നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Saturday 6 March 2010

സത്യത്തിൽ നാം ആ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ?

ഒരിക്കൽ പ്രവാചകന്റെയടുക്കൽ വന്ന് ഒരാൾ ചോദിച്ചു.
"അല്ലാഹുവിന്റെ ദൂതരെ, എപ്പോഴാണ്‌ അന്ത്യദിനം?"
പ്രവാചകൻ അയോളോട്‌ തിരിച്ചു ചോദിച്ചു: " നീ എന്താണ്‌ അതിനുവേണ്ടി ഒരുക്കിയിട്ടുള്ളത്‌?"
അയാൾ പറഞ്ഞു: " ഞാനതിനു കാര്യമായി ഒന്നും ചെയ്തിട്ടില്ലെങ്കിലും അല്ലാഹുവിനെയും റസൂലിനെയും ഞാൻ സ്നേഹിക്കുന്നു."
അതുകേട്ട പ്രവാചകൻ അരുളി: "ഒരാൾ താൻ ഇഷ്ട്പ്പെടുന്നവരുടെ കൂടെയായിരിക്കും."
അനസ്‌ (റ) പറയുന്നു: "നബി (സ) യുടെ ഈ വാക്കുകൊണ്ട്‌ സന്തോഷിച്ചത്ര മറ്റൊന്നുകൊണ്ടും ഞങ്ങൾ സന്തോഷിച്ചിട്ടില്ല."

പ്രവാചകനെ സ്നേഹിക്കണം എന്ന കാര്യത്തിൽ ലോകത്തുള്ള മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. സ്നേഹിക്കണം എന്നുമാത്രമല്ല, ലോകത്തുള്ള മറ്റേതു മനുഷ്യനെക്കാളും അല്ല, തനിക്ക്‌ ജന്മം നൽകിയ മാതാപിതാക്കളെക്കാളും പോരാ, സ്വന്തം ജീവനേക്കാളേറെ ആ പ്രവാചകനെ സ്നേഹിച്ചെങ്കിലേ ഒരാൾ യഥാർത്ഥ വിശ്വാസിയാവൂ എന്നാണ്‌ മുസ്ലിംകളുടെയൊക്കെ വിശ്വാസവും.
പ്രവാചകനെ സ്നേഹിക്കുന്നവർക്കൊക്കെ സന്തോഷം നൽകുന്നതാണ്‌ "ഒരാൾ താൻ ഇഷ്ടപ്പെടുന്നവരുടെ കൂടെയായിരിക്കും" എന്ന പ്രവാചക വചനം.
പ്രവാചകനെ സ്നേഹിക്കുന്നവരാണ്‌ നമ്മൊളൊക്കെ. പക്ഷെ, സത്യത്തിൽ നാം ആ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ?
"ഇല്ലാതെ", എന്നായിരിക്കും ധൃതി പിടിച്ചുള്ള നമ്മുടെ ഉത്തരം. പ്രവാചകനെ സ്നേഹിക്കുന്നവരിൽ പെട്ടവനാണ്‌ ഞാനും എന്ന് വരുത്തിത്തീർക്കാനോ വാദിക്കാനോ ഇത്തരത്തിൽ ഒരു ഉത്തരം പറയുമ്പോൾ ആ ഉത്തരത്തിനുപിന്നിലെ ആത്മാർത്ഥതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും പലപ്പോഴും നാം ഓർക്കാറില്ല. ലോകത്തിലെ മറ്റാരെയും സ്നേഹിക്കുന്നത്‌ പോലെയല്ല പ്രവാചകനെ സ്നേഹിക്കുക എന്ന് പറഞ്ഞാൽ. മനസ്സറിഞ്ഞുകൊണ്ട്‌ 'ശഹാദത്ത്‌ കലിമ'യുൾക്കൊണ്ടവനിൽ അനിവാര്യമായ ചില സവിശേഷതകൾ ഉണ്ടായേ പറ്റൂ.
പ്രധാനപ്പെട്ട ചിലതുമാത്രം ഇവിടെ കുറിക്കട്ടെ. അവ തന്നിലുണ്ടോ എന്ന് വിലയിരുത്തി സ്വയം തീരുമാനിക്കുക; ആ പ്രവാചകനോടുള്ള തന്റെ സ്നേഹം ആത്മാർത്ഥമാണൊ അതല്ല കപടമാണോ എന്ന്.
ഒന്ന്: അദ്ദേഹം കൽപിച്ചതിൽ അദ്ദേഹത്തെ അനുസരിക്കലും നിരോധിച്ചതിൽ നിന്ന് ഒഴിഞ്ഞു നിൽക്കലും.
അല്ലാഹു പറയുന്നു: "നബിയേ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പൈന്തുടരുക." (3:31)
നബി (സ) പറഞ്ഞു:"എന്റെ സമുദായം മുഴുവനും സ്വർഗ്ഗത്തിൽ പ്രവേശിക്കും. വിസമ്മതിച്ചവരൊഴികെ" അവർ ചോദിച്ചു: " ആരാണു് റസൂലെ വിസമ്മതിച്ചവർ?" നബി (സ) പറഞ്ഞു: "ആർ എന്നെ അനുസരിച്ചുവോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ആർ എന്നോട്‌ അനുസരണക്കേട്‌ കാണിച്ചുവോ അവനാണ്‌ വിസമ്മതിച്ചവൻ."
അപ്പോൾ അദ്ദേഹത്തിന്റെ കൽപനകൾ അനുസരിക്കലും അദ്ദേഹം നിരോധിച്ചത്‌ വെടിയലും അവിടുത്തോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളിൽ പ്രധാനമാണ്‌. നിത്യജീവിതത്തിൽ ആ പ്രവാചകന്റെ നമ്മോടുള്ള ചില കൽപനകൾ ശ്രദ്ധിക്കൂ.

- അഞ്ചു നേരത്തെ നമസ്കാരം. മരണവേളയിൽ പോലും അവിടുന്ന് തന്റെ സമുദായത്തോടുണർത്തിയ, ഒരു മുസ്ലിമിനെ മുസ്ലീമേതരരിൽ നിന്നും വേർതിക്കുന്ന പ്രധാന ഘടകം കൂടിയായ ഇത്‌ കൃത്യ സമയത്തും ജമാഅത്തായും നിർവ്വഹിക്കാൻ എത്രമാത്രം ശ്രദ്ധിക്കാറുണ്ട്‌? മോശമായ റിമാർക്സ്‌ ഭയന്ന് നിശ്ചിത സമയത്തിനും മുമ്പ്‌ ഓഫീസിലും ജോലി സ്ഥലത്തും ഒരു ദിവസം പോലും മുടങ്ങാതെ ഹാജരാവുന്ന നാം, ഒരാളിലെ കാപട്യം തിരിച്ചറിയാൻ പ്രവാചകൻ എണ്ണിയ സുബ്‌ഹി - അസ്വ്‌ർ നമസ്കാരങ്ങൾക്ക്‌ ഹാജരാവാൻ എത്രമാത്രം ജാഗ്രത കാണിക്കാറുണ്ട്‌.
- ഇശാനമസ്കാരം കഴിഞ്ഞാൽ നല്ല കാര്യങ്ങൾക്കല്ലാതെ ഉറക്കൊഴിഞ്ഞിരിക്കാൻ പാടില്ലെന്ന വിലക്ക്‌ എത്രമാത്രം ജീവിതത്തിൽ പാലിക്കാൻ ശ്രമിക്കാറുണ്ട്‌?
- ടി.വി. കണ്ടും സൊറ പറഞ്ഞിരുന്നും അനാവശ്യകാര്യങ്ങൾക്കായി ചെലവഴിച്ചും സമയം പാഴാക്കി രാവിലെ എഴുന്നേറ്റ്‌ പള്ളിയിൽ പോയി സുബ്‌ഹി നമസ്കരിക്കാതെ കിടന്നുറങ്ങി ആ പ്രവാചകൻ നമ്മെ താക്കീത്‌ ചെയ്ത, നരകത്തിന്റെ അടിത്തട്ടിലാണെന്ന് പറഞ്ഞ കപടവിശ്വാസികളുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാൻ എത്രമാത്രം ശ്രദ്ധിക്കാറുണ്ട്‌?
- വളരെ ഗൗരവമായി നമ്മെയുണർത്തിയ ഏഷണി, പരദൂഷണം അതു പോലെ മറ്റുള്ളവരെ ചിരിപ്പിക്കാനും അല്ലാതെയുമൊക്കെ നുണ പറയുന്നതും എത്രമാത്രം ഗൗരവമായി കണ്ട്‌ അതിൽ നിന്ന് വിട്ടു നിൽക്കാറുണ്ട്‌?
- മാതാപിതാക്കൾക്ക്‌ നന്മ ചെയ്യാനും കുടുംബ ബന്ധങ്ങൾ ചേർക്കാനും അയൽവാസികളോട്‌ നന്മയോടെ വർത്തിക്കാനുമൊക്കെ അല്ലാഹുവും ആ പ്രവാചകനും കൽപിച്ചതിന്റെ ഗൗരവം മനസ്സിലാക്കി അതിനെല്ലാം എത്രമാത്രം ശ്രമിക്കാറുണ്ട്‌?
- ഇതരമതസ്ഥരിൽ നിന്നും ഒരാളെ വേർതിരിച്ചറിയാനുള്ള പ്രഥമ അടയാളമാണ്‌ ഒരാളുടെ വേഷവും കോലവും. സഹോദരാ, ചോദിക്കട്ടെ; താങ്കളെക്കണ്ടാൽ പ്രവാചകൻ ഒരു വിശ്വാസിക്ക്‌ പറഞ്ഞ വേഷവിധാനങ്ങളോടുകൂടിയും കോലത്തിലുമാണോ?
- നെരിയാണിക്ക്‌ താഴെ വസ്ത്രം താഴ്ത്തിയുടുക്കുന്നത്‌ എത്ര ഗൗരവമായാണ്‌ പ്രവാചകൻ ഉണർത്തിയിട്ടുള്ളത്‌. 'അല്ലാഹു നോക്കുകയില്ലെന്നും പരിഗണിക്കുകയില്ലെന്നും നരകത്തിലാണെന്നു തന്നെ പറഞ്ഞ്‌ താക്കീത്‌ ചെയ്തിട്ടും അതൊന്നും പുല്ലുവില കൽപിക്കാതെ ഏതെങ്കിലും നടനേയോ മോഡലിനേയോ അതുമല്ലെങ്കിൽ ഏതെങ്കിലും കായിക താരത്തെയോ അനുകരിച്ച്‌ വസ്ത്രം ധരിക്കുന്ന സഹോദരാ... ആ പ്രവാചകന്റെ താക്കീതുകൾക്ക്‌ പിന്നെ എന്തുവിലയാണ്‌ താങ്കൾ നൽകുന്നത്‌?
- പുരുഷന്മാരോട്‌ താടി വളർത്താനും മീശ വെട്ടാനും പറഞ്ഞ ആ പ്രവാചകന്റെ കൽപനകൾ എത്രമാത്രം വിലകൽപിക്കാനും ഉൾക്കൊള്ളാനും ശ്രമിച്ചിട്ടുണ്ട്‌?
- സ്വർഗ്ഗം ലഭിക്കാതിരിക്കാൻ, എന്നു മാത്രമല്ല, മൈലുകളോളം അടിച്ചു വീശുന്ന അതിന്റെ വാസന പോലും ലഭിക്കാതിരിക്കാൻ കാരണമാവുന്നതാണ്‌ സ്ത്രീകൾ ഇസ്ലാം നിർദ്ദേശിക്കുന്ന നിലയിൽ വസ്ത്രം ധരിക്കാതിരിക്കുക എന്നത്‌. പ്രവാചകന്റെ ഇതുമായി വന്ന താക്കീത്‌ എത്രമാത്രം ഗൗരവത്തോടെ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്‌?
- മതം ഹറാമാക്കിയ മ്യൂസിക്കും പാട്ടും ഡാൻസുമൊക്കെ ഹലാലാക്കുന്ന ഒരു വിഭാഗമാളുകൾ എന്റെ സമൂഹത്തിൽ ഉണ്ടാവുക തന്നെ ചെയ്യുമെന്ന പ്രവാചകന്റെ പ്രവചനം എത്രമാത്രം സത്യമായാണ്‌ ഈ സമുദായത്തിൽ പുലരുന്നത്‌. ഉറങ്ങണമെങ്കിലും ഉണരണമെങ്കിലും ഭക്ഷണ സമയത്തും യാത്രയിലുമൊക്കെ മ്യൂസിക്കിന്റെ അകമ്പടി വേണമെന്ന് നിർബന്ധമുള്ള മുസ്ലീം സഹോദരാ... എവിടെയാണ്‌ നിങ്ങളുടെ ജീവിതത്തിൽ നബിയോടുള്ള സ്നേഹം?
അത്തരം സന്ദർഭങ്ങളിൽ ആ പ്രവാചകൻ പഠിപ്പിച്ച പ്രാർത്ഥനകളും മര്യാദകളും വിസ്മരിക്കുകയും അവിടുന്നു വിലക്കിയ കാര്യങ്ങൾ ചെയ്യുന്നതിന്റെയും പേരാണോ പ്രവാചക സ്നേഹം. കലയുടെയും വിനോദങ്ങളുടെയും നേരമ്പോക്കിന്റെ(?)യുമൊക്കെ പേരു പറഞ്ഞ്‌ ഇത്തരം കാര്യങ്ങളെയൊക്കെ ന്യായീകരിക്കുകയും നിസ്സാരമായി കാണുകയും ചെയ്യുന്നവർ താഴെ പറയുന്ന അല്ലാഹുവിന്റെ വചനങ്ങൾ ഒന്ന് മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ...
"അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞാൽ 'സത്യവിശ്വാസിയായ' ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു." (അഹ്സാബ്‌:36)
"അവർ പറയുന്നു: ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിനു ശേഷവും അവരിൽ ഒരു വിഭാഗമതാ പിന്മാറിപ്പോകുന്നു. അവർ വിശ്വാസികളല്ല തന്നെ". (സൂറ: അന്നുർ: 47)
രണ്ട്‌: ഏതൊരാളും താൻ സ്നേഹിക്കുന്നവരെ ആരെങ്കിലും അപമാനിക്കുകയോ നിന്ദിക്കുകയോ ചെയ്യുമ്പോൾ അതിനെതിരെ രോഷം കൊള്ളുകയും അവർക്ക്‌ വേണ്ടി നിലകൊള്ളുകയും ചെയ്യാതിരിക്കാറുണ്ടോ?
ഇസ്ലാമിനോടൂം മുസ്ലീംകളോടും കുടിപ്പകയുമായി നടക്കുന്ന ജൂതന്മാർ... ഖുദ്സ്‌ പിടിച്ചടക്കിയപ്പോൾ ആഹ്ലാദഭരിതരായി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്‌"മുഹമ്മദിന്റെ കാര്യം.... കുറച്ചു പെൺമക്കളെയും ബാക്കിവെച്ച്‌ എന്നോ മരിച്ചുപോയി" എന്ന് പറഞ്ഞുകൊണ്ടായിരുന്നെങ്കിൽ ഇന്നിതാ.. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയും കാരുണ്യത്തിന്റെ നിറകുടവുമായിരുന്ന ആ പ്രവാചകനെ ഭീകരതയുടെയും തീവ്രവാദത്തിന്റെയും ബോംബുകളുടെയുമൊക്കെ പര്യായമായി അവതരിപ്പിച്ച്‌ വീണ്ടും....
എങ്ങനെയാണ്‌ ഒരു മുസ്ലീമിന്‌ ഇതിനെതിരെ മൗനിയാകാൻ സാധിക്കുക.
"അല്ല, മുഹമ്മദ്‌ മരിച്ചുപോയത്‌ കുറച്ചു പെൺകുട്ടികളെ മാത്രം വെച്ചുകൊണ്ടല്ല, മറിച്ച്‌ അദ്ദേഹം കൊണ്ടുവന്ന ദൈവീകാദർശമുൾക്കൊണ്ട്‌ കൊണ്ട്‌ എന്തും ഏതും സ്വന്തം ജീവൻപോലും ത്യജിക്കാൻ തയ്യാറുള്ള ജന സമൂഹങ്ങളെ ബാക്കി വെച്ചുകൊണ്ടാണ്‌. അദ്ദേഹം ഭീകരതയുടെയും ബോംബുകളുടെയും പ്രാവാചകനല്ല, മറിച്ച്‌ ലോകം കണ്ടതിൽ വെച്ച്‌ ഏറ്റവും വലിയ മനുഷ്യ സ്നേഹിയും കാരുണ്യത്തിന്റെയും പ്രവാചകനാണ്‌." എന്ന് ഈ .... കൾക്കെതിരെ വിളിച്ചു പറയാൻ അല്ല, അത്‌ ജീവിതത്തിലൂടെ തെളിയിച്ചു കൊടുക്കാൻ ഒരു മുസ്ലീം എന്ന നിലക്ക്‌ എന്ത്‌ ചെയ്തു? എന്തു ചെയ്യുന്നു?
പ്രവാചകനെ സ്നേഹിക്കുന്നു എന്നു പറയുന്നത്‌ ആത്മാർത്ഥമാണെങ്കിൽ.. സഹോദരാ, സ്വജീവിതം ആ പ്രവാചകൻ കൊണ്ടുവന്ന ആദർശത്തിനനുസൃതമാക്കുക.
കാരണം ഇസ്ലാമിനെയും മുസ്ലീംകളെയും നശിപ്പിക്കാൻ നോമ്പുനോറ്റിറങ്ങിയ ഇസ്ലാമിന്റെ ശത്രുക്കളുടെ പ്രധാന ലക്ഷ്യം പ്രധാനമായും മുസ്ലീം യുവാക്കളാണ്‌. അവരെ നിഷ്ക്രിയരും മടിയന്മാരും മതമൂല്യങ്ങളിൽ നിഷ്ഠയില്ലാത്തവരും ആക്കിത്തീർക്കുന്നതിലൂടെ അവർ വലിയൊരു ലക്ഷ്യമാണ്‌ നിറവേറുന്നത്‌. അതുകൊണ്ട്‌ നാം സ്വയം നന്നാവുന്നതിലൂടെ അവരുടെ വലിയൊരു ലക്ഷ്യത്തിന്നാണ്‌ വിള്ളലുണ്ടാകുന്നത്‌. "നിങ്ങളുടെ പ്രഭാത നമസ്കാരത്തിന്‌ ജുമുഅ നമസ്കാരത്തിലേതുപോലെ ആളുകളുണ്ടാകുന്നതുവരെ നിങ്ങൾക്ക്‌ ഞങ്ങളെ അതിജയിക്കാനാകില്ല." എന്ന് അവരിലെ ഒരു നേതാവിന്റെ വാക്കുകളെക്കുറിച്ച്‌ ശരിക്കും മനസ്സിരുത്തി ചിന്തിക്കുക.

ആ ...കളുടെ വ്യാമോഹങ്ങൾക്ക്‌ തിരിച്ചടി നൽകാൻ നമസ്കാരങ്ങൾ കൃത്യസമയത്തും (പ്രത്യേകിച്ചും ഫജ്‌റ് നമസ്കാരം) പള്ളിയിൽ ജമാഅത്തായി നമസ്കരിക്കാൻ ശ്രമിക്കുക.
