നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Sunday, 19 June 2011

നല്ല പെരുമാറ്റം


വലിയ കഴിവുകളുണ്ടെങ്കിലും നല്ല പെരുമാറ്റം വശമില്ലാത്ത വ്യക്തി ചാക്കുകൾ നിറയെ സ്വർണ്ണമുണ്ടെങ്കിലും നിത്യചെലവിന്‌ തട്ടുനാണ്യം കൈവശമില്ലാത്തവനെപ്പോലെയാണ്‌

Wednesday, 3 November 2010

നിങ്ങളുടെ പേരും ആ രജിസ്റ്ററിൽ...

Nilaav No.008 Ningalude Peerum Aa rajisteril..

Saturday, 25 September 2010

നിങ്ങൾ വാങ്ങുന്നതും ഡ്യൂപ്ലിക്കേറ്റുകളല്ലെന്ന് ഉറപ്പുവരുത്തുക

Nilaav No.005 Ningal Vangunnathum

Wednesday, 11 August 2010

റമദാൻ നിലാവ്‌

കാലമിനിയുമിരുളും
അതിൽ,
റമദാൻ വരും
ഈദുൽ ഫിത്വർ വരും
ഈദുൽ അദ്‌ഹയും വരും

പിന്നെയും,
കൊഴിഞ്ഞുവീഴുമോരോ ദിനങ്ങളും ആഴ്ചകൾക്ക്‌ വഴിമാറും.
ആഴ്ചകൾ മാസങ്ങൾക്കും
മാസങ്ങൾ പുതുവർഷങ്ങൾക്കും ജന്മം നൽകും.
പുണ്യങ്ങളുടെ പൂക്കാലമായി ഈ 'അതിഥി'യിനിയും വരാം.
പക്ഷെ, അപ്പോളാരെന്നും മെന്തെന്നുമാർക്കറിയാം.

ഇല്ല, സ്വീകരിക്കാൻ നമ്മോടൊപ്പമുണ്ടായിരുന്ന പലരും
ഉണ്ടാവണമെന്നില്ല നാമും വരും വർഷങ്ങളിൽ
അതിനാൽ
അർഹിക്കും ഗൗരവം നൽകി
സ്വീകരിക്കാം നമുക്കിപ്പോഴീയഥിതിയെ


വരിക സോദരാ,
യരികത്തു ചേർന്നു നിൽക്കൂ
നമ്മിലിപ്പോഴുദയം ചെയ്തൊരീ 'ഹിലാലി'നെ നോക്കിയുരുവിടാം
തിരുദൂതർ പഠിപ്പിച്ചൊരാ പ്രാർത്ഥന
 

"നാഥാ...
ഉദയം ചെയ്യീക്കണമീ മാസത്തെ ഞങ്ങൾക്കായ്‌
നിർഭയത്വവും വിശ്വാസദൃഢതയും
ശാന്തിയും സമർപ്പണവും പ്രധാനം ചെയ്യും വിധം...."

Saturday, 10 July 2010

കോപത്തിലെ സംസാരം

കോപത്തിലായിരിക്കെ സംസാരിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. കാരണം പിശാചിന്‌ അത്‌ നല്ല ഒരവസരമാണ്‌.
അത്തരം സന്ദർഭങ്ങളിൽ "വലിയ ചില സംഗതികളാവാം' നമ്മെക്കൊണ്ട്‌ അവൻ സംസാരിപ്പിക്കുന്നത്‌. അതെ, 'ജീവിത കാലം മുഴുവൻ ദു:ഖിക്കാനിട വരുന്ന' വലിയ ചില സംഗതികൾ...

Monday, 31 May 2010

ധനം

ഒരാൾ കണക്കറ്റ ധനം നേടിയാലും വിധി അനുവദിക്കുന്നത്‌ മാത്രമല്ലേ അയാൾക്ക്‌ അനുവദിക്കാൻ പറ്റൂ.

Tuesday, 13 April 2010

പിതാവേ, ആ മരിച്ചത്‌ നിങ്ങളായിരുന്നെങ്കിൽ...

ലോവർ പ്രൈമറി സ്കൂളിലെ ഒരു മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി. സ്വാഭാവികമായും അവന്‌ എത്ര വയസ്സ്‌ ഉണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു ദിവസം ഇസ്ലാം മതകാര്യങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ ക്ലാസ്സ്‌ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ. അദ്ധ്യാപകൻ തന്റെ സംസാരത്തിനിടയിൽ ഫജ്‌റ് നമസ്കാരത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ ആ കുരുന്നുമനസ്സുകളെ സ്വാധീനിക്കുന്ന ശൈലിയിൽ വിശദീകരിച്ചുകൊടുത്തു. അത്‌ കേട്ടപ്പോൾ അവന്റെ കുരുന്നു മനസ്സിൽ ആഴത്തിൽ ചലനങ്ങളുണ്ടായി. ഇതുവരെയും അവൻ ഫജ്‌ർ നമസ്കരിച്ചിട്ടില്ല. അവന്റെ വീട്ടിൽ ആരും തന്നെ അത്‌ നമസ്കരിക്കുന്നതായി അവൻ കണ്ടിട്ടുമില്ല.

ക്ലാസ്സ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ടും അവന്റെ ചിന്ത മുഴുവൻ ആ നമസ്കാരത്തിന്റെ പ്രാധാന്യവും അത്‌ നമസ്കരിക്കാതിരുന്നാൽ കപട വിശ്വാസികളിൽ ഉൾപ്പെടുമല്ലോ എന്ന ഭയവുമായിരുന്നു. കപട വിശ്വാസികൾ നരകത്തിന്റെ അടിത്തട്ടിലാണെന്ന് അവൻ കേട്ടിട്ടുമുണ്ട്‌. അതുകൊണ്ട്‌ എങ്ങനെയെങ്കിലും നാളെ സുബ്‌ഹി നമസ്കരിക്കണമെന്ന് അവനുറച്ചു. പക്ഷെ, എങ്ങനെ നാളെ ആ നേരത്ത്‌ എഴുന്നേൽക്കും? ഏറെ ആലോചിച്ചിട്ടും അതിനൊരു വഴിയും അവൻ കണ്ടില്ല. ഒടുവിൽ നേരം വെളുക്കുംവരെ ഉറങ്ങാതിരിക്കാൻ തന്നെ അവൻ തീരുമാനിച്ചു. അതെ, കപട വിശ്വാസികളിൽ ഉൾപ്പെടാതിരിക്കാനും വളരെ പ്രാധാന്യം നിറഞ്ഞ ഫജ്‌ർ നമസ്കാരം നിർവ്വഹിക്കാനും പുലരും വരെ ഉറങ്ങാതെ അവൻ കാത്തിരുന്നു. സമയം വൈകുംതോറും കൺപോളകൾക്ക്‌ ഭാരം കൂടിവന്നു. കിടക്കണമെന്ന് അതിയായ ആഗ്രഹം. ബാങ്ക്‌ വിളിക്കാൻ ഇനിയും എത്രയോ നേരമുണ്ട്‌. കുറച്ച്‌ ഉറങ്ങി എഴുന്നേൽക്കാമല്ലോ... അരോ അവന്റെ ചെവിയിൽ മന്ത്രിക്കുന്നതുപോലെ. പിശാചായിരിക്കും. പ്രാഭാത നമസ്കാരം മുടക്കാൻ പിശാച്‌ വന്ന് ചെവിയിൽ മൂത്രമൊഴിക്കുന്നതിനെക്കുറിച്ച്‌ ഉസ്താദ്‌ പറഞ്ഞത്‌ അവന്‌ ഓർമ്മ വന്നു. അവൻ ആയത്തുൽ കുർസിയ്യ്‌ ഓതി. ഖുർആനെടുത്ത്‌ അറിയുന്ന സൂറത്തുകളും...

അല്ലാഹു അക്ബർ...അല്ലാഹു അക്ബർ...

നിശബ്ദമായ അന്തരീക്ഷത്തിലൂടെ ഒഴുകി വരുന്ന ഫജ്‌ർ നമസ്കാരത്തിനായുള്ള ബാങ്കിന്റെ അലയൊലികൾ കേട്ട്‌ അവൻ ചാടിയെഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു. അതുവരെ ഉറങ്ങാതിരുന്ന അവന്റെ മുമ്പിലതാ മറ്റൊരു പ്രതിബന്ധം.

പള്ളി കുറച്ചപ്പുറത്താണ്‌. നേരിയ ഇരുട്ടുള്ള ആ സമയത്ത്‌ കുറച്ചപ്പുറത്തുള്ള പള്ളിയിലേക്ക്‌ എങ്ങനെ തനിച്ചുപോകും? ഇത്രയും നേരം കാത്തിരുന്നിട്ട്‌...

അവൻ കരച്ചിലിന്റെ വക്കോളമെത്തി. സങ്കടം സഹിക്കാനായില്ല. പെട്ടെന്ന് വീടിനു മുമ്പിലുള്ള റോഡിലൂടെ ആരോ നടന്നുപോ-കുന്ന കാലൊച്ച അവൻ കേട്ടവൻ സൂക്ഷിച്ചു നോക്കി. മങ്ങിയ വെളിച്ചത്തിൽ അവൻ കണ്ടു. പള്ളിയെ ലക്ഷ്യം വെച്ച്‌ നടന്നുനീങ്ങുന്ന ആ രൂപം തന്റെ അയൽ വാസിയും കൂട്ടുകാരനുമായ അഹ്‌മദിന്റെ വല്യുപ്പയാണ്‌. അവനു സന്തോഷമായി. അവൻ പതുക്കെ ശബ്ദമുണ്ടാക്കാതെ ആ രൂപത്തെ പിന്തുടർന്നു. അയാളറിഞ്ഞാൽ ... തന്റെ വീട്ടുകാരെ അറിയിച്ചാൽ വീട്ടുകാർ തന്നെ തടയുമോ എന്നവൻ ഭയപ്പെട്ടു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

ഒരു ദിവസം, അയാൾ മരിച്ചു. വിവരം അവനുമറിഞ്ഞു. അവന്‌ സങ്കടം സഹിക്കാനായില്ല. അവൻ തേങ്ങിതേങ്ങിക്കരഞ്ഞു. അതുകണ്ട അവന്റെ മാതാപിതാക്കൾ അൽഭുതപ്പെട്ടു. പിതാവ്‌ അവനോട്‌ ചോദിച്ചു: "അയാൾ മരിച്ചതിന്‌ നീയെന്തിനാണിങ്ങനെ കരയുന്നത്‌? അദ്ദേഹം നിന്റെ സമപ്രായക്കാരനോ കളിക്കൂട്ടുകാരനോ അല്ല.?? നിന്റെ അടുത്ത ബന്ധുവും അല്ല???"

നിറഞ്ഞുതുളുമ്പിയ കണ്ണുകളുയർത്തി ആ കുരുന്ന് തന്റെ പിതാവിനെ നോക്കി വിക്കി വിക്കി പറഞ്ഞു:. "പിതാവേ.. അദ്ദേഹത്തിനു പകരം; മരിച്ചത്‌ നിങ്ങളായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ഇടിവെട്ടേറ്റവനെപ്പോലെ സ്തംഭിച്ചുപോയി ആ പിതാവ്‌. എന്താണ്‌ തന്റെ മകൻ ഈ രൂപത്തിൽ സംസാരിക്കുന്നത്‌. പിതാവായ തന്നേക്കാൾ അദ്ദേഹത്തെയാണോ ഇവൻ സ്നേഹിക്കുന്നത്‌? തന്നെ ഇവൻ ഇഷ്ടപ്പെടുന്നില്ലേ? പിതാവിന്റെ മനസ്സിൽ ഒട്ടേറെ ചോദ്യചിഹ്നങ്ങൾ... അതുമനസ്സിലാക്കിയിട്ടെന്നവണ്ണം കാപട്യമറിയാതെ, നിഷ്കളങ്കമായ മനസ്സോടെ ഗദ്‌ഗദമടക്കി അവൻ പറഞ്ഞു: "നിങ്ങൾ വിചാരിക്കുന്നതൊന്നുമല്ല കാരണം. എന്റെ ഫജ്‌ർ നമസ്കാരം നഷ്ടപ്പെടുമെന്ന കാര്യമോർത്തിട്ടാണ്‌. നാളെ... ഞാൻ എങ്ങനെ... ഫജ്‌റിന്‌ പള്ളിയിൽ പോകും..." അവൻ വിങ്ങിപ്പൊട്ടി. പിതാവ്‌ ഒന്നും മനസ്സിലാവാതെ അവനെ തുറിച്ചുനോക്കി. കരച്ചിലിനിടയിൽ അവൻ കാര്യങ്ങൾ പിതാവിനു വിശദീകരിച്ചു കൊടുത്തു. ഒരു നീണ്ട നിശ്വാസമുതിർത്തവൻ പറഞ്ഞു: "എന്താണ്‌ ബാപ്പാ നിങ്ങൾ ഫജ്‌ർ നമസ്കരിക്കാത്തത്‌? എന്താണ്‌ നിങ്ങൾക്കും ഞാൻ അവിടെ കണ്ട ആ നല്ല മനുഷ്യരെപ്പോലെ അവിടെ വന്ന് സുബ്‌ഹി നമസ്കരിച്ചാൽ..."
" നല്ല മനുഷ്യരോ? ആരാണവർ? എവിടെയ്‌ആണ്‌ നീ അവരെ കണ്ടത്‌?"
" പള്ളിയിൽ.. രാവിലെ നമസ്കരിക്കാൻ വരുന്നവർ..."

അവൻ തന്റെ കഥ മുഴുവൻ തന്റെ പിതാവിനോട്‌ വിശദീകരിച്ചു. ഒടുവിൽ കളങ്കമൊട്ടുമില്ലാത്ത ആ കുരുന്നു മനസ്സിൽ നിന്നുമുതിർന്ന വാക്കുകൾ ഇതായിരുന്നു.

" അവരൊക്കെ സ്വർഗ്ഗത്തിൽ പോകുമ്പോൾ എന്റെ ബാപ്പ മാത്രം... നരകത്തിന്റെ അടിത്തട്ടിലായ കപടവിശ്വാസികളുടെ കൂട്ടത്തിൽ..."
ഇപ്പോൾ വിങ്ങിപ്പൊട്ടിയത്‌ അയാളായിരുന്നു. അവന്റെ വാക്കുകൾ അയാളിൽ എവിടെയൊക്കെയോ ആഴത്തിൽ മുറിവുകളുണ്ടാക്കി. അയാൾ അവനെ കോരിയെടുത്തു. അയാളുടെ കണ്ണുകൾ നിറഞ്ഞു. അവനെ ആശ്ലേഷിച്ചുകൊണ്ടയാൽ പറഞ്ഞു: " മോനേ.. നീയെന്റെ കണ്ണുകൾ തുറന്നു. ഇനി മോനെ സുബ്‌ഹിക്ക്‌ പള്ളിയിൽ കൊണ്ടുപോകുന്നത്‌ ബാപ്പയായിരിക്കും." അന്നുമുതൽ അയാൾ കൃത്യമായും അതും പള്ളിയിൽ വെച്ച്‌ ജമാഅത്തായി തന്നെ നമസ്കരിക്കാൻ തുടങ്ങി.

സഹോദരാ.. ഇവിടെ നമുക്ക്‌ ഇതിനോക്കെ കാരണക്കാരനായ ആ നല്ല അദ്ധ്യാപകനും പിന്നെ, ആ ചെറിയ നെഞ്ചിനകത്തെ വലിയ മനസ്സിനുടമയായ കുട്ടിക്കും ഒരായിരം ആശീർ വാദങ്ങൾ നേരുന്നതോടൊപ്പം ആ പിതാവിന്‌ തന്റെ തീർമാനത്തിൽ ഉറച്ചു നിൽക്കാൻ തൗഫീക്കിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം. ശേഷം,നമ്മെക്കുറിച്ചൊരൽപ്പം ചിന്തയുമാവാം.

സഹോദരാ...
കുരുന്നു മനസ്സിൽ പോലും ഈമാനിന്റെ നാമ്പുകൾ മുള പൊട്ടുകയും ഉപദേശങ്ങൾ ഫലപ്പെടുകയും സ്രഷ്ടാവായ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും വാക്കുകൾ ആഴത്തിൽ പ്രതികരണമുണ്ടാക്കുന്നതിന്റെയും ചെറിയൊരു ഉദാഹരണമണു മുകളിൽ.

സഹോദരാ... വിനീതമായി പറയട്ടെ,
എത്ര കാലമായി മുസ്ലിമെന്ന നിലക്ക്‌ ജീവിക്കാൻ തുടങ്ങിയിട്ട്‌. എത്ര മതപ്രസംഗങ്ങൾ... ഖുതുബകൾ... ഉപദേശങ്ങൾ കേട്ടു. എന്നിട്ടും... "ഞങ്ങൾ കേട്ടു, പക്ഷേ അനുസരിക്കാനൊന്നും തയ്യാറല്ല" എന്ന ജൂതമനസ്സിനുടമകളായി കേൾക്കുകയും കേൾക്കുന്നതത്രയും മറ്റൊരു ചെവിയിലൂടെ പുറത്തേക്ക്‌ തള്ളുകയും ചെയ്യുന്നവരായി നമ്മൾ... മുസ്ലിമെന്ന നിലയിൽ മേനി നടിക്കുന്നവർ... ഒരു പക്ഷെ, തങ്ങളാണ്‌ ഇസ്ലാമിന്റെ യഥാർത്ഥ കക്ഷികൾ എന്നുകൂടി പറഞ്ഞ്‌ പ്രത്യേകം പരിചയപ്പെടുത്തുന്നവർ.. എന്നിട്ടും..... എന്നിട്ടും നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നതുപോലും ദൈവീക കൽപനകൾ ധിക്കരിച്ചുകൊണ്ടും.

ഖേദകരമെന്നല്ലാതെ എന്ത്‌ പറയാൻ.. ഇന്ന് നമ്മിലധികപേരും ഫജ്‌ർ നമസ്കാരം പാഴാക്കി കളയുന്നവരാണ്‌. പലരുടെയും ജീവിതനിഘണ്ടുവിൽ അങ്ങനെയൊരു നമസ്കാരം തന്നെ ഇല്ലാത്തതുപോലെ. ഇനി നമസ്കരിക്കുന്നവരുടെ സ്ഥിതി തന്നെ എന്താണ്‌? പള്ളിയിൽ പോയി നമസ്കരിക്കുക എന്ന ഒരു കാര്യം തന്നെ ആളുകൾക്കറിയില്ല. ഇനി വീട്ടിൽ നിന്ന് അതു നിർവ്വ്വഹിക്കുന്നവരോ, അത്‌ അതിന്റെ സമയത്തല്ല നിർവ്വഹിക്കുന്നത്‌. പലരും ളുഹ്‌ർ നമസ്കാരത്തിന്റെ കൂടെയോ മറ്റ്‌ ഏതെങ്കിലും നമസ്കാരത്തിന്റെ കൂടെയോ ആണ്‌ അത്‌ നിർവ്വഹിക്കാറ്‌. പലരും ഇതിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ലാത്തതുപോലെയാണ്‌.

പ്രിയപ്പെട്ട സഹോദരാ...
നമ്മിൽ ഒരാൾ ഒരാളെ ആത്മാർത്ഥമായും സത്യസന്ധമായും ആണ്‌ സ്നേഹിക്കുന്നതെങ്കിൽ ഒരാളെ കണ്ടുമുട്ടുന്നത്‌ അപരന്‌ ഇഷ്ടമാല്ലാതിരിക്കുമോ? എന്നല്ല, ആ സ്നേഹത്തിന്റെ തോതനുസരിച്ച്‌ അയാളുടെ ചിന്തയിൽ അധിക സമയവും അയാളായിരിക്കുകയും ചെയ്യും. അങ്ങനെ സ്നേഹിക്കുന്ന ഒരാളെ കണ്ടുമുട്ടുന്ന സമാഗമ സമയമടുത്താൽ താൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന തന്റെ സ്നേഹ ഭാജനത്തെ കണ്ടല്ലാതെ ഉറങ്ങാൻ പോലും കഴിയില്ല. അപ്പോൾ അല്ലാഹുവിൽ വിശ്വസിച്ച്‌ മറ്റെല്ലാറ്റിനേക്കാളും അവനെ സ്നേഹിക്കുന്നുവേന്ന് പറയുന്ന ഒരാൾ പ്രഭാത നമസ്കാരത്തിനായി എഴുന്നേറ്റ്‌ പള്ളിയിൽ പോയി നമസ്കരിക്കാതെ കിടന്നുറങ്ങിയാൽ അവന്റെ സ്നേഹമെങ്ങനെയാണ്‌ ആത്മാർത്ഥമാവുക? സത്യത്തിൽ അവൻ അവന്റെ മഹത്വത്തെ അംഗീകരിക്കുകയും അവനെ കണ്ടുമുട്ടണമെന്ന് അഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ?

ഒരു കോടീശ്വരൻ, ഒരു ഓഫർ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിനു് ഒരു ജോലിക്കാരനെ വേണം. അതിരാവിലെ അദ്ദേഹതെ വിളുച്ചുണർത്തലാണ് ജോലി. ഏതാനും മിനിട്ടുകൾ എടുക്കുന്ന ഇത്രയും നിസ്സാരമായ ജോലിക്ക്‌ ഓരോ ദിവസവും അദ്ദേഹം 200 ദീനാർ വീതം നൽക്കും. തന്റെ ജോലി കൃത്യമായി എത്ര കാലത്തോളം ചെയ്യുന്നുവോ അത്രയും കാലം ദിവസവും ഈ ഓഫർ ജോലിക്കാരന്‌ ലഭിക്കുന്നതായിരിക്കും. എന്നാൽ തക്കതായ യാതൊരു കാരണവും കൂടാതെ തന്റെ കൃത്യനിർവ്വഹണത്തിൽ അലംഭാവം കാണിച്ചാൽ അന്നുമുതൽ ജോലി നഷ്ടമാവും.

പ്രിയപ്പെട്ട സഹോദരാ.. ഇങ്ങനെയൊരു ഓഫർ നിങ്ങൾ അറിയാനിടവന്നാൽ ഏതൊക്കെ നിലക്ക്‌ ആ ജോലി കരസ്ഥമാക്കാൻ ശ്രമിക്കും. ഏതൊക്കെ ആളുകളെ പോയി കണ്ട്‌ വാസ്തക്ക്‌ ശ്രമിക്കും. എങ്ങനെയെങ്കിലും ആ ജോലിയൊന്നു ശരിയായി കിട്ടാൻ. അങ്ങനെ ആ ജോലി കിട്ടിയെന്ന് വിചാരിക്കുക. എന്നാൽ എത്രമാത്രം ജാഗ്രതയോടെയായിരിക്കും കൃത്യസമയത്തിനും മുമ്പേയുണർന്ന് തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ശ്രമിക്കുക. കാരണം കൃത്യമായി ജോലി നിർവ്വഹിച്ചാൽ ദിവസവും കിട്ടുന്ന 200 ദീനാറിന്റെ വിലയും അലംഭാവം കാണിച്ചാലുണ്ടാവുന്ന നഷ്ടത്തെക്കുറിച്ചും ശരിക്കുമവനറിയാം. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ദിവസം അതിനു കഴിയാതെ വന്നാൽ അതിൽ എത്രമാത്രം വിഷമവും ബേജാറും ആ ജോലിക്കാരനുണ്ടാവും. തക്കതായ കാരണംകൊണ്ടാണ്‌ അന്നതിന്‌ കഴിയാതെ വന്നത്‌ എന്ന് സ്ഥാപിക്കാൻ ഏതൊക്കെ മാർഗ്ഗത്തിലായിരിക്കും അയാൾ ശ്രമിക്കുക.

എങ്കിൽ സഹോദരാ..
സൃഷ്ടിച്ച്‌ ഈ രൂപത്തിലാക്കി ജോലി നൽകി, ഭക്ഷണം നൽകി, എന്നുവേണ്ട എല്ലാ അനുഗ്രങ്ങളും നൽകിയ ആ അനുഗ്രഹ ദാദാവായ സൃഷ്ടാവിനുവേണ്ടി ദിവസവും രാവിലെ ഉറക്ക്‌ വിട്ടെഴുന്നേറ്റ്‌ ഏതാനും മിനുട്ടുകൾ അവൻ ചെയ്ത അനുഗ്രഹങ്ങൾക്ക്‌ നന്ദികാണിക്കാൻ തയ്യാറാവുന്നില്ലെങ്കിൽ...

"നിങ്ങൾക്കെന്തുപറ്റി? അല്ലാഹുവിന്‌ യാതൊരു ഗാംഭീര്യവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ലേ?" (വി.ഖു:71:13)     എന്ന അല്ലാഹുവിന്റെ വചനം ഭയപ്പെടുക.

സഹോദരാ‍ാ.. ഇസ്ലാമെന്നാൽ പൂർണ്ണമായ സമർപ്പണമാണെന്നും സർവ്വലോകരക്ഷിതാവും അവന്റെ അടിമയും തമ്മിലുള്ള ഒരു കരാറാണെന്നുമൊക്കെ താങ്കൾ മനസ്സിലാക്കിയതല്ലേ. വല്ലപ്പോഴും നമസ്കരിക്കുന്ന ഒരാളാണ്‌ താങ്കൾ എങ്കിൽപോലും എത്രപ്രാവശ്യം ഹൃദയത്തിനുമുകളിൽ കൈവെച്ച്‌ "തീർച്ചയായും എന്റെ നമസ്കാരവും ബലിയും എന്റെ ജീവിതവും മരണവും സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു." എന്ന പ്രതിജ്ഞ താങ്കൾ ആവർത്തിച്ചിട്ടുണ്ടാവും. താങ്കൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളോട്‌ നിരന്തരമായി കരാർ ലംഘനം നടത്താൻ താങ്കൾ തായ്യാറാവുമോ? ഇല്ലെങ്കിൽ പിന്നെ, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവോട്‌ അതാവാമെന്നാണോ?

"കപടവിശ്വാസികൾക്ക്‌ ഏറ്റവും പ്രയാസകരമായ നമസ്കാരമാണ്‌ 'ഫജ്‌റും' 'ഇശാഉ'മെന്നും അവ രണ്ടിന്റെയും പ്രാധാന്യമവർ അറിഞ്ഞിരുന്നുവെങ്കിൽ മുട്ടുകുത്തി ഇഴഞ്ഞിട്ടെങ്കിലും അവരതിനു വരുമായിരുന്നു" എന്ന പ്രവാചക വചനവും "തീർച്ചയായും നമസ്കാരം സത്യവിശ്വാസികൾക്ക്‌ സമയം നിർണ്ണയിക്കപ്പെട്ട ഒർ ബാധ്യതയാകുന്നു" എന്ന അല്ലാഹുവിന്റെ വചനവും ഒന്ന് മനസ്സിരുത്തി വായിച്ച്‌ ആത്മാർത്ഥമായി സ്വന്തത്തോട്‌ ചോദിച്ചുനോക്കുക.
സ്വന്തം സ്രഷ്ടാവിനോട്‌ ചെയ്യുന്ന കരാർ പാലിക്കുന്നതിൽ താൻ എത്രമാത്രം ആത്മാർത്ഥത കാണിക്കുന്നുണ്ടെന്ന്...

ഇത്രയൊക്കെ വായിച്ചിട്ടും ഇതിലൊന്നും വലിയ കാര്യമില്ലെന്ന മട്ടിൽ 'കുഷ്ഠരോഗം ബാധിച്ച മനസ്സിനുടമകളായി' അവൻ നൽകിയ അനുഗ്രഹങ്ങൾക്ക്‌ നന്ദി കാണിക്കാതെ, അവൻ നൽകിയ സുഖസൗകര്യങ്ങൾ ആസ്വദിച്ച്‌ പിശാചിന്റെ ദുബോധനവും കേട്ട്‌ സുഖ നിദ്ര തുടരാൻ തന്നെയാണ്‌ വീണ്ടും താങ്കളുടെ തീരുമാനമെങ്കിൽ.... കുടുതലായൊന്നും പറയാനില്ല.
പക്ഷെ, ഓർക്കുക.
ആ ഉറക്കം ഒരു പക്ഷെ, ഉണരുന്നത്‌ വരണ്ടുണങ്ങിയ ഭൂമിയിൽ വെട്ടിയ ആറടി നീളത്തിലുള്ള കുടുസ്സായ ഖബറിൽ വെച്ചാവാം. അവിടെ പട്ടുമെത്തയോ വിലകൂടിയ ബ്ലാങ്കറ്റുകളോ ഒരു ചെറിയ തലയിണപോലുമോ ഉണ്ടാവില്ല. എന്തൊക്കെ സമ്പാധിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും എത്ര കോടിയുടെ ആസ്തിയുള്ളവനാണെങ്കിലും ഏറ്റവും വില കുറഞ്ഞ മൂന്ന് കഷ്ണം വെള്ളെത്തുണിയിൽ ചുറ്റിപ്പൊതിഞ്ഞ്‌ ....
ഉണരുമ്പോൾ ഇടത്തും വലത്തുമായി കാത്തിരിക്കുന്ന രണ്ടു മലക്കുകളെ നേരിടാൻ ഒരുങ്ങിക്കൊള്ളുകയും ചെയ്യുക. ശേഷം നന്നായിട്ടൊരു ഉറക്കം ഉറങ്ങുകയും ചെയ്യാം. "ലഭിക്കാനിരിക്കുന്ന ഭയാനകമായ ശിക്ഷകൾ കണ്ട്‌ ആസ്വദിച്ചുകൊണ്ടായിരിക്കുമെന്ന് മാത്രം.

ഇനി അതല്ല, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വന്നുപോയതിൽ കുറ്റബോധവും ഒരു വീണ്ടുവിചാരത്തിനു തയ്യാറുമാണെങ്കിൽ അല്ലാഹുവിനോട്‌ മാപ്പിറക്കുക.
അടുത്ത പ്രഭാതം മുതൽ അല്ല, അടുത്ത അല്ലാഹുവിന്റെ വിളി മുതൽ അതിനു ഉത്തരം നൽകാൻ തയ്യാറാവുകയും ചെയ്യുക.

നിലാവിന്റെ ഈ വിഷയകമായുള്ള മറ്റു ലഘുലേഖകൾ കൂടി കാണുക. അതും നിങ്ങൾക്ക്‌ വെളിച്ചമേകാതിരിക്കില്ല.
പരമകാരുണികൻ അനുഗ്രഹിക്കട്ടേ.