നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Monday, 24 August 2009

രോഗം ഗൗരവമുള്ളതാണ്‌.

അതെ,
വെച്ചുകൊണ്ടിരുന്നാൽ അപകടമാണെന്നും അതിന്റെ പര്യവസാനം വേദനാജനകമാണെന്നും ഉത്തമ ബോധ്യം വന്നാൽ എത്രയും പെട്ടെന്ന് ണല്ലോരു ഡോക്ടറെ കാണണം. രോഗത്തിന്റെ ഗൗരവമനുസരിച്ച്‌ എത്ര വിലകൂടിയതാണെങ്കിലും ഡോക്ടർ കുറിച്ചുതരുന്ന മരുന്നുകൾ വാങ്ങി എന്ത്‌ ചിട്ടകൾ പാലിച്ചും കൃത്യമായി മരുന്നു കഴിച്ച്‌ രോഗം മാറ്റാൻ ശ്രമിക്കണം.
രോഗം മൂർച്ഛിച്ച്‌ പൊട്ടിയൊലിച്ച്‌ ദുർഗന്ധം വമിക്കുന്ന വൃണങ്ങളുമായി വേദന തിന്നേണ്ടി വരുന്ന നാളുകളെകുറിച്ച്‌ ഭയന്നാൽ...
ചികിൽസക്കാവശ്യമായ പണം കൈയിലില്ലെങ്കിൽ മറ്റുള്ളവരോട്‌ വാങ്ങിയിട്ടാണെങ്കിലും ഡോക്ടർ കുറിച്ചു തന്ന മരുന്ന് വാങ്ങിക്കഴിച്ച്‌ രോഗം മാറ്റാൻ ശ്രമിക്കണം അല്ലേ...

ബുദ്ധിയുള്ള ആരെങ്കിലും ഗൗരവമുള്ള ഒരു രോഗം ബാധിച്ചിട്ട്‌ ഡോക്ടറെ കണ്ട്‌ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും ഡോക്ടർ കുറിച്ചു കൊടുത്ത മരുന്നു ചീട്ടുമായി പിന്നെയാകട്ടെ എന്ന് വിചാരിച്ച്‌ നടക്കുമോ?
എന്നാൽ ചികിൽസിക്കാനുള്ള പണവും മറ്റ്‌ സൗകര്യങ്ങളും ഉണ്ടായിട്ടും ഗുരുതരമായ രോഗത്തിനു ചികിൽസിക്കാൻ ധൃതികാണിക്കാതെ പിന്നേക്ക്‌ പിന്നേക്ക്‌ നീട്ടുന്ന ഒരാളെക്കുറിച്ച്‌ നിങ്ങളെന്ത്‌ പറയും..?
വിഡ്ഢിയെന്നോ... ജീവിതത്തിന്റെ വിലയറിയാത്ത ബുദ്ധിശൂന്യനെന്നോ...
അതല്ല, അയാളെ വിളിക്കാൻ അതിനേക്കാൾ പറ്റിയ വല്ല പദങ്ങളും തേടുകയാണോ നിങ്ങൾ എങ്കിൽ,
അല്ലാഹുവിലും സത്യമതത്തിലും വിശ്വസിക്കുന്നു എന്നു പറയുന്ന,
നരകവും സ്വർഗ്ഗവും സത്യമാണെന്നും നരകത്തിന്റെ ഭയാനകതയെക്കുറിച്ച്‌ മനസ്സിലാക്കി അതിൽ നിന്നുള്ള മുക്തിക്കും ഇഹപര വിജയത്തിനും മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് വ്യക്തമായി മാർഗ്ഗ നിർദ്ദേശം നൽകുന്ന ദൈവത്തിന്റെ അടുക്കൽ നിന്നുള്ള സത്യസന്ദേശമാണ്‌ ഖുർആൻ എന്ന് ഉറച്ചു
വിശ്വസിക്കുന്ന,
അത്‌ പഠിക്കലും ഉൾക്കൊണ്ട്‌ ജീവിക്കലും ഒരു മുസ്‌ലിമിന്റെ ബാധ്യതയാണെന്നറിയാവുന്ന,
അതിൽ നിന്നും പാരായണം ചെയ്യപ്പെടുന്ന ഒ‍ാരോ അക്ഷരത്തിനും പ്രതിഫലം ലഭിക്കുമെന്ന് മനസ്സിലാക്കിയ,
നിങ്ങളിലെ ഏറ്റവും ഉത്തമൻ ഖുർആൻ പഠിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവ്നാണെന്ന് പഠിച്ച,
ഖുർആൻ സന്മാർഗ്ഗവും ഹൃദയങ്ങളിലുള്ള രോഗങ്ങൾക്ക്‌ ശമനവുമാണെന്ന് മനസ്സിലാക്കിയ,
ഖുർആനിന്റെ അനുയായിയാണെന്ന് അഭിമാനിക്കുകയും അവകാശപ്പെടുകയും ചെയ്യുന്ന നാം...
