല മുന്തിരി
വാങ്ങിടുവാനായ്‌ നാലണ കൈയ്യില്‍..?
ഉണ്ട്‌ പ്രിയേ, ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...
അങ്ങാര് എന്നറിയില്ലേ..?
അങ്ങീ നാട്ടിലെ രാജാവല്ലേ?
അങ്ങ് വെറും നാലണ ഇല്ലാ യാചകനാണെന്നോ..?
പ്രാണസഖീ നന്നായറിയാം, ഞാനിന്നാട്ടിലമീറാണെന്ന്..
എന്നാലും എന്റെതായൊരു ദിര്‍ഹവുമില്ല പ്രിയേ...'

മനോഹരമായ ഈ വരികള്‍ മൂളുന്നവരില്‍ പലര്‍ക്കും പക്ഷെ, ആ വരികള്‍ക്കുപിന്നിലെ ഈ ചരിത്രം
അറിയില്ല.
ഒരിക്കല്‍ അദ്ദേഹത്തിന്റെയടുക്കല്‍ കടന്നുചെന്ന കഅബുല്‍ ഖര്‍ളീ അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി. വിവര്‍ണ്ണമായ മുഖം. മെലിഞ്ഞൊട്ടിയ ശരീരം. ഒരു വലിയ പര്‍വ്വതം തന്റെ ചുമലിലുള്ളതു പോലെ...
അദ്ദേഹം ചോദിച്ചു: "അല്ലയോ ഉമര്‍, എന്തൊരു വിപത്താണ്‌ താങ്കളെ ബാധിച്ചത്‌? ഖുറൈശീ യുവാക്കളിലെ അതി സുന്ദരനായിരുന്നല്ലോ താങ്കള്‍. മിനുസമാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുകയും മാര്‍ദ്ദവമേറിയ വിരിപ്പുകളില്‍ ശയിക്കുകയും ചെയ്തിരുന്ന പ്രശോഭിതമായ ഒരു ശരീരത്തിനുടമായായ സുന്ദരജീവിതം നയിച്ചിരുന്ന താങ്കള്‍ക്കിതെന്തുപറ്റി?
അല്ലാഹുവാണ്‌ സത്യം. മറ്റ്‌ വല്ല സ്ഥലത്തുവെച്ചുമാണ്‌ ഞാന്‍ താങ്കളെ കണ്ട്‌ മുട്ടിയിരുന്നതെങ്കില്‍ എനിക്കൊരിക്കലും താങ്കളെ മനസ്സിലാക്കാനാവുമായിരുന്നില്ല."
ഇതുകേട്ട ഉമര്‍ തേങ്ങിക്കരയാന്‍ തുടങ്ങി. വിതുമ്പിക്കൊണ്ടദ്ദേഹം പറഞ്ഞു: "എന്നാല്‍ മരിച്ച്‌ മറമാടിയതിനുശേഷമാണ്‌ താങ്കളെന്നെ കണ്ടിരുന്നതെങ്കില്‍... കണ്ണുകള്‍ അടര്‍ന്നു കുഴിവീണ മുഖവും പുഴുക്കള്‍ താമസമാക്കിയ ശരീരവും ഇന്നുള്ളേതിനേക്കാള്‍ താങ്കള്‍ക്ക്‌ അപരിചിതത്വം ഉണ്ടാക്കുമായിരുന്നു. ഇത്രയും തിരിച്ചറിയാനും സാധിക്കുകയില്ല." ഇതുകേട്ട സദസ്സ്യര്‍ കരയാന്‍ തുടങ്ങുകയും സദസ്സ്‌ കരച്ചില്‍ കൊണ്ട്‌ വീര്‍പ്പുമുട്ടുകയും ചെയ്തു.
അങ്ങേയറ്റത്തെ ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം തന്റെ നടുവ്‌ നിവര്‍ത്തുവാനും വിശപ്പടക്കുവാനും എന്നതിലുപരി ഭക്ഷണം കഴിക്കുന്നതില്‍ പോലും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പരുക്കന്‍ വസ്ത്രമാണ്‌ അദ്ദേഹം ധരിച്ചിരുന്നത്‌. മരണാസന്നനായി കിടക്കുന്ന അദ്ദേഹത്തിന്‌ ഒരു വസ്ത്രം മാത്രമാണുണ്ടായിരുന്നത്‌. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്ന മുസ്‌ലിമത്തുബ്നു അബ്ദില്‍ മലിക്ക്‌ പറയുന്നു:
മരണാസന്നനായി കിടക്കുന്ന ഉമറിന്റെയടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം വളരെയധികം അഴുക്കു പുരണ്ട്‌ ഒരു മുഷിഞ്ഞ വസ്ത്രത്തിലായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയും അബ്ദില്‍ മലിക്കിന്റെ മകളുമായ ഫാത്വിമയോട്‌ പറഞ്ഞു: "ഫാത്വിമാ. അമീറുല്‍ മുഅമിനീന്റെ വസ്ത്രമൊന്ന് കഴുകി വൃത്തിയാക്കണമായിരുന്നു." അവര്‍ പറഞ്ഞു: "ഇന്‍ശാ അല്ലാ..ഞങ്ങളത്‌ ചെയ്യാം."
