നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Wednesday, 4 March 2009

‘കൈ‘ വിട്ട കല്ലും ‘വാ‘ വിട്ട വാക്കും...

ബോഡിംഗ്‌ പാസ്‌ കൈപറ്റി. സെക്യൂരിറ്റി ചെക്കപ്പും കഴിഞ്ഞു. വിമാനം പുറപ്പെടാന്‍ ഇനിയും സമയമുണ്ട്‌. അതുവരെയുള്ള സമയം ഉപയോഗപ്പെടുത്താനായി ഒരു മാഗസിനും കൂടെ ഒരു പാക്കറ്റ്‌ കുക്കീസും വാങ്ങി അവള്‍. അതുവരെ നീണ്ട ക്യൂവില്‍ നിന്നതിന്റെ ക്ഷീണം തീര്‍ക്കാനും സ്വസ്ഥമായി ഒരിടത്തിരുന്ന് വായിക്കാനുമായി അവിടെയുള്ള വി.ഐ.പി ലൗഞ്ചിലെ ചാരുകസേരയില്‍ പോയി ഇരുന്നു. അവളിരുന്നതിന്റെ അടുത്ത സീറ്റുകളിലൊന്നില്‍ മാന്യമായി വസ്ത്രം ധരിച്ച ഒരു മനുഷ്യനിരുന്ന് കയ്യിലുള്ള ഏതോ മാഗസിന്‍ വായിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലെ ഒഴിഞ്ഞ സീറ്റില്‍ പൊട്ടിച്ചുവെച്ച ഒരു പാക്കറ്റ്‌ കുക്കീസും.വാങ്ങിയ മാഗസിന്‍ മറിച്ചുനോക്കുന്നതിനിടയില്‍ അരികില്‍ തുറന്നുവെച്ച കുക്കീസ്‌ പാക്കറ്റില്‍ നിന്നും ഒന്നെടുത്ത്‌ അവള്‍ വായിലിട്ടു നുണഞ്ഞു. അവള്‍ക്കപ്പുറത്തിരിക്കുന്ന ആ മനുഷ്യനും അതില്‍ നിന്നും ഒന്നെടുത്ത്‌ വായിലിട്ടു. തന്റെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും എടുക്കാന്‍ അയാള്‍ക്കെങ്ങിനെ ധൈര്യം വന്നു. അയാളുടെ ആ പ്രവര്‍ത്തി അവളെ ദേഷ്യം പിടിപ്പിച്ചു. എങ്കിലും അവളൊന്നും പറഞ്ഞില്ല. അവള്‍ അതില്‍ നിന്ന് ഓരോന്നെടുക്കുമ്പോഴും അയാളും അതില്‍ നിന്ന് ഓരോന്നെടുത്തുകൊണ്ടിരുന്നു. "ഹൊ! എന്തൊരു ധാര്‍ഷ്ട്യം.... ഇങ്ങിനെയുമുണ്ടോ മനുഷ്യര്‍.. തന്റെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും അനുവാദം കൂടാതെ എടുത്ത്‌ തിന്നാന്‍ അയാള്‍ക്കെന്തവകാശം. നാണമില്ലേ ടൈയും കോട്ടുമൊക്കെയിട്ട്‌ മാന്യന്റെ വേഷത്തില്‍... 'തന്നെപ്പോലെയുള്ള' വി.ഐ.പികളുടെ കൂട്ടത്തില്‍ വന്നിരിക്കാന്‍." രോഷം പൂണ്ട്‌ അയാളെ തറപ്പിച്ചൊന്നു നോക്കി. താന്‍ ശ്രദ്ധിക്കുന്നത്‌ അയാള്‍ കണ്ടുവെന്ന് തോന്നുന്നു. ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട്‌ തീരാറായ കുക്കീസ്‌ പാക്കറ്റ്‌ തനിക്കരികിലേക്ക്‌ നീക്കി 'അതില്‍ നിന്ന് എടുത്ത്‌ കഴിച്ചുകൊള്ളൂ' എന്ന് ആംഗ്യം കാണിച്ച്‌ അതില്‍ നിന്നും ഒന്നെടുത്ത്‌ അയാള്‍ വായിലിടുക കൂടി ചെയ്തതോടെ "ആഹാ അത്രക്കായോ... 'താന്‍ വാങ്ങിയ കുക്കീസില്‍ നിന്നും പകുതിയോളവും തിന്നിട്ട്‌ ഇനി അതില്‍ നിന്നും തിന്നാന്‍ എനിക്ക്‌ തന്റെ ഔദാര്യം കൂടി വേണ്ടേ എന്ന്' ചോദിച്ചുകൊണ്ട്‌ ജീവിതകാലത്തൊരിക്കലും അയാള്‍ക്ക്‌ മറക്കാനാവാത്ത വിധം അയാളുടെ മുഖമടക്കി ഒന്ന് പൊട്ടിക്കാനാണ്‌ തോന്നിയത്‌. പിന്നെ, 'തന്നെപ്പോലുള്ളവര്‍' മാന്യത കൈവിട്ടുകൂടല്ലോ.. ഇങ്ങിനെയുമുണ്ട്‌ കുറെയെണ്ണം. മനസ്സില്‍ നിറയെ പിന്നെ അയാളുടെ ഈ മര്യാദകേടിനെക്കുറിച്ചായി ചിന്ത. അയാളുടെ ഓരോ ചലനങ്ങളിലും വെറുപ്പും വിദ്വേഷവും തോന്നി. കുക്കീസ്‌ പാക്കറ്റില്‍ ഇനിയും ഒരെണ്ണം കൂടിയേ അവശേഷിക്കുന്നുള്ളൂ. മര്യാദ കെട്ട അയാള്‍ അതുകൊണ്ട്‌ എന്തു ചെയ്യുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അയാള്‍ അതെടുത്ത്‌ രണ്ടായി പകുത്ത്‌ പുഞ്ചിരിതൂകി തനിക്ക്‌ നേരെ നീട്ടുന്നത്‌ കണ്ടപ്പോള്‍ ദേഷ്യം കൊണ്ട്‌ തന്റെ നിയന്ത്രണം വിടുമോ എന്നവള്‍ക്ക്‌ തോന്നി. ഫ്ലയിറ്റില്‍ കയറാനുള്ള അറിയിപ്പ്‌ മുഴങ്ങിയതുകൊണ്ട്‌ എത്രയും പെട്ടന്ന് അയാള്‍ക്കു മുന്‍പില്‍ നിന്നും നടന്നുനീങ്ങിയിട്ടില്ലായിരുന്നുവെങ്കില്‍ അയാള്‍ തനിക്ക്‌ നേരെ നീട്ടിയത്‌ തട്ടിത്തെറിപ്പിച്ച്‌ അയാളെ എന്തെങ്കിലും ചെയ്യാന്‍ 'പരമാവധിയിലെത്തിയ' തന്റെ കോപം ഇടവരുത്തുമായിരുന്നു. വിമാനത്തില്‍ കയറി തനിക്കിരിക്കേണ്ട സീറ്റുകണ്ടെത്തി ഇരുന്ന് കുറേക്കഴിഞ്ഞിട്ടും മനസ്സ്‌ അയാളുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇങ്ങനെയുമുണ്ടൊ മനുഷ്യര്‍... മനുഷ്യനായാല്‍ കുറച്ചൊക്കെ സംസ്കാരവും മര്യാദയുമൊക്കെ വേണ്ടേ.. എല്ലാവരും 'തന്നെപ്പോലെ' വിവരവും കള്‍ച്ചറുമൊക്കെ ഉള്ളവരായിക്കൊള്ളണമെന്നില്ല. എന്നാലും ഒരു ആവറേജ്‌ കോമണ്‍സെന്‍സെങ്കിലും വേണ്ടേ.. വിമാനത്തിനകത്തെ ശീതീകരിച്ച അവസ്ഥയിലും മുഖത്ത്‌ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടക്കാന്‍ കര്‍ച്ചീഫെടുക്കാന്‍ ബാഗ്‌ തുറന്നു."ഓ മൈ ഗോഡ്‌?!" അതാ തന്റെ കുക്കീസ്‌ പാക്കറ്റ്‌ പൊട്ടിക്കുക പോലും ചെയ്യാതെ സുരക്ഷിതമായി അതിനകത്ത്‌.സംഭവിച്ചതിന്റെ ഒരു ഏകദേശ രൂപം അവളുടെ മനസ്സില്‍ തെളിഞ്ഞു. താന്‍ ഇരുന്നിടത്ത്‌ തുറന്ന് കിടന്നിരുന്ന കുക്കീസ്‌ പാക്കറ്റ്‌ അയാളുടേതായിരുന്നു. തന്റേതാണെന്ന് വിചാരിച്ച്‌ താന്‍ അതില്‍ നിന്നും എടുത്ത്‌ തിന്നുകയായിരുന്നു. അവള്‍ക്ക്‌ വളരെയധികം കുറ്റബോധവും ലജ്ജയും തോന്നി. പിഴവ്‌ പറ്റിയത്‌ തനിക്കാണെന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു. താന്‍ അയാളുടെ കുക്കീസാണ്‌ ഷെയര്‍ ചെയ്തത്‌. അനുവാദം കൂടാതെ താന്‍ അവസാനം വരെ അയാളുടെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും എടുത്ത്‌ തിന്നിട്ടും അയാള്‍ യാതൊരുവിധ വെറുപ്പോ നീരസമോ പ്രകടിപ്പിച്ചതുമില്ല. അയാള്‍ തന്റെ കുക്കീസാണ്‌ എടുത്ത്‌ കഴിക്കുന്നത്‌ എന്ന് തെറ്റിദ്ധരിച്ച താന്‍ അയാളെക്കുറിച്ച്‌ എന്തൊക്കെയാണ്‌ വിചാരിച്ചത്‌. ഒരു വേള താന്‍ അയാളെ എന്തെങ്കിലും ചെയ്തേക്കുക പോലും ചെയ്യുമായിരുന്നു. പക്ഷെ, അയാളാവട്ടെ ഒടുവിലത്തെ ആ ഒന്നുപോലും എത്ര സന്തോഷത്തോടെയാണ്‌ തനിക്ക്‌ പകുത്ത്‌ തരാന്‍ ശ്രമിച്ചത്‌. അങ്ങിനെയുള്ള അയാളെക്കുറിച്ചാണല്ലോ താന്‍ ... ഛെ മോശമായിപ്പോയി. തന്റെയടുത്ത്‌ തെറ്റ്‌ സംഭവിച്ചിട്ടും താനയാളെക്കുറിച്ച്‌ മോശമായി വിചാരിച്ചതില്‍ ഖേദം പ്രകടിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷെ, വൈകിപ്പോയി. അപ്പോഴേക്കും വിമാനം അതിനകത്തെ യാത്രക്കാരെയും വഹിച്ച്‌ ആകാശത്തിന്റെ വിഹായസ്സിലേക്ക്‌ പറന്നുയരാന്‍ തുടങ്ങിയിരുന്നു. ഈ കഥ ഒരു പക്ഷെ, ഇതിനുമുമ്പ്‌ തന്നെ പലരും വായിച്ചുകാണും. കഥയുള്‍ക്കൊള്ളുന്ന ഗൗരവമായ സന്ദേശത്തെക്കുറിച്ച്‌ പക്ഷെ അധികമാരും ചിന്തിച്ചുകൊള്ളണമെന്നില്ല. നിത്യജീവിതത്തില്‍ മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപഴകലുകളിലും സഹവാസങ്ങളിലുമൊക്കെ നാമും ഇതുപോലെ ചിലപ്പോഴെങ്കിലും 'അഹം' വെച്ചു പുലര്‍ത്താറില്ലെ? സ്വന്തത്തെ വളരെ മതിപ്പോടെ കാണുകയും മറ്റുള്ളവരൊക്കെ മോശവുമാണെന്ന ധാരണ. തികഞ്ഞ അഹങ്കാരത്തില്‍ നിന്നും ഉടലെടുക്കുന്നതാണിത്‌. പ്രവാചകന്‍ പറഞ്ഞു: "അഹങ്കാരമെന്നാല്‍ സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിസ്സാരമായി കാണലുമാണ്‌" ഇതിനോടനുബന്ധമെന്നോണം ഉണ്ടാവുന്ന ഒരു ചീത്ത പ്രവണതയാണ്‌ കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ മറ്റുള്ളവരെ സംശയത്തിന്റെ പ്രതിക്കൂട്ടില്‍ കയറ്റി കുറ്റപ്പെടുത്തുന്ന പ്രവണത."അയാളെ കാണ്ടാലററിയാം അയാളൊരു കള്ളനാണെന്ന്..." "അയാളുടെ ആ രൂപവും ഭാവവും കണ്ടപ്പോഴേ തോന്നി അയാള്‍ ആളത്ര ശരിയല്ലെന്ന്.." തുടങ്ങി ആളുകളുടെ കോലവും രീതിയും വസ്ത്രവുമൊക്കെ നോക്കി പലപ്പോഴും നാം ആളുകളെ വിലയിരുത്തുന്ന രീതിയാണിത്‌. ചെറിയൊരു കാരണം കിട്ടുമ്പോഴേക്കും മറ്റുള്ളവരെ കുറ്റപ്പെടുത്താനും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ മോശമായി ചിത്രീകരിക്കാനുമൊക്കെ എന്തൊരു ധൃതിയാണ്‌് നമുക്ക്‌. അതിനിടയില്‍ നാവ്‌ കൊണ്ട്‌ വാക്ശരങ്ങളുതിര്‍ക്കാനും ചിലര്‍ തിടുക്കം കാണിക്കുന്നത്‌ കാണാം. മുതിര്‍ന്നവര്‍ പറയാറുണ്ട്‌. "കല്ല് കയ്യില്‍ നിന്ന് വിട്ടാല്‍ അത്‌ ആയുധമാണ്‌. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല."മുന്നും പിന്നും നോക്കാതെയും ചിന്തിക്കാതെയും ഇങ്ങനെ എയ്തുവിടുന്ന വാക്ശരങ്ങള്‍ നല്ല നിലയില്‍ കഴിയുന്ന എത്രയെത്ര ബന്ധങ്ങളെയാണ്‌ ഉലച്ചിട്ടുള്ളത്‌.ഒടുവില്‍ തങ്ങളുടെ ഭാഗത്താണ്‌ വീഴ്ച വന്നത്‌ എന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇനി തങ്ങളുടെ ഭാഗത്താണ്‌ തെറ്റ്‌ വന്നത്‌ എന്ന് തിരിച്ചറിഞ്ഞാല്‍ തന്നെ അതിന്റെ പേരില്‍ 'അന്യായമായി കുറ്റപ്പെടുത്തിയ' മര്‍ദ്ദിതനോട്‌ ഖേദം പ്രകടിപ്പിക്കാനോ മാപ്പ്‌ ചോദിക്കാനോ ഒന്നും ആരും മെനക്കെടാറില്ല. ഇനി അങ്ങനെ ചെയ്യണമെന്ന് വിചാരിച്ചാല്‍ തന്നെ പലപ്പോഴും അതിനു സാധിച്ചുകൊള്ളണമെന്നുമില്ല. ഫലമോ അന്യായമായി ഒരു നിരപരാധിയെ ഊഹത്തിന്റെയോ വെറുമൊരു ധാരണയുടെയോ ഒക്കെ അടിസ്ഥാനത്തില്‍ കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കാതെ കുറ്റപ്പെടുത്തിയതിന്റെ പാപഭാരം പേറണം. ഇത്തരത്തില്‍ എത്ര പേരെക്കുറിച്ചു നാം ഊഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും അതിന്റെയടിസ്ഥാനത്തില്‍ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തുകാണും. മാത്രമോ പലരോടും അതിനെക്കുറിച്ചു പറയുകയും അവരെക്കുറിച്ച്‌ മറ്റുള്ളവരുടെ മനസ്സുകളില്‍ അവാസ്തവങ്ങളായ വാര്‍ത്തകള്‍ പ്രചരിക്കാനിട വരുത്തുകയും ചെയ്യുന്നു എത്രത്തോളമെന്ന് വെച്ചാല്‍ വന്‍പാപങ്ങളിലെണ്ണിയ സമൂഹത്തിലെ പതിവൃതകളെക്കുറിച്ചും മാന്യന്മാരെക്കുറിച്ചുമൊക്കെ വ്യഭിചാരാരോപണം വരെ നടത്തി ഹരമുള്ള വാര്‍ത്തകള്‍ മെനയാന്‍ ഇന്ന് മത്സരിക്കുകയാണ്‌ ജനങ്ങള്‍. ഇതിന്റെയൊക്കെ അനന്തരഫലങ്ങളാകട്ടെ ദൂരവ്യാപകവുമായിരിക്കും. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കാതെയുള്ള ഇത്തരം ഊഹത്തിന്റെയടിസ്ഥാനത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ വ്യക്തികളില്‍ മാത്രം ഒതുങ്ങുന്നില്ല. സംഘടനകളും സമൂഹങ്ങളും എന്തിന്‌ രാഷ്ട്രങ്ങള്‍ തമ്മില്‍ വരെ ഇത്തരം ഊഹത്തിലധിഷ്ടിതമായ ധാരണകള്‍ വെച്ചുപുലര്‍ത്തി പരസ്പരം അകലം കാത്ത്‌ സൂക്ഷിക്കുകയും ഒരു വേള അത്‌ പരസ്പരമുള്ള ഏറ്റുമുട്ടലുകളിലെത്തിച്ചേരുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. ഇതുകൊണ്ടൊക്കെയാണ്‌ വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഊഹങ്ങളുടെ പിന്നാലെ പോകുന്നതിനെ അല്ലാഹു വിലക്കുന്നത്‌.

" ഹേ, വിശ്വസിച്ചവരെ ഊഹത്തില്‍ നിന്ന് മിക്കതും നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍. (കാരണം) നിശ്ചയമായും ഊഹത്തില്‍ ചിലത്‌ കുറ്റ(കര)മായിരിക്കും" (ഹുജുറാത്ത്‌) പക്ഷെ, പലപ്പോഴും പരിശുദ്ധ ഖുര്‍ആനിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക്‌ അതിന്റെ ആളുകളാണെന്നവകാശപ്പെടുന്നവര്‍ വരെ യാതൊരു വിലയും കല്‍പ്പിക്കാറില്ല. എന്തെങ്കിലും ഒരു വാര്‍ത്ത കേള്‍ക്കുമ്പോഴേക്കും അത്‌ സമൂഹമദ്ധ്യത്തില്‍ പ്രചരിപ്പിക്കുക ചിലര്‍ക്ക്‌ ഒരു ഹരമാണ്‌. അത്‌ പൊലിപ്പും തൊങ്ങലും വെച്ച്‌ വാര്‍ത്തകളുണ്ടാക്കി ആടിനെ പട്ടിയാക്കാന്‍ അവര്‍ അതിസമര്‍ത്ഥരുമായിരിക്കും. അങ്ങനെ എത്രയെത്ര നിരപരാധികള്‍ തങ്ങളുടെ അഭിമാനം ക്ഷതപ്പെട്ട്‌ സമൂഹമധ്യത്തില്‍ മര്‍ദ്ദിക്കപ്പെടുന്നു. എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കു് അതിന്‌ മോശമായ അര്‍ത്ഥവ്യാഖ്യാനം കണ്ടെത്തുന്നതും തെറ്റായ ധാരണ വെച്ചുപുലര്‍ത്തി നീചമായ മനസ്ഥിതിയോടെ മാന്യന്മാരെ അപമാനിക്കുന്നതിനുള്ള താല്‍പര്യം ഒരു വിശ്വാസിക്ക്‌ ഒട്ടും ഭൂഷണമല്ല. പലപ്പോഴും ഇതര സമൂഹങ്ങളും സംഘടനകളും അവയ്ക്കകത്തുള്ള ഗ്രൂപ്പുകള്‍ തമ്മിലും ഇത്തരം ഊഹങ്ങളിലധിഷ്ടിതമായ അവാസ്തവങ്ങളായ വാര്‍ത്തകളാല്‍ ആരോപണ പ്രത്യാരോപണങ്ങളുതിര്‍ക്കുന്നത്‌ ഇന്നൊരു പ്രബോധന ശൈലി തന്നെ ആയി മാറിയിരിക്കുന്നു. നുണപറഞ്ഞുകൊണ്ടും ഊഹങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും വ്യക്തിഹത്യ നടത്തിയുമൊക്കെ മതപ്രബോധനം നടത്തുന്നവര്‍ സത്യത്തില്‍ ആ മതത്തിന്‌ തീരാകളങ്കമുണ്ടാക്കി ആളുകളെ അതില്‍ നിന്നകറ്റുകയല്ലേ ചെയ്യുന്നത്‌? നല്ലതുണ്ടെങ്കിലും വൃത്തികേടുകള്‍ തേടി നടക്കുന്ന ഈച്ചകളെപ്പോലെ നല്ലതു കണാതെ ആളുകളുടെ സ്ഖലിതങ്ങള്‍ മാത്രം തേടുന്നതിലും കാണുന്നതിലുമാണ്‌ ആളുകള്‍ക്ക്‌ താല്‍പര്യം. ഭദ്രമായ ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന്‌ ഇത്തരം രോഗാണുവാഹകരായ ആളുകള്‍ ചെറുതല്ലാത്ത വിള്ളലുകളുണ്ടാക്കും. അതുകൊണ്ട്‌ ഒരു നല്ല വിശ്വാസി സമൂഹത്തെ ലക്ഷ്യം വെക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചേ മതിയാവൂ. താഴെയുള്ള പ്രവാചക വചനങ്ങള്‍ ശ്രദ്ധിക്കുക. *"നിങ്ങള്‍ ഊഹങ്ങളെ സൂക്ഷിക്കുക. നിശ്ചയം ഊഹം സംസാരങ്ങളില്‍ ഏറ്റവും കളവായതത്രെ" **"ഒരു മനുഷ്യന്‍ കള്ളം പറയുന്നവനാവാന്‍ അവന്‍ കേള്‍ക്കുന്നത്‌ മുഴുവന്‍ പറഞ്ഞ്‌ നടന്നാല്‍ മതി" ***"അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട്‌ പങ്ക്‌ ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക, ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു." (മുസ്‌ലിം

****"ഏതൊരുവന്റെ നാവില്‍ നിന്നും കയ്യില്‍ നിന്നും (ഉള്ള ഉപദ്രവങ്ങളില്‍ നിന്ന് മറ്റു) മുസ്‌ലിംകള്‍ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ്‌ മുസ്‌ലിം"

ഇതെല്ലാം പഠിപ്പിച്ച ഒരു മതത്തിന്റെയും പ്രവാചകന്റെയും അനുയായികള്‍ക്ക്‌ അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നുവെങ്കില്‍ പരലോകവിജയത്തിനുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിസ്സാരമാണെന്ന് ആളുകള്‍ വിചാരിക്കുന്ന ഇത്തരം കാര്യങ്ങളിലൊക്കെ തികഞ്ഞ സൂക്ഷ്മത കൈകൊള്ളാതിരിക്കില്ല.