ആ ഖുർആനുമായുള്ള നമ്മുടെ ബന്ധം..???
അതിലെ എത്ര ആയത്തുകളുടെ അർത്ഥമറിയാം നമുക്ക്‌...?
ജീവിതത്തിലൊരിക്കലെങ്കിലും അതിൽ എന്താണെന്ന് അറിയാൻ നാം ശ്രമിച്ചിട്ടുണ്ടോ?
നിത്യജീവിതത്തിൽ പാരായണം ചെയ്ത്‌ പ്രതിഫലം കരസ്ഥമാക്കാൻ ശ്രമിക്കാറുണ്ടോ?
എന്തിനേറേ, തെറ്റുകൂടാതെ അത്‌ പാരായണം ചെയ്യാൻ അറിയുമോ?
അത്‌ പഠിച്ചറിയുകയും മറ്റുള്ളവർക്ക്‌ എത്തിക്കുകയും ചെയ്യേണ്ട നാം എത്രമാത്രം അതിനോട്‌ കൂറുപുലർത്തി ജീവിക്കുന്നു...?
ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ അത്‌ നമ്മുടെ വഴികാട്ടിയും പ്രയാസങ്ങൾക്ക്‌ ശാന്തിയായും ആയിത്തീരാറുണ്ടോ?
ചോദ്യങ്ങൾ തീരുന്നില്ല.
പക്ഷെ, ചോദിക്കപ്പെട്ടവക്കു തന്നെ ഉത്തരം തൃപ്തികരമല്ലാത്ത അവസ്ഥയാണെങ്കിൽ...
പണവും സൗകര്യവും ഉണ്ടായിട്ടും മാരകമായ രോഗത്തിന്‌ ചികിൽസിക്കാതെ, ഡോക്ടർ കുറിച്ചു കൊടുത്ത മരുന്നു ചീട്ടുമായി നടക്കുന്ന രോഗിയെ വിളിക്കാൻ പദങ്ങൾ തേടിയ നാം നമ്മെ എന്ത്‌ പേരിട്ട്‌ വിളിക്കും???
അതെ, സഹോദരാ‍ാ‍ാ... രോഗം ഗൗരവമുള്ളതാണ്‌...
വെച്ചുകൊണ്ടിരുന്നാൽ അപകടമാണ്‌. പിന്നീട്‌ ചികിൽസിക്കാൻ കഴിഞ്ഞില്ലെങ്കിലോ, അല്ലെങ്കിൽ ചികിൽസ ഫലിക്കാതെ, പൊട്ടിയൊലിച്ച്‌ ദുർഗന്ധം വമിക്കുന്ന വൃണങ്ങളായി രൂപപ്പെട്ട്‌ വേദനാപൂർണ്ണമായ ജീവിതമാവും ഫലം.
അതുകൊണ്ട്‌ സഹോദരാ.. ഉണരുക..