പിന്നീട്‌ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം അതേ വസ്ത്രത്തില്‍ തന്നെ. അപ്പോള്‍ ഞാന്‍ പറഞ്ഞു: "അല്ലയോ ഫാത്വിമ. ഞാന്‍ നിങ്ങളോട്‌ അദ്ദേഹത്തിന്റെ വസ്ത്രമൊന്ന് കഴുകി വൃത്തിയാക്കാ പറഞ്ഞിരുന്നവല്ലോ. "
ഫാത്വിമ പറഞ്ഞു: "അല്ലാഹുവാണ്‌ സത്യം. അദ്ദേഹത്തിന്‌ അതല്ലാത്ത മറ്റൊരു വസ്ത്രം മാറ്റിയുടുക്കാന്‍ ഇല്ലാത്തത്‌ കൊണ്ടാണ്‌... ''
വല്ലവിധേനയും വരുന്ന സമ്പത്തുക്കള്‍ അദ്ദേഹം ജനങ്ങള്‍ക്ക്‌ വീതിച്ചുകൊടുക്കുകയായിരുന്നു പതിവ്‌. അദ്ദേഹം യാതൊന്നും അതില്‍ നിന്നും സ്വീകരിക്കുമായിരുന്നില്ല.
ഒരിക്കല്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത മുതല്‍ ഓഹരിവെക്കുകയായിരുന്നു അദ്ദേഹം. അപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ അതില്‍ നിന്നും ഒരാപ്പിള്‍ എടുത്തു. ഉടനെ അതവന്റെ വായില്‍ നിന്നുമദ്ദേഹാം പിടിച്ചുവാങ്ങി. അതവനെ വേദനിപ്പിച്ചു. കരഞ്ഞുകൊണ്ടവന്‍ ഉമ്മയുടെ അടുക്കലേക്കോടി. അവര്‍ സൂഖിലേക്ക്‌ ആളെ അയച്ച്‌ അവന്‌ വേണ്ടി ഒരാപ്പിള്‍ വാങ്ങിക്കൊടുത്തു.
വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ആപ്പിളിന്റെ മണമനുഭവപ്പെട്ടപ്പോള്‍ ചോദിച്ചു. "ഫാത്വിമാ... യുദ്ധമുതലില്‍ നിന്നു വല്ലതും നിനക്ക്‌ കിട്ടിയോ?''
അവര്‍ പറഞ്ഞു: "ഇല്ല." നടന്നതുമുഴുവന്‍ അവള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ മകനില്‍ നിന്നും ഞാനത്‌ പിടിച്ചു വാങ്ങുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും അടര്‍ത്തിയെടുത്തതുപോലെയായിട്ടാണ്‌ എനിക്കനുഭവപ്പെട്ടത്‌. പക്ഷെ, മുസ്‌ലിംകള്‍ക്കവകാശപ്പെട്ട യുദ്ധമുതലുകളില്‍ നിന്ന് ഒരാപ്പിള്‍ മൂലം അല്ലാഹുവിന്റെ അടുക്കല്‍ എന്റെ വിഹിതം നഷ്ടപ്പെടുന്നതിനെ ഞാന്‍ വെറുത്തു.''
ഇവിടെ ഉമറുബ്നുല്‍ അബ്ദില്‍ അസീസിനെക്കുറിച്ചുള്ള കഥകള്‍ തീരുന്നില്ല. വര്‍ത്തമാന കാലത്ത്‌ ജീവിക്കുന്നവര്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത നിലക്ക്‌ ലളിത ജീവിതം നയിച്ച മഹാനുഭാവനെക്കുറിച്ച്‌ എത്രയെത്ര സംഭവങ്ങള്‍....
വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നുവീണ്‌ സര്‍വ്വ സുഖാഢംഭരങ്ങളിലും മുഴുകി കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ പ്രൗഢിയും പ്രതാപവും പ്രകടിപ്പിച്ചിരുന്ന ഒരാള്‍ ഇതിനൊക്കെ കൂടുതല്‍ അവസരങ്ങളുമായി രാജ്യത്തിന്റെ അധികാരം തന്നെ കൈയില്‍ വന്നപ്പോള്‍ അതെല്ലാം പുല്ലുവില പോലും കല്‍പിക്കതെ വലിച്ചെറിഞ്ഞ്‌ അങ്ങേയറ്റം ലളിതവും പരുക്കനുമായ ജീവിത രീതി സ്വീകരിക്കാനുണ്ടായ കാരണമെന്തായിരിക്കും?
ഇതാണ്‌ വിശ്വാസികളാണെന്നവകാശപ്പെടുന്നവരുടെ ചിന്തക്ക്‌ വിഷയീഭവിക്കേണ്ടത്‌.
സര്‍വ്വവിധ സുഖസൗകര്യങ്ങള്‍ക്കുമിടയില്‍ ജനിച്ചുവളര്‍ന്ന ഉമറുബ്നു അബ്ദില്‍ അസീസിനെ സംബന്ധിച്ചിടത്തോളം ആഗ്രഹിക്കുന്നതെന്തും കരഗതമാക്കാന്‍ യാതൊരു പ്രായാസവും ഉണ്ടായിരുന്നില്ല. ആഗ്രഹിക്കുന്നതൊക്കെ അദ്ദേഹം നേടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഒരു മനുഷ്യന്‌ ഭൗതിക ജീവിതത്തില്‍ നേടാവുന്നതില്‍ വലുതായ രാജ്യത്തിന്റെ ഭരണാധികാരവും. അതിലുപരി ഇനി ദുനിയാവില്‍ മറ്റൊന്നും നേടാനുമില്ല.
അങ്ങിനെ കൈയില്‍ വന്ന അധികാരമുപയോഗിച്ച്‌ സ്വന്തത്തിനോ സ്വന്തക്കാര്‍ക്കോ വേണ്ടി സമ്പാദിച്ചുകൂട്ടാനോ സുഖാഢംഭരങ്ങളില്‍ മുഴുകാനോ അല്ല അദ്ദേഹം ശ്രമിക്കുന്നത്‌. മറിച്ച്‌ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മനസ്സിലാക്കി തനിക്ക്‌ കൈവന്ന സര്‍വ്വവിധ അനുഗ്രഹങ്ങളും സൗകര്യങ്ങളും ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.
ദുനിയാവില്‍ തനിക്ക്‌ കരഗതമായ സുഖസൗകര്യങ്ങളൊക്കെയും വലിച്ചെറിഞ്ഞ്‌ രൂപത്തില്‍ അദ്ദേഹത്തെ പരിവര്‍ത്തിപ്പിക്കാന്‍ മാത്രം ശക്തമായ ജീവിതലക്ഷ്യമെന്തായിരിക്കും?
അത്‌ മറ്റൊന്നുമായിരുന്നില്ല. ഇനിയുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം ദൈവം ഒരുക്കി വെച്ച സ്വര്‍ഗ്ഗം നേടുക എന്നതാണ്‌. അത്‌ നേടണമെങ്കില്‍ തികച്ചും നൈമിഷികമായ സുഖസൗകര്യങ്ങള്‍ വര്‍ജ്ജിക്കാതെ തരമില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നു. തിരിച്ചറിവ്‌ തന്നെ ദൈവത്തിന്‌ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിന്‌ അദ്ദേഹത്തിന്‌ പ്രചോദകമാവുകയും ചെയ്യുന്നു.
അധികാരം, സമ്പത്ത്‌, അറിവ്‌, സമയം തുടങ്ങി തനിക്ക്‌ കരഗതമായ അനുഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ തങ്ങളുടെ ദേഹേഛകളുടെ പൂര്‍ത്തീകരണത്തിനും സ്വാര്‍ത്ഥതാല്‍പര്യങ്ങളുക്കുമൊക്കെ പരമാവധി ഉപയോഗപ്പെടുത്തുന്ന ഉന്നതങ്ങളില്‍ വിരാജിക്കുന്നവര്‍ മുതല്‍ സാധാരണക്കാരായ മുസ്ലിംകള്‍ക്ക്‌ വരെ ഉമറുബ്നു അബ്ദില്‍ അസീസിനെപ്പോലുള്ളവരുടെ ചരിത്രം മാതൃകയായെങ്കില്‍...
മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇന്ന് വളരെയേറെ അനുഗ്രഹങ്ങള്‍ മുസ്ലിം സമുദായത്തിനും സമുദായത്തിലെ അംഗങ്ങള്‍ക്കുമൊക്കെ അല്ലാഹു നല്‍കിയിട്ടുണ്ട്‌. പക്ഷെ, മുകളില്‍ സൂചിപ്പിച്ചപോലെ ഉമറുബ്നു അബ്ദിലസീസിനെപ്പോലുള്ള പൂര്‍വ്വ സൂരികളെ മാതൃകയാക്കി അനുഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ ഉപയോഗപ്പെടുത്തി ദൈവമാര്‍ഗ്ഗത്തില്‍ വല്ലതും ചെയ്യാനോ സമൂഹനന്മക്കോ തന്റെ പാരത്രിക ജീവിതത്തിന്‌ അനുഗുണമാക്കി മാറ്റുന്നതിനോ പകരം തനിക്ക്‌ കരഗതമായതത്രയും ഉപയോഗപ്പെടുത്തി ദൈവത്തിന്‌ അനുസരണക്കേട്‌ കാണിക്കാനും സമുദായത്തെ പറയിപ്പിക്കാനും തന്റെ പരലോകജീവിതത്തില്‍ തീരാദു:ഖത്തിനിടയാക്കുന്ന പ്രവര്‍ത്തികളില്‍ മുഴുകാനും സമുദായത്തിലെ സാധാരണക്കാര്‍ മുതല്‍ അറിവും വിവരവും ഉള്ളവര്‍ വരെ മല്‍സരിക്കുന്നത്‌ എന്ത്‌ മാത്രം സങ്കടകരമല്ല. വര്‍ത്തമാന കാലത്തിന്റെ ദുരന്തങ്ങളിലൊന്നായ "അടിച്ചുപൊളിച്ചു ജീവിക്കുക" എന്ന ട്രന്റ്‌ ഉത്തമസമുദായത്തിലെ അംഗങ്ങളെയും പിടികൂടിയിരിക്കുന്നു. ഫലമോ, ഇസ്ലാമിന്റെ തനതായ മാതൃകകളാകുന്നതിനുപകരം പലരും പലപ്പോഴും ഇസ്ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യം നേടാനുതകുന്ന നല്ല ഒന്നാം തരം ചട്ടുകങ്ങളായി പരിണമിക്കുന്നു. ദൈവീക സന്ദേശത്തിന്റെ വാഹകരായി നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത്‌ ഉത്തമ സമുദായമായി വര്‍ത്തിക്കേണ്ടവര്‍ ഇന്ന് തങ്ങളുടെ ജീവിത ലക്ഷ്യം മറന്ന് ഒഴുക്കിനനുകൂലമായി നീന്തി പിശാചിന്റെ സന്ദേശവാഹകരാവുകയും നന്മ കല്‍പിച്ച്‌ നന്മകളുടെ പ്രചാരകരാവുന്നതിനുപകരം എല്ലാ തരം തിന്മകളുടെയും വിത്തുകള്‍ പാകി അതിന്റെ പ്രചാരകരാവുകയും ചെയ്തു അവരും ഒഴുകുന്നു.. ഒഴുകുന്നവരുടെ കൂടെ.. . പക്ഷെ, ഒഴുക്കിനവസാനം...
അല്ലാഹു തന്നെ പറയട്ടെ.
"നിശ്ചയം അത്‌ (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. മനുഷ്യര്‍ക്ക്‌ ഒരു താക്കീതെന്ന നിലയില്‍. അതായത്‌ നിങ്ങളില്‍ നിന്ന് മുന്നോട്ട്‌ പോകുവാനോ പിന്നോട്ട്‌ വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌. ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിനു പണയപ്പെട്ടവനാകുന്നു. വലതുപക്ഷക്കരൊഴികെ. അവര്‍ ചില സ്വര്‍ഗ്ഗത്തോപ്പുകളിലായിരിക്കും. കുറ്റവാളികളെക്കുറിച്ചവര്‍ അന്വേഷിക്കും. 'നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത്‌ എന്തൊന്നാണെന്ന്?'
കുറ്റവാളികള്‍ മറുപടി പറയും: 'ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ഞങ്ങള്‍ അഗതിക്ക്‌ ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു."
പ്രിയപ്പെട്ട മുസ്‌ലിം സഹോദരാ.. മുസ്‌ലിമായി ജനിക്കാന്‍ അവസരം കിട്ടി എന്നത്‌ വലിയൊരു അനുഗ്രഹമാണ്‌. അനുഗ്രത്തിന്റെ വില മനസ്സിലാക്കി ദൈവീക സന്ദേശങ്ങള്‍ പഠിച്ച്‌ അതനുസരിച്ച്‌ ജീവിതം നയിക്കേണ്ടവനാണ്‌ ഒരു വിശ്വാസി. അല്ലാതെ പേരു മുസിലിമിന്റേതാവുകയും പേരിന്‌ മാത്രം ചില ചടങ്ങുകളായി ഇസ്ലാമിക കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നതുകൊണ്ട്മാത്രം ഒരാള്‍ ദൈവത്തിന്റെയടുക്കല്‍ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. അങ്ങിനെയുള്ള ഒരു വിശ്വാസിക്കൊരിക്കലും തന്റെ ആദര്‍ശം ബലികഴിച്ച്‌ ഒഴുകുന്നവരോടൊപ്പം ഒഴുകാനുമാവില്ല.