"കുടുംബങ്ങൾ അയൽവാസികൾ, സ്നേഹിതർ തുടങ്ങി നിത്യജീവിതത്തിൽ ബന്ധപ്പെടുന്നവരെ മതമൂല്യങ്ങൾ മുറുകെപ്പിടിക്കാനും തെറ്റുകളിൽ നിന്ന് അകന്ന് പരിശുദ്ധജീവിതം നയിക്കാനും പ്രേരിപ്പിക്കുക.
താങ്കൾക്ക്‌ സ്വന്തത്തോടും ഈ സമൂഹത്തോടും അൽപമെങ്കിലും പ്രതിബദ്ധതയും ഗുണകാംക്ഷയും ഉണ്ടെങ്കിൽ ഈ സമൂഹത്തെ നന്മയിലേക്ക്‌ നയിക്കാൻ ആവുന്നത്‌ ചെയ്യുക. അതിന്‌ വിഘ്നമുണ്ടാക്കുന്ന ഏതുതരം പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യുക.
ചില നിർദ്ദേശങ്ങൾ:
1- ഈ സമൂഹത്തെ നശിപ്പിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവരും അറിയാതെ അവരുടെ കയ്യിലെ ചട്ടുകങ്ങളായി വർത്തിച്ച്‌ അവരെയും പിശാചിനെയും സഹായിക്കുന്ന മുസ്ലീം നാമധാരികളിൽ ചിലർ തന്നെയും 'മാപ്പിള' എന്ന് പേരും ചേർത്ത്‌ പാട്ടുകളായും ആൽബങ്ങളായും മറ്റുമൊക്കെ ഇസ്ലാം കണിശമായി വിലക്കിയ വ്യഭിചാരത്തിലേക്ക്‌ നയിക്കുന്ന പാട്ടും കൂത്തും നൃത്തവുമൊക്കെയായി പൊലിയാട്ടങ്ങൾ പ്രചരിപ്പിക്കുമ്പോൾ ദൈവത്തോടടുക്കാനും നന്മ ചെയ്യാനും പ്രേരിപ്പിക്കുന്ന ഇസ്ലാമിക പ്രഭാഷണങ്ങളുടെ സീഡികളും കാസറ്റുകളും പ്രചരിപ്പിക്കുക.
2- അത്തരം കാര്യങ്ങളിൽ ചെയ്യുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടും അതിന്റെ ഗൗരവം പറഞ്ഞ്‌ മനസ്സിലാക്കി അതിൽ നിന്നവരെ പിൻതിരിപ്പിക്കുക.
3- ദീനിനെ അറിയാനും പഠിക്കാനുമുതകുന്ന പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിക്കുക.
4- കുടുംബത്തോടൊപ്പം, കൂട്ടുകാരോടൊപ്പം ദീനീ കാര്യങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും സമയവും സൗകര്യവും കണ്ടെത്തുക. അതിനുവേണ്ടി അറിവിന്റെ സദസ്സുകൾ സംഘടിപ്പിക്കുക. മറ്റുള്ളവരെ അതിലേക്ക്‌ ക്ഷണിക്കുക.
ഇനി ഒന്നിനും കഴിയില്ലെങ്കിൽ,
ഈ സമൂഹത്തിന്റെ നന്മക്കുവേണ്ടിയും, എളുപ്പത്തിൽ വഴി തെറ്റാൻ സാധ്യതയുള്ള ഈ സമൂഹത്തിലെ യുവതീ-യുവാക്കൾക്ക്‌ നല്ല ബുദ്ധി തോന്നിക്കാനും, ഈ സമൂഹത്തിലെ അല്ലാഹുവിനെ ഭയപ്പെടുന്ന പണ്ഡിതന്മാർക്ക്‌ ഈ സമൂഹത്തെ നേർ വഴിയിൽ നയിക്കാനും അവർക്ക്‌ അവരുടെ ദൗത്യം ശരിയാം വണ്ണം നിർവ്വഹിക്കാനുമൊക്കെ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയെങ്കിലും ചെയ്യുക.
പ്രവാചക സ്നേഹം വർഷത്തിലെ ഏതെങ്കിലും മാസത്തിലോ ആഴ്ചയിലോ ദിവസത്തിലോ, മണിക്കൂറിലോ നാലുമുക്കാലിന്റെ കൊടി തോരണങ്ങൾ വാങ്ങി കടകളും വാഹനങ്ങളും വീടുകളുമൊക്കെ അലങ്കരിച്ചോ അല്ലെങ്കിൽ ദഫ്ഫിന്റെയും മുട്ടിന്റെയും സ്കൗട്ടിന്റെയും അകമ്പടിയോടെ റോഡുകൾ ബ്ലോക്കാക്കിയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചും ഞങ്ങളും നബിയെ സ്നേഹിക്കുന്നേ എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞുകൊണ്ടല്ല, മറിച്ച്‌ ആ പ്രവാചകന്റെ ജീവിതത്തെക്കുറിച്ച്‌ പഠിച്ചറിയുകയും അവിടുത്തെ നിർദ്ദേശങ്ങളും ചര്യകളും ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അനുധാവനം ചെയ്തുകൊണ്ടുമാണ്‌ അതു തെളിയിക്കേണ്ടത്‌. ഏതൊരാളും ഒരാളെ ഇഷ്ട്പ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അയാളെക്കുറിച്ച്‌ കൂടുതലറിയാനും പഠിക്കാനും ശ്രമിക്കുക എന്നത്‌ ആ സ്നേഹത്തിന്റെ ആത്മാർത്ഥതയുടെ അടയാളങ്ങളിൽ ഒന്നാണ്‌. എങ്കിൽ ചോദിക്കട്ടെ സഹോദരാ...
അടുത്തു റിലീസായ സിനിമകളെക്കുറിച്ചും സീരിയലുകളെക്കുറിച്ചും അവയിലെയൊക്കെ നായികാ നായകന്മാരെക്കുറിച്ചും അവരുടെയൊക്കെ ഇഷ്ടവും അനിഷ്ടവുമടക്കം എല്ലാ സ്റ്റോറികളുമറിയുന്ന, അല്ലെങ്കിൽ ലോകത്തെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചും, രാഷ്ട്രീയ നേതാക്കന്മാരെക്കുറിച്ചും അവരുടെയൊക്കെ സേവന ത്യാഗങ്ങളെക്കുറിച്ചുമൊക്കെ എമ്പാടുമറിയാവുന്ന നാം ജീവിതത്തിൽ ലോകത്തിലെ മറ്റേതൊരു മനുഷ്യനേക്കാളും പോരാ, സ്വന്തം ജീവിതത്തേക്കാളും സ്നേഹിക്കേണ്ട ഈ പ്രവാകനെക്കുറിച്ച്‌ എത്രമാത്രം അറിയാനും പഠിക്കാനും മനസ്സിലാക്കിയത്‌ ഉൾക്കൊള്ളാനും അത്‌ മറ്റുള്ളവർക്ക്‌ അറിയിക്കാനും ശ്രമിച്ചു???
ഏതായാലും ആ പ്രവാചകനോട്‌ സ്നേഹമെണ്ടെന്ന് പറഞ്ഞ്‌ ചില കാട്ടിക്കൂട്ടലുകൾ നടത്തി എങ്ങനെയെങ്കിലും സ്നേഹിച്ചതുകൊണ്ടായില്ല, മറിച്ച്‌, അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ചു തന്നതുപോലെ തന്നെ സ്നേഹിച്ചെങ്കിലേ സ്വർഗ്ഗ പ്രവേശനത്തിനർഹനാവൂ എന്ന് തിരിച്ചറിയുക. പരമകാരുണികൻ അനുഗ്രഹിക്കട്ടെ.