നീണ്ടുപോകുന്ന ഈ ആലസ്യത്തിൽ നിന്ന് നരകത്തിലേക്ക്‌ ക്ഷണിക്കുന്ന പിശാചിന്റെ പിടിയിൽ നിന്ന്.
നേർമാർഗ്ഗത്തിൽ നിന്ന് നമ്മെ തെറ്റിക്കാൻ അവൻ വരുന്നത്‌ സുഹൃത്തുക്കളുടെ രൂപത്തിലാവും ടി.വിയുടെയും സീഡിയുടെയും സീരിയലുകളുടെയും മറ്റു പലതിന്റെയും കോലത്തിലാവും. ജീവിത ലക്ഷ്യത്തെ മറപ്പിച്ച്‌ അവൻ നമ്മെ നരകത്തിൽ കൊണ്ടെത്തിക്കും. നാളെയാകട്ടെ, പിന്നെയാകട്ടെ എന്നാണ്‌ ഇനിയും നിങ്ങളുടെ ചിന്തയെങ്കിൽ...
സുഹൃത്തെ, അറിയുക. താങ്കൾ വ്യക്തമായും പിശാചിന്റെ കെണിയിൽ തന്നെയാണ്‌. ആരാണ്‌ നാളെ വരെ ജീവിക്കും എന്നതിന്‌ താങ്കൾക്ക്‌ ഉറപ്പ്‌ നൽകിയത്‌?
സഹോദരാ.. അടുത്തൊന്നും വരരുത്‌ എന്ന് ഭയക്കുന്ന; ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഹൃദയമിടിപ്പുകൾ ഓരോന്നും മിടിച്ചു തീരുന്നതിനനുസരിച്ച്‌ നാം അടുത്തുകൊണ്ടിരിക്കുന്ന് മരണത്തെക്കുറിച്ച്‌ സ്രഷ്ടാവിന്റെ തന്നെ വാക്കുകൾ ശ്രദ്ധിക്കൂ:
"നിങ്ങൾ പേടിച്ചോടിക്കൊണ്ടിരിക്കുന്ന മരണം,
തീർച്ചയായും അത്‌ നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. നിങ്ങൾ എവിടെയായിരുന്നാലും . കെട്ടിയുണ്ടാക്കിയ ഭദ്രമായ കോട്ടക്കൊത്തളങ്ങൾക്കുള്ളിലാണെങ്കിൽ പോലും മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും."
"അങ്ങനെ അത്‌ നിന്റെ തോളെല്ലിങ്കൽ എത്തിയാൽ..
കണങ്കാൽ കണങ്കാലുമായി കൂടിപ്പിണഞ്ഞാൽ ഇനി രക്ഷയില്ലാ എന്നുറപ്പായാൽ..
നീ കെഞ്ചും.
'എന്റെ റബ്ബേ.. കുറച്ചൊരവധി തന്ന് എന്നെ നീട്ടിയിടേണമേ...
ഞാൻ പിന്നേക്ക്‌ മാറ്റിവെച്ച എല്ലാ കാര്യങ്ങളിലും സൽകർമ്മങ്ങൾ ചെയ്യാം' പക്ഷെ, അത്‌ നീ പുലമ്പിക്കൊണ്ടിരിക്കുന്ന വെറും വർത്തമാനം മാത്രം. ഒരു നിമിഷം പോലും നിന്നെ നീട്ടിയിടുന്ന പ്രശ്നമില്ല."
"ഹേ മനുഷ്യാ... നിന്നെ സൃഷ്ടിച്ച്‌ ശരിപ്പെടുത്തിയ നിന്റെ റബ്ബിന്റെ കാര്യത്തിൽ എന്താണ്‌ നിന്നെ വഞ്ചിച്ചു കളഞ്ഞത്‌?"
"നിങ്ങളെ നാം വെറുതെ കളിയായി സൃഷ്ടിച്ചതാണെന്നും നിങ്ങൾ നമ്മുടെ അടുക്കലേക്ക്‌ മടങ്ങിവരികയില്ലെന്നും വിചാരിച്ചുവല്ലേ..."
"വലിയ തീ ജ്വാലകളുള്ള കൊട്ടാര സമാനമായ വലുപ്പത്തിൽ ഒട്ടകക്കൂട്ടങ്ങൾ കണക്കെ തീപ്പൊരി ചിതറുന്ന ഭയാനകമായ നരകം.." അതാണ്‌ നിങ്ങൾക്കുള്ള സങ്കേതം. അതിലെ വേദനാജനകമായ ശിക്ഷകൾ അനുഭവിച്ചുകൊണ്ട്‌ നിങ്ങളതിൽ ശാശ്വതരായി കഴിയുക. ഇതേക്കുറിച്ച്‌ മുന്നറിയിപ്പ്‌ നൽകാൻ നിങ്ങളുടെ അടുക്കൽ ആളുകൾ വന്നിരുന്നില്ലേ? അപ്പോൾ നിങ്ങൾ അവരെ കളവാക്കി. എന്റെ ആയത്തുകളെ നിങ്ങൾ അവഗണിച്ചു. ഞങ്ങളുടെ റബ്ബേ.. ഞങ്ങളുടെ ദൗർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങൾ വഴികേടിലായിരുന്നു.ഒഴുകുന്നവരോടൊപ്പം ഞങ്ങളും ഒഴുകി. അതുകൊണ്ട്‌ ഞങ്ങൾക്ക്‌ ഒരു അവസരം കൂടി നൽകി ഭൂമിയിലേക്ക്‌ അയക്കേണമേ... കത്തിജ്വലിക്കുന്ന നരകത്തിൽ നിന്ന് പുറത്താക്കിത്തരേണമേ...."
ദയനീയമായ മനുഷ്യന്റെ രണ്ടാമത്തെ കെഞ്ചൽ..
"മിണ്ടരുത്‌...നിന്ദ്യരായി നിങ്ങളതിൽ കഴിയുക."
റബ്ബിന്റെ മറുപടി...
അതെ, റബ്ബിന്റെ ആയത്തുകൾ മാനിക്കാതെ അവൻ നൽകിയ അനുഗ്രഹങ്ങൾക്ക്‌ നന്ദി കാണിക്കാതെ തന്റെ അക്രമം ബോധ്യപ്പെട്ട മനുഷ്യൻ ദു:ഖവും വ്യസനവും സഹിക്കാതെ വിരൽ കടിച്ചു കൊണ്ട്‌ അതി ദയനീയമായി വിലപിക്കുന്നു: "റസൂലിന്റെ മാർഗ്ഗം ഞാൻ സ്വീകരിച്ചിരുന്നുവേൺകിൽ എത്ര നന്നായിരുന്നു. എന്റെ കഷ്ടമേ... ഇന്ന ആളെ ഞാൻ മിത്രമായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ... എത്ര നന്നായിരുന്നു. ഹോ.. എനിക്ക്‌ ഈ കാര്യത്തെക്കുറിച്ച്‌ അറിവ്‌ വന്നു കിട്ടിയതിനു ശേഷവും അതിൽ നിന്ന് അവൻ എന്നെ തെറ്റിച്ചു കളഞ്ഞല്ലോ.."

ഇനി എന്താണ്‌ രക്ഷ...
കാരുണ്യത്തിന്റെ പ്രവാചകൻ തന്നെ രക്ഷിക്കുമോ? ശുപാർശ പറയുമോ?
"എന്റെ രക്ഷിതാവേ... തീർച്ചയായും എന്റെ ജനത ഈ ഖുർആനെ വെടിഞ്ഞു കളഞ്ഞു."
ഇല്ല അവിടെയും രക്ഷയില്ല. പ്രവാചകനും തള്ളിപ്പറയുകയാണ്‌. ഇനി ഭയാനകമായ നരകാഗ്നിയിൽ, മുഖം വികൃതമായി പല്ലിളിച്ച്‌ ഒരിക്കലും അവസാനിക്കാത്ത വേദനാജനകമായ ജീവിതം...
എത്ര ഭയാനകമായിരിക്കും അത്‌.. സഹോദരാ‍ാ‍ാ‍ാ‍ാ... കാര്യം ഗൗരവമുള്ളതാണ്‌. നശ്വരമായ ഭൗതിക നേട്ടങ്ങൾക്കു വേണ്ടി പലതും നേടിയ നാം.. ഉന്നതമായ ജോലിക്കും സ്ഥാനമാണങ്ങൾക്കും വേണ്ടി മേൽക്കുമേൽ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയ നാം.. നമ്മുടെ ജീവിത ലക്ഷ്യത്തെക്കുറിച്ചും ശാശ്വതമായ പരലോകമോക്ഷത്തെക്കുറിച്ചുമൊക്കെ പറഞ്ഞു തരുന്ന ഈ മഹത്തായ ഗ്രന്ഥത്തെക്കുറിച്ച്‌ മനസ്സിലാക്കാൻ ഇതുവരെയായി എന്താണ്‌ ചെയ്തത്‌.?
ആത്മാർത്ഥമായി സ്വമനസ്സിനോട്‌ ഈ ചോദ്യം പലവുരു ചോദിക്കുക. ഉത്തരം തൃപ്തികരമല്ലെന്ന് തോന്നുന്നുവേൺകിൽ ഏറെ വൈകിയെന്ന് മനസ്സ്‌ കുറ്റപ്പെടുത്തുന്നുവേൺകിൽ,
ഒട്ടും സമയം കളയാതെ ഇന്നു തന്നെ ഒരു തീരുമാനം എടുക്കുക. എന്റെ ഇഹപര ജീവിതത്തിനു് നിദാനമായ പരിശുദ്ധ ഖുർആൻ പഠിക്കാനും പാരായണം ചെയ്യാനും ഇന്നുമുതൽ സമയം കണ്ടെത്തുമെന്ന്. ഇപ്പോൾ തന്നെ അതിനുള്ള വഴികൾ തേടുക. അല്ല , ഇതൊക്കെ വായിച്ചിട്ടും മനസ്സിലാക്കിയിട്ടും യാതൊന്നും തോന്നുന്നില്ലെങ്കിൽ...
അത്തരക്കാരോട്‌ കൂടുതലായി എന്ത്‌ പറയാൻ...
താഴെയുള്ള ദൈവീക വചനങ്ങൾ അല്ലാതെ...
"നമ്മുടെ ആയത്തുകളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവർ... അവർക്ക്‌ വേണ്ടി ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത്‌ വരെ അവർ സ്വർഗ്ഗത്തിൽ കടക്കുകയുമില്ല. അപ്രകാരമാണ്‌ നാം കുറ്റവാളികൾക്ക്‌ പ്രതിഫലം നൽകുന്നത്‌. അവർക്ക്‌ നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ്‌ നാം അക്രമികൾക്ക്‌ പ്രതിഫലം നൽകുന്നത്‌."
"എന്റെ ഉൽബോദനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞു കളയുകയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണ്‌ ഉണ്ടായിരിക്കുക. ഉയിർത്തഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധമായ നിലയിൽ എഴുന്നേൽപ്പിച്ച്‌ കൊണ്ടു വരുന്നതാണ്‌. അവൻ പറയും: എന്റെ രക്ഷിതാവേ: നീ എന്തിനാണെന്നെ അന്ധനായ നിലയിൽ എഴുന്നേൽപിച്ച്‌ കൊണ്ടു വന്നത്‌? ഞാൻ കാഴ്ചയുള്ളവായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെ തന്നെയാകുന്നു: നിനക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങൾ വന്നെത്തുകയുണ്ടായി. എന്നിട്ട്‌ നീ അത്‌ മറന്നുകളഞ്ഞു. അത്‌ പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു."