നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Friday 20 November 2009

ക്ഷോഭത്തിൽ ഒന്നും ചെയ്യരുത്‌

ക്ഷോഭത്തില്‍ ഒന്നും ചെയ്യരുത്.
കൊടും കാറ്റടിക്കുമ്പോള്‍ ആരും കപ്പലോടിക്കുകയില്ലല്ലോ.

Sunday 15 November 2009

യഥാർത്ഥ വിജയി

മനുഷ്യ ജിവിതത്തില്‍ പരിക്ഷണങ്ങള്‍ നിഴല്‍പോലെ പിന്തുടരാം.
അതിനെ ബുദ്ധിപരമായി നേരിടുന്നവനെത്രേ യഥാര്‍ത്ഥ വിജയി.

Monday 12 October 2009

വിഷം

തേളിനു് വാലിലാണ്‌ വിഷം.
ഈച്ചക്ക്‌ തലയിലും.
പാമ്പിനാകട്ടെ പല്ലിലാണ്‌ വിഷം.
പക്ഷെ,
ദുഷ്ട ജനങ്ങളുടെ ശരീരം മുഴുവൻ വിഷമയമാണ്‌
.

Monday 24 August 2009

രോഗം ഗൗരവമുള്ളതാണ്‌.

അതെ,
വെച്ചുകൊണ്ടിരുന്നാൽ അപകടമാണെന്നും അതിന്റെ പര്യവസാനം വേദനാജനകമാണെന്നും ഉത്തമ ബോധ്യം വന്നാൽ എത്രയും പെട്ടെന്ന് ണല്ലോരു ഡോക്ടറെ കാണണം. രോഗത്തിന്റെ ഗൗരവമനുസരിച്ച്‌ എത്ര വിലകൂടിയതാണെങ്കിലും ഡോക്ടർ കുറിച്ചുതരുന്ന മരുന്നുകൾ വാങ്ങി എന്ത്‌ ചിട്ടകൾ പാലിച്ചും കൃത്യമായി മരുന്നു കഴിച്ച്‌ രോഗം മാറ്റാൻ ശ്രമിക്കണം.
രോഗം മൂർച്ഛിച്ച്‌ പൊട്ടിയൊലിച്ച്‌ ദുർഗന്ധം വമിക്കുന്ന വൃണങ്ങളുമായി വേദന തിന്നേണ്ടി വരുന്ന നാളുകളെകുറിച്ച്‌ ഭയന്നാൽ...
ചികിൽസക്കാവശ്യമായ പണം കൈയിലില്ലെങ്കിൽ മറ്റുള്ളവരോട്‌ വാങ്ങിയിട്ടാണെങ്കിലും ഡോക്ടർ കുറിച്ചു തന്ന മരുന്ന് വാങ്ങിക്കഴിച്ച്‌ രോഗം മാറ്റാൻ ശ്രമിക്കണം അല്ലേ...

ബുദ്ധിയുള്ള ആരെങ്കിലും ഗൗരവമുള്ള ഒരു രോഗം ബാധിച്ചിട്ട്‌ ഡോക്ടറെ കണ്ട്‌ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും ഡോക്ടർ കുറിച്ചു കൊടുത്ത മരുന്നു ചീട്ടുമായി പിന്നെയാകട്ടെ എന്ന് വിചാരിച്ച്‌ നടക്കുമോ?
എന്നാൽ ചികിൽസിക്കാനുള്ള പണവും മറ്റ്‌ സൗകര്യങ്ങളും ഉണ്ടായിട്ടും ഗുരുതരമായ രോഗത്തിനു ചികിൽസിക്കാൻ ധൃതികാണിക്കാതെ പിന്നേക്ക്‌ പിന്നേക്ക്‌ നീട്ടുന്ന ഒരാളെക്കുറിച്ച്‌ നിങ്ങളെന്ത്‌ പറയും..?
വിഡ്ഢിയെന്നോ... ജീവിതത്തിന്റെ വിലയറിയാത്ത ബുദ്ധിശൂന്യനെന്നോ...
അതല്ല, അയാളെ വിളിക്കാൻ അതിനേക്കാൾ പറ്റിയ വല്ല പദങ്ങളും തേടുകയാണോ നിങ്ങൾ എങ്കിൽ,
അല്ലാഹുവിലും സത്യമതത്തിലും വിശ്വസിക്കുന്നു എന്നു പറയുന്ന,
നരകവും സ്വർഗ്ഗവും സത്യമാണെന്നും നരകത്തിന്റെ ഭയാനകതയെക്കുറിച്ച്‌ മനസ്സിലാക്കി അതിൽ നിന്നുള്ള മുക്തിക്കും ഇഹപര വിജയത്തിനും മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് വ്യക്തമായി മാർഗ്ഗ നിർദ്ദേശം നൽകുന്ന ദൈവത്തിന്റെ അടുക്കൽ നിന്നുള്ള സത്യസന്ദേശമാണ്‌ ഖുർആൻ എന്ന് ഉറച്ചു
വിശ്വസിക്കുന്ന,
അത്‌ പഠിക്കലും ഉൾക്കൊണ്ട്‌ ജീവിക്കലും ഒരു മുസ്‌ലിമിന്റെ ബാധ്യതയാണെന്നറിയാവുന്ന,
അതിൽ നിന്നും പാരായണം ചെയ്യപ്പെടുന്ന ഒ‍ാരോ അക്ഷരത്തിനും പ്രതിഫലം ലഭിക്കുമെന്ന് മനസ്സിലാക്കിയ,
നിങ്ങളിലെ ഏറ്റവും ഉത്തമൻ ഖുർആൻ പഠിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവ്നാണെന്ന് പഠിച്ച,
ഖുർആൻ സന്മാർഗ്ഗവും ഹൃദയങ്ങളിലുള്ള രോഗങ്ങൾക്ക്‌ ശമനവുമാണെന്ന് മനസ്സിലാക്കിയ,
ഖുർആനിന്റെ അനുയായിയാണെന്ന് അഭിമാനിക്കുകയും അവകാശപ്പെടുകയും ചെയ്യുന്ന നാം...
ആ ഖുർആനുമായുള്ള നമ്മുടെ ബന്ധം..???
അതിലെ എത്ര ആയത്തുകളുടെ അർത്ഥമറിയാം നമുക്ക്‌...?
ജീവിതത്തിലൊരിക്കലെങ്കിലും അതിൽ എന്താണെന്ന് അറിയാൻ നാം ശ്രമിച്ചിട്ടുണ്ടോ?
നിത്യജീവിതത്തിൽ പാരായണം ചെയ്ത്‌ പ്രതിഫലം കരസ്ഥമാക്കാൻ ശ്രമിക്കാറുണ്ടോ?
എന്തിനേറേ, തെറ്റുകൂടാതെ അത്‌ പാരായണം ചെയ്യാൻ അറിയുമോ?
അത്‌ പഠിച്ചറിയുകയും മറ്റുള്ളവർക്ക്‌ എത്തിക്കുകയും ചെയ്യേണ്ട നാം എത്രമാത്രം അതിനോട്‌ കൂറുപുലർത്തി ജീവിക്കുന്നു...?
ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ അത്‌ നമ്മുടെ വഴികാട്ടിയും പ്രയാസങ്ങൾക്ക്‌ ശാന്തിയായും ആയിത്തീരാറുണ്ടോ?
ചോദ്യങ്ങൾ തീരുന്നില്ല.
പക്ഷെ, ചോദിക്കപ്പെട്ടവക്കു തന്നെ ഉത്തരം തൃപ്തികരമല്ലാത്ത അവസ്ഥയാണെങ്കിൽ...
പണവും സൗകര്യവും ഉണ്ടായിട്ടും മാരകമായ രോഗത്തിന്‌ ചികിൽസിക്കാതെ, ഡോക്ടർ കുറിച്ചു കൊടുത്ത മരുന്നു ചീട്ടുമായി നടക്കുന്ന രോഗിയെ വിളിക്കാൻ പദങ്ങൾ തേടിയ നാം നമ്മെ എന്ത്‌ പേരിട്ട്‌ വിളിക്കും???
അതെ, സഹോദരാ‍ാ‍ാ... രോഗം ഗൗരവമുള്ളതാണ്‌...
വെച്ചുകൊണ്ടിരുന്നാൽ അപകടമാണ്‌. പിന്നീട്‌ ചികിൽസിക്കാൻ കഴിഞ്ഞില്ലെങ്കിലോ, അല്ലെങ്കിൽ ചികിൽസ ഫലിക്കാതെ, പൊട്ടിയൊലിച്ച്‌ ദുർഗന്ധം വമിക്കുന്ന വൃണങ്ങളായി രൂപപ്പെട്ട്‌ വേദനാപൂർണ്ണമായ ജീവിതമാവും ഫലം.
അതുകൊണ്ട്‌ സഹോദരാ.. ഉണരുക..
നീണ്ടുപോകുന്ന ഈ ആലസ്യത്തിൽ നിന്ന് നരകത്തിലേക്ക്‌ ക്ഷണിക്കുന്ന പിശാചിന്റെ പിടിയിൽ നിന്ന്.
നേർമാർഗ്ഗത്തിൽ നിന്ന് നമ്മെ തെറ്റിക്കാൻ അവൻ വരുന്നത്‌ സുഹൃത്തുക്കളുടെ രൂപത്തിലാവും ടി.വിയുടെയും സീഡിയുടെയും സീരിയലുകളുടെയും മറ്റു പലതിന്റെയും കോലത്തിലാവും. ജീവിത ലക്ഷ്യത്തെ മറപ്പിച്ച്‌ അവൻ നമ്മെ നരകത്തിൽ കൊണ്ടെത്തിക്കും. നാളെയാകട്ടെ, പിന്നെയാകട്ടെ എന്നാണ്‌ ഇനിയും നിങ്ങളുടെ ചിന്തയെങ്കിൽ...
സുഹൃത്തെ, അറിയുക. താങ്കൾ വ്യക്തമായും പിശാചിന്റെ കെണിയിൽ തന്നെയാണ്‌. ആരാണ്‌ നാളെ വരെ ജീവിക്കും എന്നതിന്‌ താങ്കൾക്ക്‌ ഉറപ്പ്‌ നൽകിയത്‌?
സഹോദരാ.. അടുത്തൊന്നും വരരുത്‌ എന്ന് ഭയക്കുന്ന; ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഹൃദയമിടിപ്പുകൾ ഓരോന്നും മിടിച്ചു തീരുന്നതിനനുസരിച്ച്‌ നാം അടുത്തുകൊണ്ടിരിക്കുന്ന് മരണത്തെക്കുറിച്ച്‌ സ്രഷ്ടാവിന്റെ തന്നെ വാക്കുകൾ ശ്രദ്ധിക്കൂ:
"നിങ്ങൾ പേടിച്ചോടിക്കൊണ്ടിരിക്കുന്ന മരണം,
തീർച്ചയായും അത്‌ നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. നിങ്ങൾ എവിടെയായിരുന്നാലും . കെട്ടിയുണ്ടാക്കിയ ഭദ്രമായ കോട്ടക്കൊത്തളങ്ങൾക്കുള്ളിലാണെങ്കിൽ പോലും മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും."
"അങ്ങനെ അത്‌ നിന്റെ തോളെല്ലിങ്കൽ എത്തിയാൽ..
കണങ്കാൽ കണങ്കാലുമായി കൂടിപ്പിണഞ്ഞാൽ ഇനി രക്ഷയില്ലാ എന്നുറപ്പായാൽ..
നീ കെഞ്ചും.
'എന്റെ റബ്ബേ.. കുറച്ചൊരവധി തന്ന് എന്നെ നീട്ടിയിടേണമേ...
ഞാൻ പിന്നേക്ക്‌ മാറ്റിവെച്ച എല്ലാ കാര്യങ്ങളിലും സൽകർമ്മങ്ങൾ ചെയ്യാം' പക്ഷെ, അത്‌ നീ പുലമ്പിക്കൊണ്ടിരിക്കുന്ന വെറും വർത്തമാനം മാത്രം. ഒരു നിമിഷം പോലും നിന്നെ നീട്ടിയിടുന്ന പ്രശ്നമില്ല."
"ഹേ മനുഷ്യാ... നിന്നെ സൃഷ്ടിച്ച്‌ ശരിപ്പെടുത്തിയ നിന്റെ റബ്ബിന്റെ കാര്യത്തിൽ എന്താണ്‌ നിന്നെ വഞ്ചിച്ചു കളഞ്ഞത്‌?"
"നിങ്ങളെ നാം വെറുതെ കളിയായി സൃഷ്ടിച്ചതാണെന്നും നിങ്ങൾ നമ്മുടെ അടുക്കലേക്ക്‌ മടങ്ങിവരികയില്ലെന്നും വിചാരിച്ചുവല്ലേ..."
"വലിയ തീ ജ്വാലകളുള്ള കൊട്ടാര സമാനമായ വലുപ്പത്തിൽ ഒട്ടകക്കൂട്ടങ്ങൾ കണക്കെ തീപ്പൊരി ചിതറുന്ന ഭയാനകമായ നരകം.." അതാണ്‌ നിങ്ങൾക്കുള്ള സങ്കേതം. അതിലെ വേദനാജനകമായ ശിക്ഷകൾ അനുഭവിച്ചുകൊണ്ട്‌ നിങ്ങളതിൽ ശാശ്വതരായി കഴിയുക. ഇതേക്കുറിച്ച്‌ മുന്നറിയിപ്പ്‌ നൽകാൻ നിങ്ങളുടെ അടുക്കൽ ആളുകൾ വന്നിരുന്നില്ലേ? അപ്പോൾ നിങ്ങൾ അവരെ കളവാക്കി. എന്റെ ആയത്തുകളെ നിങ്ങൾ അവഗണിച്ചു. ഞങ്ങളുടെ റബ്ബേ.. ഞങ്ങളുടെ ദൗർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങൾ വഴികേടിലായിരുന്നു.ഒഴുകുന്നവരോടൊപ്പം ഞങ്ങളും ഒഴുകി. അതുകൊണ്ട്‌ ഞങ്ങൾക്ക്‌ ഒരു അവസരം കൂടി നൽകി ഭൂമിയിലേക്ക്‌ അയക്കേണമേ... കത്തിജ്വലിക്കുന്ന നരകത്തിൽ നിന്ന് പുറത്താക്കിത്തരേണമേ...."
ദയനീയമായ മനുഷ്യന്റെ രണ്ടാമത്തെ കെഞ്ചൽ..
"മിണ്ടരുത്‌...നിന്ദ്യരായി നിങ്ങളതിൽ കഴിയുക."
റബ്ബിന്റെ മറുപടി...
അതെ, റബ്ബിന്റെ ആയത്തുകൾ മാനിക്കാതെ അവൻ നൽകിയ അനുഗ്രഹങ്ങൾക്ക്‌ നന്ദി കാണിക്കാതെ തന്റെ അക്രമം ബോധ്യപ്പെട്ട മനുഷ്യൻ ദു:ഖവും വ്യസനവും സഹിക്കാതെ വിരൽ കടിച്ചു കൊണ്ട്‌ അതി ദയനീയമായി വിലപിക്കുന്നു: "റസൂലിന്റെ മാർഗ്ഗം ഞാൻ സ്വീകരിച്ചിരുന്നുവേൺകിൽ എത്ര നന്നായിരുന്നു. എന്റെ കഷ്ടമേ... ഇന്ന ആളെ ഞാൻ മിത്രമായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ... എത്ര നന്നായിരുന്നു. ഹോ.. എനിക്ക്‌ ഈ കാര്യത്തെക്കുറിച്ച്‌ അറിവ്‌ വന്നു കിട്ടിയതിനു ശേഷവും അതിൽ നിന്ന് അവൻ എന്നെ തെറ്റിച്ചു കളഞ്ഞല്ലോ.."

ഇനി എന്താണ്‌ രക്ഷ...
കാരുണ്യത്തിന്റെ പ്രവാചകൻ തന്നെ രക്ഷിക്കുമോ? ശുപാർശ പറയുമോ?
"എന്റെ രക്ഷിതാവേ... തീർച്ചയായും എന്റെ ജനത ഈ ഖുർആനെ വെടിഞ്ഞു കളഞ്ഞു."
ഇല്ല അവിടെയും രക്ഷയില്ല. പ്രവാചകനും തള്ളിപ്പറയുകയാണ്‌. ഇനി ഭയാനകമായ നരകാഗ്നിയിൽ, മുഖം വികൃതമായി പല്ലിളിച്ച്‌ ഒരിക്കലും അവസാനിക്കാത്ത വേദനാജനകമായ ജീവിതം...
എത്ര ഭയാനകമായിരിക്കും അത്‌.. സഹോദരാ‍ാ‍ാ‍ാ‍ാ... കാര്യം ഗൗരവമുള്ളതാണ്‌. നശ്വരമായ ഭൗതിക നേട്ടങ്ങൾക്കു വേണ്ടി പലതും നേടിയ നാം.. ഉന്നതമായ ജോലിക്കും സ്ഥാനമാണങ്ങൾക്കും വേണ്ടി മേൽക്കുമേൽ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയ നാം.. നമ്മുടെ ജീവിത ലക്ഷ്യത്തെക്കുറിച്ചും ശാശ്വതമായ പരലോകമോക്ഷത്തെക്കുറിച്ചുമൊക്കെ പറഞ്ഞു തരുന്ന ഈ മഹത്തായ ഗ്രന്ഥത്തെക്കുറിച്ച്‌ മനസ്സിലാക്കാൻ ഇതുവരെയായി എന്താണ്‌ ചെയ്തത്‌.?
ആത്മാർത്ഥമായി സ്വമനസ്സിനോട്‌ ഈ ചോദ്യം പലവുരു ചോദിക്കുക. ഉത്തരം തൃപ്തികരമല്ലെന്ന് തോന്നുന്നുവേൺകിൽ ഏറെ വൈകിയെന്ന് മനസ്സ്‌ കുറ്റപ്പെടുത്തുന്നുവേൺകിൽ,
ഒട്ടും സമയം കളയാതെ ഇന്നു തന്നെ ഒരു തീരുമാനം എടുക്കുക. എന്റെ ഇഹപര ജീവിതത്തിനു് നിദാനമായ പരിശുദ്ധ ഖുർആൻ പഠിക്കാനും പാരായണം ചെയ്യാനും ഇന്നുമുതൽ സമയം കണ്ടെത്തുമെന്ന്. ഇപ്പോൾ തന്നെ അതിനുള്ള വഴികൾ തേടുക. അല്ല , ഇതൊക്കെ വായിച്ചിട്ടും മനസ്സിലാക്കിയിട്ടും യാതൊന്നും തോന്നുന്നില്ലെങ്കിൽ...
അത്തരക്കാരോട്‌ കൂടുതലായി എന്ത്‌ പറയാൻ...
താഴെയുള്ള ദൈവീക വചനങ്ങൾ അല്ലാതെ...
"നമ്മുടെ ആയത്തുകളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവർ... അവർക്ക്‌ വേണ്ടി ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത്‌ വരെ അവർ സ്വർഗ്ഗത്തിൽ കടക്കുകയുമില്ല. അപ്രകാരമാണ്‌ നാം കുറ്റവാളികൾക്ക്‌ പ്രതിഫലം നൽകുന്നത്‌. അവർക്ക്‌ നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ്‌ നാം അക്രമികൾക്ക്‌ പ്രതിഫലം നൽകുന്നത്‌."
"എന്റെ ഉൽബോദനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞു കളയുകയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണ്‌ ഉണ്ടായിരിക്കുക. ഉയിർത്തഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധമായ നിലയിൽ എഴുന്നേൽപ്പിച്ച്‌ കൊണ്ടു വരുന്നതാണ്‌. അവൻ പറയും: എന്റെ രക്ഷിതാവേ: നീ എന്തിനാണെന്നെ അന്ധനായ നിലയിൽ എഴുന്നേൽപിച്ച്‌ കൊണ്ടു വന്നത്‌? ഞാൻ കാഴ്ചയുള്ളവായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെ തന്നെയാകുന്നു: നിനക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങൾ വന്നെത്തുകയുണ്ടായി. എന്നിട്ട്‌ നീ അത്‌ മറന്നുകളഞ്ഞു. അത്‌ പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു."

Wednesday 22 July 2009

ഒടുവില്‍ മൊഴി ചൊല്ലാന്‍ തന്നെ...




ഒടുവില്‍ വളരെയേറെ ചിന്തിച്ചതിനു ശേഷം തന്നെയാണ്‌ അങ്ങനെയൊരു തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്‌. അതെ, ഇത്രയൊക്കെ അവളേക്കുറിച്ച്‌ മനസ്സിലാക്കിയ സ്ഥിതിക്ക്‌ ഇനിയും അവളെ കൊണ്ടു നടക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌?
വയ്യ, ഇനിയും വയ്യ.
ഒന്നു കൂടി ആലോചിക്കാനോ?
വളരെയധികം ആലോചിച്ചതിനു ശേഷം തന്നെയാണ്‌ ഇങ്ങനൊരു തീരുമാനമെടുത്തത്‌.
ഇനിയും ഒരു പുനര്‍ വിചിന്തനമോ?
ഇല്ല, ഇത്‌ അന്തിമ തീരുമാനമാണ്‌. ഇനിയെങ്കിലും സ്വസ്ഥമായി ഒരല്‍പം വിശ്രമിക്കണം. അവളോട്‌ സ്നേഹമില്ലാഞ്ഞിട്ടല്ല. വെറുക്കാന്‍ കുറെ ശ്രമിച്ചു. പക്ഷെ, എത്ര കണ്ട്‌ വെറുക്കാനും അകലാനും ശ്രമിക്കുന്നുവോ അത്രകണ്ട്‌ അവളെ സ്നേഹിച്ചു പോവുകയായിരുന്നു. ഇപ്പോള്‍ അവളെക്കുറിച്ച്‌ ഇത്രയൊക്കെ മനസ്സിലാക്കിയ സ്ഥിതിക്ക്‌ ഇനിയേതായാലും അവളെ സ്നേഹിക്കാന്‍ പ്രയാസമുണ്ട്‌. മുമ്പ്‌ അവളുടെ സാമീപ്യവും സാന്നിദ്ധ്യവുമൊക്കെ ഏറെ സന്തോഷമാണ്‌ നല്‍കിയിരുന്നതെങ്കില്‍ ഇന്നത്‌ ഏറെ പ്രയാസമാണ്‌ ഉണ്ടാക്കുന്നത്‌. അവളെ ഇഷ്ട്പ്പെട്ടു തുടങ്ങിയ കാലം.. അതീവ മനോഹരിയാണെന്നായിരുന്നു ധാരണ. പക്ഷെ, അവളോട്‌ കൂടുതലടുത്തപ്പോഴല്ലെ കാര്യങ്ങള്‍ മറിച്ചാണെന്ന് മനസ്സിലാവുന്നത്‌. വിരൂപയും ബുദ്ധിശൂന്യയുമാണവള്‍... സന്തോഷം നല്‍കുന്ന യാതൊന്നും അവളിലില്ല..
തുടര്‍ന്നു വായിക്കാൻ താഴെ ക്ലിക്കിയാല്‍ മതി. (വലുതായിക്കാണാനുള്ള സൗകര്യമുണ്ട്‌.)

Nilaav. No. 15 Oduvil Mozhi Chollaan thanne...

Monday 22 June 2009

എത്ര ഓടിയാലും...

ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടാണ്‌ അയാൾ ആ സ്ഥലത്ത്‌ എത്തിപ്പെടുന്നത്‌. അവിടെയും അത്ര സുരക്ഷിതമല്ല എന്ന് ചുറ്റുപാടുനിന്നും കേൾക്കുന്ന വന്യമൃഗങ്ങളുടെ അട്ടഹാസങ്ങൾ അയാളെ ബോധ്യപ്പെടുത്തി. താഴ്‌വരക്കപ്പുറത്ത്‌ കാണുന്ന ഗ്രാമം ലക്ഷ്യമാക്കി ധൃതിയിൽ ചുവടുകൾ വെച്ചു. പൈന്നിൽ ഒരു ശബ്ദം. തിരിഞ്ഞു നോക്കിയ അയാൾ ഞെട്ടിപ്പോയി. ഒരു തടിയൻ ചെന്നായ്‌... തന്റെ സർവ്വ ശക്തിയുമെടുത്ത്‌ അയാൾ ഓടി. തൊട്ടുമുമ്പിൽ ഒരു നദിയാണ്‌. ആ നദിക്കപ്പുറത്താണ്‌ ഗ്രാമം. നീന്താനും വശമില്ല. ഇനി എന്തു ചെയ്യും? ഒന്നുകിൽ പിറകെ വരുന്ന ചെന്നായക്കിരയാകണം. അല്ലെങ്കിൽ നദിയിൽ ചാടി വെള്ളം കുടിച്ച്‌ മുങ്ങി മരിക്കണം. ആലോചിക്കാൻ സമയമില്ല. ചെന്നായ അടുത്തെത്തിക്കഴിഞ്ഞു. ഏതായാലും ചെന്നായക്കിരയാവേണ്ട. അയാൾ നദിയിലേക്ക്‌ എടുത്ത്‌ ചാടി.
നദിയുടെ അങ്ങേക്കരയിലൂടെ നടന്നു പോവുകയായിരുന്ന ചില ഗ്രാമീണർ കണ്ടില്ലായിരുന്നെങ്കിൽ കുറെ വെള്ളം അകത്താക്കി ആ നദിയിലാകുമായിരുന്നു അയാളുടെ അന്ത്യം. ഏതായാലും ആയുസ്സിന്റെ നീളം കൊണ്ട്‌ ചെന്നായയിൽ നിന്നും നദിയിൽ നിന്നും രക്ഷപ്പെട്ട്‌ അയാൾ തന്റെ നടത്തം തുടർന്നു.

ജനവാസം കുറഞ്ഞ്‌ ഒരു ഭാഗത്ത്‌ ഒറ്റപ്പെട്ട ഒരു വീട്‌ അയാളുടെ ദൃഷ്ടിയിൽ പെട്ടു. അവിടെ കയറി കുറച്ചു നേരം വിശ്രമിച്ചിട്ടാവാം ഇനി യാത്ര. അങ്ങനെ അയാൾ ആ വീട്ടിൽ പ്രവേശിച്ചു. അയാളുടെ കഷ്ടകാലം... എതോ കച്ചവടക്കാരനെ കൊള്ളയടിച്ച്‌ കിട്ടിയത്‌ പങ്ക്‌ വെക്കുന്ന ഒരു വലിയ കൊള്ള സംഘത്തിന്റെ നടുവിലേക്കാണ്‌ അയാൾ ചെന്ന് കയറിയിരിക്കുന്നത്‌. അയാളെ വെറുതെ വിട്ടാൽ തങ്ങൾക്ക്‌ അപകടമാണെന്ന് കരുതിയ അവർ അയാളെ വകവരുത്താൻ ഒരുങ്ങി. ആ പാവം ഒരിക്കൽ കൂടി തന്റെ ജീവനും കൊണ്ട്‌ ഓടി മരണത്തിന്റെ വായിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനകം അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു. കിതച്ചുകൊണ്ട്‌ അയാൾ ചുറ്റും നോക്കി. എവിടെയെങ്കിലും ഇരുന്ന് ഇത്തിരി വിശ്രമിക്കണം. അടുത്തുകണ്ട ഒരു മതിൽ ലക്ഷ്യമാക്കി നടന്നു. അതിന്റെ തണലും പറ്റി ചാരിയിരുന്നു ഒന്നു വിശ്രമിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. വളരെ പഴക്കം ചെന്ന ആ മതിൽ അയാളെയും കാത്ത്‌ നിൽക്കുകയായിരുന്നു എന്ന മട്ടിൽ അയാളുടെ മേൽ പൊളിഞ്ഞു വീണു. ഒരു ഞരക്കം പോലും സാധ്യമാകാത്ത വിധം അയാളുടെ ഓട്ടം അവിടെ അവസാനിക്കുകയായിരുന്നു. എങ്കിൽ, പിന്നെ എന്തിനായിരുന്നു അയാൾ കുറെ ഓടിയത്‌???
തുടർന്നു വായിക്കാൻ നിലാവിന്റെ എത്ര ഓടിയാലും എന്ന താഴെയുള്ള ലഘുലേഖ കാണുക.
Nilaav No.009 Ethra Oodiyaalum...


Thursday 18 June 2009

തലയോട്ടി കഥ പറയുന്നു.

പതിവിനു വിപരീതമായി അന്ന് മുക്കുവന്റെ വലയിൽ കുടുങ്ങിയത്‌ ഒരു തലയോട്ടിയായിരുന്നു. അയാൾ അത്‌ വലയിൽ നിന്നും വേർപ്പെടുത്തി. അതെ, ഒരു മനുഷ്യന്റെ തലയോട്ടി തന്നെ!
വളരെ പഴക്കം ചെന്ന അതിലേക്ക്‌ സൂക്ഷിച്ചു നോക്കിയ അയാളുടെ കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ ഉതിർന്നു വീണുകൊണ്ടിരുന്നു.അയാൾ വിതുമ്പി കരയാൻ തുടങ്ങി.കരച്ചിലിനിടയിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു:
"അല്ലയോ തലയോട്ടീ...
ഒരു പക്ഷെ, നീ വളരെ ഉന്നതകുലജാതനും വലിയ പ്രതാപിയുമൊക്കെയായി ജീവിച്ച ഒരാളുടേതാവാം. പക്ഷെ, നിനക്ക്‌ വന്നുപെട്ട ഈ ദുർഗതിയിൽ നിന്ന് നിന്നെ രക്ഷിക്കാൻ നിന്റെ ആ ഔന്നത്യത്തിനും പ്രതാപത്തിനും സാധിച്ചില്ലല്ലോ. ഒരു പക്ഷെ, നീ വലിയ ഒരു കുബേര പുത്രനായിരുന്നിരിക്കാം. എന്നിട്ടെന്ത്‌? നിന്റെ സമ്പാദ്യത്തിനും ഇതുപൊലൊരു പര്യവസാനത്തിൽ നിന്നു് നിന്നെ രക്ഷിക്കാനായില്ല. അല്ലെങ്കിൽ നീയൊരു പരമദരിദ്രനായിരുന്നിരിക്കാം. പക്ഷെ, നീ ഒരു ദരിദ്രനായി എന്നതും ഈ നിലയിലൊരു പരിണിതിയെ തൊട്ട്‌ നിനക്ക്‌ രക്ഷ നൽകാനായില്ല. അതുമല്ലെങ്കിൽ നീ വളരെ ശക്തനായ ഒരാളായിരുന്നിരിക്കാം. പക്ഷെ, നിന്റെ ശക്തിക്കും നിന്നെ ഇതുപോലൊരു അവസ്ഥയിൽ നിന്ന് നിന്നെ സംരക്ഷിക്കാനായില്ലല്ലോ. ഇനി നീയൊരു പണ്ഡിതനോ മറ്റോ ഒക്കെയാണ്‌ ആയിരുന്നെങ്കിലും ഇത്തരം ഒരു പര്യവസാനത്തിൽ നിന്നും രക്ഷ നൽകാൻ അവ കൊണ്ടൊന്നും നിനക്കായില്ലല്ലോ...
അന്നത്തെ തന്റെ ജോലി നിർത്തി വലയുമെടുത്ത്‌ അയാൾ നടന്നു. നടക്കുന്നതിനിടയിൽ അയാൾ വിതുമ്പിക്കൊണ്ട്‌ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
"പ്രതാപവാൻ... പക്ഷെ, അയാളുടെ പ്രതാപം അയാളുടെ രക്ഷെക്കെത്തിയില്ല.
പണക്കാരൻ... പക്ഷെ, അയാളുടെ പണവും സമ്പത്തും അയാൾക്കുപകരിച്ചില്ല.
ദരിദ്രൻ... ദാരിദ്ര്യത്തിനും അയാളെ രക്ഷിക്കാനായില്ല.
ഇല്ല... യാതൊന്നിനും അയാളെ ഇതുപോലൊരു പര്യവസാനത്തിൽ നിന്നും രക്ഷപ്പെടുത്താനായില്ല..."
ആ തലയോട്ടിക്ക്‌ സംസാരിക്കാനും അതിന്റെ കഥ പറയാനും സാധിച്ചിരുന്നുവെങ്കിൽ.... അതിന്‌ എന്തൊക്കെ പറയാനുണ്ടാകുമായിരുന്നു. ആ മുക്കുവൻ വിലപിച്ചതുപോലെ അയാളുടെ കഴിഞ്ഞുപോയ ഒരു നല്ല കാലത്തെക്കുറിച്ചും മരണപ്പെട്ട്‌ ഈ നിലയിലെത്തിയത്‌ വരെയുള്ള കഥകളുമൊക്കെ അത്‌ പറയുമായിരുന്നു.
സുന്ദരനായി, ബുദ്ധിജീവിയായി രണ്ടു കാലിൽ നടന്ന് ഈ ഭൂമിയിൽ കഴിച്ചു കൂട്ടിയ ഒരു സുവർണ്ണ കാലമുണ്ടായിരുന്നു ആ തലയോട്ടിയുടെ ഉടമക്കും. തന്റെ കുടുംബത്തിൽ, ബന്ധുമിത്രാതികൾക്കിടയിൽ എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നിരിക്കാം അദ്ദേഹം. എന്നിട്ടെന്ത്‌? ഇന്ന് അവനെക്കുറിച്ചോർക്കാൻ ഈ ഭൂമിയിൽ ആരുമില്ല. അങ്ങനെ ഒരാൾ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയ രേഖകൾ പോലും ചിതലെടുത്തുകഴിഞ്ഞു. ഒരു നാൾ ഈ ഭൂമിയിൽ പിറന്നു വീണു. ഒരു നാൾ ഇവിടം വിടുകയും ചെയ്തു. "അതിൽ (ഭൂമിയിൽ) നിന്നു തന്നെ നിങ്ങളെ നാം സൃഷ്ടിച്ചു. അതിൽ തന്നെ നിങ്ങളെ നാം മടക്കുന്നു. (ഇനി) അതിൽ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്ത്‌ കൊണ്ട്‌ വരികയും ചെയ്യും." (20:55)
ഓർത്താൽ...
സുഖസുന്ദരമായി തന്റെ കൂട്ടു കുടുംബങ്ങളുമായി കഴിഞ്ഞു കൂടുന്നതിനിടയിൽ... പൊടുന്നനെ വന്നെത്തുന്ന മരണമാകുന്ന അഥിതി.. ഓർക്കാനിഷ്ടമില്ലെങ്കിലും വരരുത്‌ എന്നാഗ്രഹിക്കുന്നുവെങ്കിലും ഒരു നാൾ അത്‌ വരിക തന്നെ ചെയ്യും എന്ന് അറിയാത്തവരില്ല. ഇവിടെ അനന്തമായി ജീവിക്കാനും ചിരം ജീവികളാകാനും സാധ്യമല്ല എന്ന യാഥാർത്ഥ്യം പൂർവ്വ്വീകരിലൂടെ മനസ്സിലാക്കിയിട്ടും അതിന്റെ കാര്യം മറക്കാനുള്ള വിഫല ശ്രമം നടത്തുന്ന മനുഷ്യൻ..ഒരു യഥാർത്ഥ വിശ്വാസി പക്ഷെ, നിരന്തരം അതേക്കുറിച്ചോർക്കേണ്ടവനാണ്‌. അത്‌ വരുന്നതിനുമുമ്പേ അതിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നവനാണ്‌ അവൻ. കാരണം തിരുദൂതർ പറഞ്ഞതായി അവൻ മനസ്സിലാക്കിയിട്ടുണ്ട്‌. "സർവ്വ്വ സുഖങ്ങളെയും തകർത്തു കളയുന്ന മരണത്തെ നിങ്ങൾ ധാരാളമായി ഓർക്കുക." (നബി വചനം- തിർമുദി) അങ്ങനെ ഓർക്കുന്നവനാണ്‌ ബുദ്ധിമാനും ദീർഘ വീക്ഷണമുള്ളവനും. കാരണം ജങ്ങളിൽ വെച്ച്‌ ഏറ്റവും ബുദ്ധിമാനും ദീർഘവീക്ഷണമുള്ളവനും ആരാണെന്ന ചോദ്യത്തിനു് ഉത്തരമായി പറയപ്പെട്ടതും "അവരിൽ അധികമായി മരണത്തെ സ്മരിക്കുന്നവനും അതിനുവേണ്ട ഒരുക്കങ്ങൾ നടത്തുന്നവരുമാണെന്നാണ്‌'. തന്റെ ജീവിതാന്ത്യം നല്ല രൂപത്തിലായിരിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരാളും മരണത്തെ സദാ ഓർക്കുകയും പ്രതീക്ഷിക്കുകയും അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യാതിരിക്കില്ല.
* * *
ഭക്തിയാം പാഥേയമൊരുക്കി
കാത്തിരിക്കുക നീയാ മൃത്യുവാം വിരുന്നുകാരനെ.
കാരണം,
നിശയെ പുണർന്ന നിനക്കറിയില്ല പുലരിയെ പുൽകാനാവുമെന്ന്.
കാലങ്ങളായ്‌ മൃത്യുവിൻ കാലൊച്ചയും കാത്ത്‌ കിടക്കും
രോഗികൾ നോക്കി നിൽക്കെ ആരോഗ്യ ദൃഢഗാത്രരാം
യുവാക്കളെയും കൂട്ടിയല്ലോ മരണത്തിൻ മാലാഖ ക്ഷണമിൽ മടങ്ങുന്നത്‌..
ജീവിക്കാനാശവെച്ച്‌ വിടരും കുസുമങ്ങളാം പൈതങ്ങളും ,
ആഹ്ലാദചിത്തരായ്‌ മണിയറ പൂകേണ്ട യുവ മിഥുനങ്ങളുമുണ്ടതിൽ
ആരവങ്ങൾക്കിടയിൽ കേട്ടവരില്ലൊട്ടുമേ മൃത്യുവിൻ കാലൊച്ച.
മോടിയോടെ ധരിച്ച പുതുപുത്തൻ കോടിയുടെപുതുമണത്തിൽ
അവരോർത്തതുമില്ലൊട്ടും തങ്ങൾക്കായ്‌ ഒരുക്കപ്പെട്ട 'കഫൻ പുടവയെക്കുറിച്ചും.
സ്വകരങ്ങളാൽ അണിഞ്ഞ മോടിയേറും വസ്ത്രം മാറ്റി
മയ്യത്തുകുളിപ്പിക്കുന്നവന്റെ കൈകളാൽ അണിയിക്കും 'കഫൻ പുടവ'
ഇല്ലയതിൽ ഒരു പുള്ളിപോലും, വിലയാണെങ്കിലതും തുച്ഛം
ദുരമൂത്ത്‌, കിതച്ച്‌, ദുനിയാവിനു പിന്നാലെയോടി
പലതും നേടിയ നര പുത്രന്‌
ഇനിയുമുണ്ട്‌ ദുനിയാവിൽ നിന്നുമൊരോഹരി
കാടുപിടിച്ചു കിടക്കും ഏതോ ഖബർ സ്ഥാനിലെ
വിലപേശലൊട്ടുമില്ലാതെ ലഭിക്കുമാ
'ആറടി മണ്ൺ'
* * *

അകം നന്നാക്കി നേരെ ചൊവ്വേ ജീവിച്ച ഒരാൾക്കല്ലാതെ നല്ല രീതിയിൽ മരണത്തെ പുൽകാനാവില്ല. ചീത്ത ചിന്തകളും അതിനനുസൃതമായ പ്രവർത്തികളിലും മുഴുകി ജീവിക്കുന്നവർക്ക്‌ മോശമായ നിലയിലായിരിക്കും മരണത്തെ കണ്ടുമുട്ടേണ്ടി വരിക. തങ്ങളുടെ പാപങ്ങൾക്ക്‌ തൗബ ചെയ്ത്‌ മടങ്ങാൻ പോലും സമയം ലഭിക്കാതെ മരണം പിടികൂടേണ്ടി വന്നാൽ.. അതെത്ര ദയനീയമായ ഒരു പര്യവസാനമായിരിക്കും. അല്ലാഹുവിൽ ശരണം.തന്റെ ഭാവി(?) സുരക്ഷിതമാക്കാൻ തിരക്കു പിടിച്ചോടുന്ന മനുഷ്യൻ പക്ഷെ, മൃത്യുവിനപ്പുറത്തേക്കുള്ള യാത്രയെക്കുറിച്ചും അവിടുത്തെ ഭാവിയെക്കുറിച്ചും തികഞ്ഞ അശ്രദ്ധയിലാണ്‌. മരണശേഷം നമ്മുടെ ഒന്നാമത്തെ വീടായ ഖബറിലേക്ക്‌ പലരെയും യാത്രയച്ചിട്ടുള്ളവരാണെങ്കിലും, സ്വന്തം യാത്രയെക്കുറിച്ച്‌ ഓർക്കാത്തവരായിരിക്കും നമ്മിലധികം പേരും. സ്നേഹം നിറഞ്ഞ പ്രിയപ്പെട്ടവരിൽ നിന്നും അവരുമൊത്തുള്ള ഉല്ലാസങ്ങളിൽ നിന്നും കീടങ്ങളുടെയും ഇഴജന്തുക്കളുടെയും ഇടയിലേക്കുള്ള ഒരു യാത്ര...

അതെ, തങ്ങളുടെ രമ്യ ഹർമ്മങ്ങളിലെ തിളങ്ങുന്ന പ്രകാശത്തിൽ നിന്ന് ആറടി മണ്ണിനു താഴെ വെട്ടിയുണ്ടാക്കിയ ഏതാനും ചാൺ അകലത്തിലെ ഖബറെന്ന ഇടുങ്ങിയ കുഴിയിലെ അന്ധകാരത്തിലേക്കുള്ള യാത്ര.. അതിന്റെ ഭീകരത...കാഠിന്യം.. കുടുസ്സത.. നമ്മേക്കാൾ മുമ്പേ നടന്നവർ നമ്മേക്കാൾ ശ്രേഷടരായവരും ആ യാത്രയെ ഗൗരവമായി കണ്ടവരായിരുന്നു. കേട്ടിട്ടില്ലേ.. ഉസ്മാനുബ്നു അഫ്ഫാൻ(റ. അദ്ദേഹം ഖബറിനരികിലൂടെ നടന്നുപോകുമ്പോൾ താടി നനയുമാറ്‌ കരയുമായിരുന്നുവെത്രെ.സ്വർഗ്ഗ നരകത്തെ ഓർത്ത്‌ കാരയാതെ ഖബർ കണ്ടിട്ടാണോ നിങ്ങളിങ്ങനെ കരയുന്നത്‌ എന്ന ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി കൂടി ശ്രദ്ധിക്കൂ. "പരലോകത്തിന്റെ ഒന്നാമത്തെ ഇടം ഖബറാണ്‌. അവിടെ ഒരാൾ രക്ഷപ്പെട്ടാൽ അതിനു ശേഷമുള്ളതെല്ലാം എളുപ്പമാവും. അതിൽ നിന്നും രക്ഷപ്പെട്ടിട്ടില്ലെങ്കിൽ ബാക്കിയുള്ളതെല്ലാം അവന്‌ പ്രയാസകരവുമായിരിക്കും." എന്നിട്ടദ്ദേഹം പ്രവാചകൻ നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു. ഖബറിനേക്കാൾ ഭീകരമയത്തും മോശവുമായ ഒരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല. (അഹ്‌മദ്‌, തിർമുദി)
ഖബറിലേക്ക്‌ നടന്നടുക്കുന്ന സഹോദരാ..
ഏതൊരു കാര്യമാണ്‌ ഈ ദുനിയാവിൽ നിന്നെ വഞ്ചിതനാക്കുന്നത്‌? വിശാലവും സുന്ദരവുമായ നിന്റെ ഭവനവും സ്നേഹമയിയായ സഹധർമ്മിണിയും സന്താനങ്ങളും, അതല്ല, പണിപ്പെട്ട്‌ അദ്ധ്വാനിച്ചുണ്ടാക്കിയ നിന്റെ സമ്പാദ്യവും ഏതു സമയവും നിന്റെ ആജ്ഞകൾ അനുസരിക്കാനും കൽപനകൾ നടപ്പിലാക്കാൻ പാകത്തിലുള്ള പരിചാരകരുമൊക്കെയാണോ?
എങ്കിൽ അറിയുക. നിന്റേതുമാത്രമാണെന്ന് നീ കരുതുന്ന നിന്റെ സഹധർമ്മിണിയോ നിന്റെ കരളിന്റെ കഷ്ണങ്ങളെന്നു നീ കരുതുന്ന നിന്റെ അരുമ സന്താനങ്ങളോ നീ പാടുപെട്ട്‌ അദ്ധ്വാനിച്ച നിന്റെ സമ്പാദ്യമോ നിന്റെ ആജ്ഞാനുവർത്തികളോ ഒന്നും തന്നെ നിന്റെ ഈ യാത്രയിൽ താങ്കളെ അനുഗമിക്കാനുണ്ടാവില്ല. കേട്ടിട്ടില്ലേ, തന്റെ നാലു ഭാര്യമാരിൽ ഒരാളെങ്കിലും തന്റെ ഖബറിലെ ഏകാന്തത്തക്ക്‌ കൂട്ടായി വരുമെന്ന് വിചാരിച്ച്‌ അവരിലോരുത്തരെയും അതിനായി ക്ഷണിച്ച ഒരു രാജാവിനെക്കുറിച്ച്‌ (ഇതാ അത്‌ ഇവിടെ വായിക്കാം)
പ്രിയപ്പെട്ട സഹോദരാ..
പണിതീർന്ന് അതിൽ താമസിക്കും എന്ന് യാതൊരു ഉറപ്പുമില്ലാത്ത ഭൗതികമായ ഒരു വീടിനുവേണ്ടി വലിയ കണക്കു കൂട്ടലുകളും പ്ലാനുകളും തയ്യാറാക്കി അതിനുവേണ്ടി ഒരുക്കങ്ങൾ നടത്തുമ്പോൾ സുനിശ്ചിതമായി ചെന്ന് ചേരാനുള്ള ഈ ഒരു വീടിനെക്കുറിച്ച്‌ അതിലെ രക്ഷക്കു വേണ്ടി വല്ലതും...
മുൻകാല പണ്ഡിതന്മാരിൽ ചിലർ പറയാറുണ്ടായിരുന്നത്‌ നോക്കൂ.
"എല്ലാ ദിവസവും ഭൂമി വിളിച്ചു പറയുമെത്രെ. അല്ലയോ ആദമിന്റെ പുത്രാ.. നീ എന്റെ മുകളിലൂടെ നടക്കുന്നു. പക്ഷെ, നിന്റെ മടക്കം എന്റെ വയറിലേക്കു തന്നെയാണ്‌. അല്ലയോ ആദമിന്റെ പുത്രാ.. എന്റെ മുകളിൽ വെച്ച്‌ വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുന്നു. എന്നാൽ എന്റെ വയറ്റിൽ വെച്ച്‌ കീടങ്ങളും പുഴുക്കളും നിന്നെ ഭക്ഷണമാക്കും. ചിരിച്ചുകളിച്ച്‌ നീ എനിക്കു മുകളിലൂടെ നടക്കുന്നു. എന്നാൽ അടുത്ത്‌ തന്നെ എന്റെ വയറ്റിൽ വെച്ച്‌ നീ കരയുന്നതാണ്‌. എത്ര സന്തോഷ ചിത്തനായിക്കൊണ്ടാണ്‌ നീ എനിക്ക്‌ മുകളിലൂടെ നടക്കുന്നത്‌.. എന്നാൽ അടുത്ത്‌ തന്നെ നിനക്കെന്റെ അകത്തുവെച്ച്‌ ദുഃഖിക്കാവുന്നതാണ്‌.അല്ലയോ ആദം സന്തതിയേ... ഒരു പാട്‌ തെറ്റുകൾ കൂമ്പാരമായി ചെയ്തുകൊണ്ട്‌ എന്റെ മുകളിലൂടെ നീ നടക്കുന്നു. എന്നാൽ അടുത്തു തന്നെ എന്റെ വയറ്റിൽ വെച്ച്‌ അതിനോക്കെയുള്ള ശിക്ഷ നിനക്കനുഭവിക്കാവുന്നതാണ്‌.പുതിയ വീടെടുക്കുന്ന ഒരാൾ നിരന്തരം ആ വീട്‌ സന്ദർശിക്കറുണ്ട്‌. ഖബർ സിയാറത്ത്‌ ചെയ്യാനും ഇന്നല്ലെങ്കിൽ നാളെ താനും മരിച്ച്‌ ഈ വീട്ടിൽ എത്തിച്ചേരുമെന്നുള്ള ഓർമ്മ മനസ്സിൽ പുതുക്കിക്കൊണ്ട്‌ പാഠം ഉൾക്കൊള്ളാനും പ്രവാചകൻ നമ്മെ ഉണർത്തിയിട്ടുണ്ട്‌. "നിങ്ങൾ ഖബർ സന്ദർശിക്കുക. അത്‌ നിങ്ങളെ മരണത്തെ ഓർമ്മിക്കുന്നതാണ്‌." (നബിവചനം-മുസ്‌ലിം)
ഖബർ! ഒന്നുകിൽ അത്‌ സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു സ്വർഗ്ഗത്തോപ്പ്‌. അല്ലെങ്കിൽ നരകത്തിന്റെ അഗാധമായ ഗർത്തങ്ങളിൽ ഒരു ഗർത്തവുമായിരിക്കും. അതുകൊണ്ട്‌ ബുദ്ധിയുള്ളവർക്ക്‌ ചെന്നുകൂടാനുള്ള "ആ" വീടിനുവേണ്ടിയും വല്ലതുമൊക്കെ ചെയ്യാതിരിക്കാനാവില്ല. വല്ലപ്പോഴുമൊക്കെ ആ വീടെടുക്കാനുള്ള ഖബർസ്ഥാൻ ഒന്നു സന്ദർശിക്കാതിരിക്കാനുമാവില്ല.അവിടെ ഒഴിവുള്ള കുറച്ചു സ്ഥാലം .. അത്‌ നമ്മെയും കാത്ത്‌ കിടക്കുകയാണ്‌ വല്ലപ്പോഴും ചെന്നു നോക്കാൻ തോന്നിയാൽ. ചെവി വട്ടം പിടിച്ച്‌ ശ്രദ്ധിച്ചു നോക്കൂക.. ഇങ്ങനെയെങ്ങാനും കേൾക്കുന്നുണ്ടോ എന്ന്‌.
ആദമിന്റെ പുത്രാ... എന്നെ കണ്ടു മുട്ടുന്നതിനുമുമ്പ്‌ നീ നിന്നോട്‌ കരുണ കാണിക്കുക. അങ്ങനെ നീ നിന്റെ റബ്ബിനെ അനുസരിച്ച്‌ ഈ ജീവിതത്തിനുവേണ്ടി വല്ലതും ഒരുക്കിയാൽ തീർച്ചയായും നിനക്ക്‌ എന്നിൽ നിന്ന് സന്തോഷം ലഭ്യമാകും. അതല്ല, നീ നിന്നോട്‌ തന്നെ കരുണ കാണിക്കാനും നിന്റെ റബ്ബിന്റെ വിധിവിലക്കുകൾ അനുസരിക്കാനും തയ്യാറല്ലെങ്കിൽ ഞാനും നിന്നോട്‌ യാതൊരു കരുണയും കാണിക്കുമെന്ന് നീ പ്രതീക്ഷിക്കേണ്ട. ഓർക്കുക: ഞാൻ പുഴുക്കളുടെ വീടാണ്. പാമ്പും തേളും കീടങ്ങളുമായിരിക്കും നിനക്ക്‌ കൂട്ട്‌... ഞാൻ അതികഠിനമായ ദു:ഖത്തിന്റെയും വ്യസനത്തിന്റെയും ഭവനമാണ്‌. അതികഠിനമായ വിശപ്പും ദാഹവും സഹിച്ച്‌ കനത്ത അന്ധകാരത്താലുള്ള ഭയാനകവും ഇടുങ്ങിയതുമായ വിട്‌...
അതുകൊണ്ട്‌, ആദമിന്റെ പുത്രാ.. ദുനിയാവ്‌ എന്ന സുന്ദരി നിന്നെ വഞ്ചിക്കാതിരുന്നുകൊള്ളട്ടെ. ഓർക്കുക. പരലോകത്തേക്കുള്ള ആദ്യപടി ഞാനെത്രെ.
എന്നിൽ നിന്ന് രക്ഷപ്പെടാനായാൽ മറ്റുപ്രയാസഘട്ടങ്ങളൊക്കെ നിനക്ക്‌ തരണം ചെയ്യാനാവും. ആദമിന്റെ പുത്രാ.. ഞാൻ കോപത്തിന്റെ ഭവനമെത്രെ. ചെറിയവരുടെ ചെറുപ്പമോ വലിയവരുടെ വലുപ്പമോ അവരോട്‌ കരുണ കാണിക്കാതിരിക്കാൻ എനിക്ക്‌ തടസ്സമാവില്ല. സ്വന്തത്തോട്‌ കരുണ കാണിച്ച്‌ മുന്നൊരുക്കം നടത്തിയവരോടല്ലാതെ ഒരാളോടും ഞാൻ കരുണ കണിക്കാൻ പോകുന്നില്ല. അതുകൊണ്ട്‌ ഒരുങ്ങുക. മരണം നിങ്ങൾക്ക്‌ തൊട്ടുപിറകിലുണ്ട്‌... ഓടി രക്ഷപ്പെടാൻ നിങ്ങൾക്കാവില്ല. ഇനി അങ്ങനെ ഒരു ശ്രമം നടത്തി നോക്കാമെന്നാണു ഭാവമെങ്കിൽ നിങ്ങളുയുർത്തുന്ന അടുത്ത സ്റ്റെപ്പ്‌ അത്‌ എന്റെ വയറ്റിലേക്കാവാം
ഓർക്കുക: അല്ലാഹുവിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാന്മാർ പോലും തങ്ങളുടെ ഈ ഖബർ ജീവിതത്തെ ഓർത്ത്‌ ഭയപ്പെടുകയും ഓർത്ത്‌ കരയുകയും ചെയ്തിരുന്നുവെങ്കിൽ സദാ സമയവും കളിയും ചിരിയും തമാശകളുമായി നടന്ന് ഖബറിനെക്കുറിച്ചോ പരലോകത്തെക്കുറിച്ചോ വിചാരണയെക്കുറിച്ചോ ഒന്നും ഓർക്കാതെ സർവ്വ ശക്തനും അദൃശ്യവുമറിയുന്ന റബ്ബിനോട്‌ തെറ്റുകൾ ചെയ്തുകൂട്ടുന്ന നമ്മുടെ സ്ഥിതിയെന്താണ്‌... ഇതൊക്കെ വായിച്ചിട്ടും ഒരു പുനർ വിചിന്തനത്തിനും ഇങ്ങനെയൊരു ഖബർ ജീവിതത്തിനൊർ തലക്കനം അനുവദിക്കുന്നില്ലെങ്കിൽ ഇതാ ഈ തലയോട്ടിയിലേക്ക്‌ സൂക്ഷിച്ചു നോക്കൂ..
അതു് നിങ്ങളോട്‌ ചില കഥകൾ പറയുന്നില്ലേ. പക്ഷെ, അതു കേൾക്കാനും മനസ്സിലാക്കാനും വേണം ഒരു "തലക്കനമില്ലായ്മ" എന്നുമാത്രം.

Thursday 21 May 2009

വിളക്കിന്റെ പരിഭവം

വിളക്ക്‌ പരിഭവം പറഞ്ഞു കൊണ്ടിരുന്നു.
ഒരു തുള്ളി വെളിച്ചം പോലും കാണുന്നില്ലെന്ന്.
വിളക്ക്‌ നോക്കിയതാകട്ടെ അതിന്റെ നിഴൽ ഭാഗത്തും.

Thursday 9 April 2009

ഇത്തിരി 'വട്ടത്തിലെ' നിഴൽ

"കത്തുന്ന മെഴുകുതിരിയുടെ പ്രകാശം എത്ര ദൂരം വരെ എത്തുന്നെണ്ടെന്ന് അതിന്റെ പ്രകാശം പോലും മനസ്സിലാക്കാറില്ല. എന്നാൽ അതിന്റെ ചുവടെ ഇത്തിരി വട്ടത്തിലുള്ള നിഴലിനെ എല്ലാവരും പഴിക്കുകയും വെറുക്കുകയും ചെയ്യാറുണ്ട്‌."

Wednesday 4 March 2009

‘കൈ‘ വിട്ട കല്ലും ‘വാ‘ വിട്ട വാക്കും...

ബോഡിംഗ്‌ പാസ്‌ കൈപറ്റി. സെക്യൂരിറ്റി ചെക്കപ്പും കഴിഞ്ഞു. വിമാനം പുറപ്പെടാന്‍ ഇനിയും സമയമുണ്ട്‌. അതുവരെയുള്ള സമയം ഉപയോഗപ്പെടുത്താനായി ഒരു മാഗസിനും കൂടെ ഒരു പാക്കറ്റ്‌ കുക്കീസും വാങ്ങി അവള്‍. അതുവരെ നീണ്ട ക്യൂവില്‍ നിന്നതിന്റെ ക്ഷീണം തീര്‍ക്കാനും സ്വസ്ഥമായി ഒരിടത്തിരുന്ന് വായിക്കാനുമായി അവിടെയുള്ള വി.ഐ.പി ലൗഞ്ചിലെ ചാരുകസേരയില്‍ പോയി ഇരുന്നു. അവളിരുന്നതിന്റെ അടുത്ത സീറ്റുകളിലൊന്നില്‍ മാന്യമായി വസ്ത്രം ധരിച്ച ഒരു മനുഷ്യനിരുന്ന് കയ്യിലുള്ള ഏതോ മാഗസിന്‍ വായിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലെ ഒഴിഞ്ഞ സീറ്റില്‍ പൊട്ടിച്ചുവെച്ച ഒരു പാക്കറ്റ്‌ കുക്കീസും.വാങ്ങിയ മാഗസിന്‍ മറിച്ചുനോക്കുന്നതിനിടയില്‍ അരികില്‍ തുറന്നുവെച്ച കുക്കീസ്‌ പാക്കറ്റില്‍ നിന്നും ഒന്നെടുത്ത്‌ അവള്‍ വായിലിട്ടു നുണഞ്ഞു. അവള്‍ക്കപ്പുറത്തിരിക്കുന്ന ആ മനുഷ്യനും അതില്‍ നിന്നും ഒന്നെടുത്ത്‌ വായിലിട്ടു. തന്റെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും എടുക്കാന്‍ അയാള്‍ക്കെങ്ങിനെ ധൈര്യം വന്നു. അയാളുടെ ആ പ്രവര്‍ത്തി അവളെ ദേഷ്യം പിടിപ്പിച്ചു. എങ്കിലും അവളൊന്നും പറഞ്ഞില്ല. അവള്‍ അതില്‍ നിന്ന് ഓരോന്നെടുക്കുമ്പോഴും അയാളും അതില്‍ നിന്ന് ഓരോന്നെടുത്തുകൊണ്ടിരുന്നു. "ഹൊ! എന്തൊരു ധാര്‍ഷ്ട്യം.... ഇങ്ങിനെയുമുണ്ടോ മനുഷ്യര്‍.. തന്റെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും അനുവാദം കൂടാതെ എടുത്ത്‌ തിന്നാന്‍ അയാള്‍ക്കെന്തവകാശം. നാണമില്ലേ ടൈയും കോട്ടുമൊക്കെയിട്ട്‌ മാന്യന്റെ വേഷത്തില്‍... 'തന്നെപ്പോലെയുള്ള' വി.ഐ.പികളുടെ കൂട്ടത്തില്‍ വന്നിരിക്കാന്‍." രോഷം പൂണ്ട്‌ അയാളെ തറപ്പിച്ചൊന്നു നോക്കി. താന്‍ ശ്രദ്ധിക്കുന്നത്‌ അയാള്‍ കണ്ടുവെന്ന് തോന്നുന്നു. ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട്‌ തീരാറായ കുക്കീസ്‌ പാക്കറ്റ്‌ തനിക്കരികിലേക്ക്‌ നീക്കി 'അതില്‍ നിന്ന് എടുത്ത്‌ കഴിച്ചുകൊള്ളൂ' എന്ന് ആംഗ്യം കാണിച്ച്‌ അതില്‍ നിന്നും ഒന്നെടുത്ത്‌ അയാള്‍ വായിലിടുക കൂടി ചെയ്തതോടെ "ആഹാ അത്രക്കായോ... 'താന്‍ വാങ്ങിയ കുക്കീസില്‍ നിന്നും പകുതിയോളവും തിന്നിട്ട്‌ ഇനി അതില്‍ നിന്നും തിന്നാന്‍ എനിക്ക്‌ തന്റെ ഔദാര്യം കൂടി വേണ്ടേ എന്ന്' ചോദിച്ചുകൊണ്ട്‌ ജീവിതകാലത്തൊരിക്കലും അയാള്‍ക്ക്‌ മറക്കാനാവാത്ത വിധം അയാളുടെ മുഖമടക്കി ഒന്ന് പൊട്ടിക്കാനാണ്‌ തോന്നിയത്‌. പിന്നെ, 'തന്നെപ്പോലുള്ളവര്‍' മാന്യത കൈവിട്ടുകൂടല്ലോ.. ഇങ്ങിനെയുമുണ്ട്‌ കുറെയെണ്ണം. മനസ്സില്‍ നിറയെ പിന്നെ അയാളുടെ ഈ മര്യാദകേടിനെക്കുറിച്ചായി ചിന്ത. അയാളുടെ ഓരോ ചലനങ്ങളിലും വെറുപ്പും വിദ്വേഷവും തോന്നി. കുക്കീസ്‌ പാക്കറ്റില്‍ ഇനിയും ഒരെണ്ണം കൂടിയേ അവശേഷിക്കുന്നുള്ളൂ. മര്യാദ കെട്ട അയാള്‍ അതുകൊണ്ട്‌ എന്തു ചെയ്യുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അയാള്‍ അതെടുത്ത്‌ രണ്ടായി പകുത്ത്‌ പുഞ്ചിരിതൂകി തനിക്ക്‌ നേരെ നീട്ടുന്നത്‌ കണ്ടപ്പോള്‍ ദേഷ്യം കൊണ്ട്‌ തന്റെ നിയന്ത്രണം വിടുമോ എന്നവള്‍ക്ക്‌ തോന്നി. ഫ്ലയിറ്റില്‍ കയറാനുള്ള അറിയിപ്പ്‌ മുഴങ്ങിയതുകൊണ്ട്‌ എത്രയും പെട്ടന്ന് അയാള്‍ക്കു മുന്‍പില്‍ നിന്നും നടന്നുനീങ്ങിയിട്ടില്ലായിരുന്നുവെങ്കില്‍ അയാള്‍ തനിക്ക്‌ നേരെ നീട്ടിയത്‌ തട്ടിത്തെറിപ്പിച്ച്‌ അയാളെ എന്തെങ്കിലും ചെയ്യാന്‍ 'പരമാവധിയിലെത്തിയ' തന്റെ കോപം ഇടവരുത്തുമായിരുന്നു. വിമാനത്തില്‍ കയറി തനിക്കിരിക്കേണ്ട സീറ്റുകണ്ടെത്തി ഇരുന്ന് കുറേക്കഴിഞ്ഞിട്ടും മനസ്സ്‌ അയാളുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇങ്ങനെയുമുണ്ടൊ മനുഷ്യര്‍... മനുഷ്യനായാല്‍ കുറച്ചൊക്കെ സംസ്കാരവും മര്യാദയുമൊക്കെ വേണ്ടേ.. എല്ലാവരും 'തന്നെപ്പോലെ' വിവരവും കള്‍ച്ചറുമൊക്കെ ഉള്ളവരായിക്കൊള്ളണമെന്നില്ല. എന്നാലും ഒരു ആവറേജ്‌ കോമണ്‍സെന്‍സെങ്കിലും വേണ്ടേ.. വിമാനത്തിനകത്തെ ശീതീകരിച്ച അവസ്ഥയിലും മുഖത്ത്‌ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടക്കാന്‍ കര്‍ച്ചീഫെടുക്കാന്‍ ബാഗ്‌ തുറന്നു."ഓ മൈ ഗോഡ്‌?!" അതാ തന്റെ കുക്കീസ്‌ പാക്കറ്റ്‌ പൊട്ടിക്കുക പോലും ചെയ്യാതെ സുരക്ഷിതമായി അതിനകത്ത്‌.സംഭവിച്ചതിന്റെ ഒരു ഏകദേശ രൂപം അവളുടെ മനസ്സില്‍ തെളിഞ്ഞു. താന്‍ ഇരുന്നിടത്ത്‌ തുറന്ന് കിടന്നിരുന്ന കുക്കീസ്‌ പാക്കറ്റ്‌ അയാളുടേതായിരുന്നു. തന്റേതാണെന്ന് വിചാരിച്ച്‌ താന്‍ അതില്‍ നിന്നും എടുത്ത്‌ തിന്നുകയായിരുന്നു. അവള്‍ക്ക്‌ വളരെയധികം കുറ്റബോധവും ലജ്ജയും തോന്നി. പിഴവ്‌ പറ്റിയത്‌ തനിക്കാണെന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു. താന്‍ അയാളുടെ കുക്കീസാണ്‌ ഷെയര്‍ ചെയ്തത്‌. അനുവാദം കൂടാതെ താന്‍ അവസാനം വരെ അയാളുടെ കുക്കീസ്‌ പാക്കറ്റില്‍ നിന്നും എടുത്ത്‌ തിന്നിട്ടും അയാള്‍ യാതൊരുവിധ വെറുപ്പോ നീരസമോ പ്രകടിപ്പിച്ചതുമില്ല. അയാള്‍ തന്റെ കുക്കീസാണ്‌ എടുത്ത്‌ കഴിക്കുന്നത്‌ എന്ന് തെറ്റിദ്ധരിച്ച താന്‍ അയാളെക്കുറിച്ച്‌ എന്തൊക്കെയാണ്‌ വിചാരിച്ചത്‌. ഒരു വേള താന്‍ അയാളെ എന്തെങ്കിലും ചെയ്തേക്കുക പോലും ചെയ്യുമായിരുന്നു. പക്ഷെ, അയാളാവട്ടെ ഒടുവിലത്തെ ആ ഒന്നുപോലും എത്ര സന്തോഷത്തോടെയാണ്‌ തനിക്ക്‌ പകുത്ത്‌ തരാന്‍ ശ്രമിച്ചത്‌. അങ്ങിനെയുള്ള അയാളെക്കുറിച്ചാണല്ലോ താന്‍ ... ഛെ മോശമായിപ്പോയി. തന്റെയടുത്ത്‌ തെറ്റ്‌ സംഭവിച്ചിട്ടും താനയാളെക്കുറിച്ച്‌ മോശമായി വിചാരിച്ചതില്‍ ഖേദം പ്രകടിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷെ, വൈകിപ്പോയി. അപ്പോഴേക്കും വിമാനം അതിനകത്തെ യാത്രക്കാരെയും വഹിച്ച്‌ ആകാശത്തിന്റെ വിഹായസ്സിലേക്ക്‌ പറന്നുയരാന്‍ തുടങ്ങിയിരുന്നു. ഈ കഥ ഒരു പക്ഷെ, ഇതിനുമുമ്പ്‌ തന്നെ പലരും വായിച്ചുകാണും. കഥയുള്‍ക്കൊള്ളുന്ന ഗൗരവമായ സന്ദേശത്തെക്കുറിച്ച്‌ പക്ഷെ അധികമാരും ചിന്തിച്ചുകൊള്ളണമെന്നില്ല. നിത്യജീവിതത്തില്‍ മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപഴകലുകളിലും സഹവാസങ്ങളിലുമൊക്കെ നാമും ഇതുപോലെ ചിലപ്പോഴെങ്കിലും 'അഹം' വെച്ചു പുലര്‍ത്താറില്ലെ? സ്വന്തത്തെ വളരെ മതിപ്പോടെ കാണുകയും മറ്റുള്ളവരൊക്കെ മോശവുമാണെന്ന ധാരണ. തികഞ്ഞ അഹങ്കാരത്തില്‍ നിന്നും ഉടലെടുക്കുന്നതാണിത്‌. പ്രവാചകന്‍ പറഞ്ഞു: "അഹങ്കാരമെന്നാല്‍ സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിസ്സാരമായി കാണലുമാണ്‌" ഇതിനോടനുബന്ധമെന്നോണം ഉണ്ടാവുന്ന ഒരു ചീത്ത പ്രവണതയാണ്‌ കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ മറ്റുള്ളവരെ സംശയത്തിന്റെ പ്രതിക്കൂട്ടില്‍ കയറ്റി കുറ്റപ്പെടുത്തുന്ന പ്രവണത."അയാളെ കാണ്ടാലററിയാം അയാളൊരു കള്ളനാണെന്ന്..." "അയാളുടെ ആ രൂപവും ഭാവവും കണ്ടപ്പോഴേ തോന്നി അയാള്‍ ആളത്ര ശരിയല്ലെന്ന്.." തുടങ്ങി ആളുകളുടെ കോലവും രീതിയും വസ്ത്രവുമൊക്കെ നോക്കി പലപ്പോഴും നാം ആളുകളെ വിലയിരുത്തുന്ന രീതിയാണിത്‌. ചെറിയൊരു കാരണം കിട്ടുമ്പോഴേക്കും മറ്റുള്ളവരെ കുറ്റപ്പെടുത്താനും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ മോശമായി ചിത്രീകരിക്കാനുമൊക്കെ എന്തൊരു ധൃതിയാണ്‌് നമുക്ക്‌. അതിനിടയില്‍ നാവ്‌ കൊണ്ട്‌ വാക്ശരങ്ങളുതിര്‍ക്കാനും ചിലര്‍ തിടുക്കം കാണിക്കുന്നത്‌ കാണാം. മുതിര്‍ന്നവര്‍ പറയാറുണ്ട്‌. "കല്ല് കയ്യില്‍ നിന്ന് വിട്ടാല്‍ അത്‌ ആയുധമാണ്‌. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല."മുന്നും പിന്നും നോക്കാതെയും ചിന്തിക്കാതെയും ഇങ്ങനെ എയ്തുവിടുന്ന വാക്ശരങ്ങള്‍ നല്ല നിലയില്‍ കഴിയുന്ന എത്രയെത്ര ബന്ധങ്ങളെയാണ്‌ ഉലച്ചിട്ടുള്ളത്‌.ഒടുവില്‍ തങ്ങളുടെ ഭാഗത്താണ്‌ വീഴ്ച വന്നത്‌ എന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇനി തങ്ങളുടെ ഭാഗത്താണ്‌ തെറ്റ്‌ വന്നത്‌ എന്ന് തിരിച്ചറിഞ്ഞാല്‍ തന്നെ അതിന്റെ പേരില്‍ 'അന്യായമായി കുറ്റപ്പെടുത്തിയ' മര്‍ദ്ദിതനോട്‌ ഖേദം പ്രകടിപ്പിക്കാനോ മാപ്പ്‌ ചോദിക്കാനോ ഒന്നും ആരും മെനക്കെടാറില്ല. ഇനി അങ്ങനെ ചെയ്യണമെന്ന് വിചാരിച്ചാല്‍ തന്നെ പലപ്പോഴും അതിനു സാധിച്ചുകൊള്ളണമെന്നുമില്ല. ഫലമോ അന്യായമായി ഒരു നിരപരാധിയെ ഊഹത്തിന്റെയോ വെറുമൊരു ധാരണയുടെയോ ഒക്കെ അടിസ്ഥാനത്തില്‍ കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കാതെ കുറ്റപ്പെടുത്തിയതിന്റെ പാപഭാരം പേറണം. ഇത്തരത്തില്‍ എത്ര പേരെക്കുറിച്ചു നാം ഊഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും അതിന്റെയടിസ്ഥാനത്തില്‍ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തുകാണും. മാത്രമോ പലരോടും അതിനെക്കുറിച്ചു പറയുകയും അവരെക്കുറിച്ച്‌ മറ്റുള്ളവരുടെ മനസ്സുകളില്‍ അവാസ്തവങ്ങളായ വാര്‍ത്തകള്‍ പ്രചരിക്കാനിട വരുത്തുകയും ചെയ്യുന്നു എത്രത്തോളമെന്ന് വെച്ചാല്‍ വന്‍പാപങ്ങളിലെണ്ണിയ സമൂഹത്തിലെ പതിവൃതകളെക്കുറിച്ചും മാന്യന്മാരെക്കുറിച്ചുമൊക്കെ വ്യഭിചാരാരോപണം വരെ നടത്തി ഹരമുള്ള വാര്‍ത്തകള്‍ മെനയാന്‍ ഇന്ന് മത്സരിക്കുകയാണ്‌ ജനങ്ങള്‍. ഇതിന്റെയൊക്കെ അനന്തരഫലങ്ങളാകട്ടെ ദൂരവ്യാപകവുമായിരിക്കും. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കാതെയുള്ള ഇത്തരം ഊഹത്തിന്റെയടിസ്ഥാനത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ വ്യക്തികളില്‍ മാത്രം ഒതുങ്ങുന്നില്ല. സംഘടനകളും സമൂഹങ്ങളും എന്തിന്‌ രാഷ്ട്രങ്ങള്‍ തമ്മില്‍ വരെ ഇത്തരം ഊഹത്തിലധിഷ്ടിതമായ ധാരണകള്‍ വെച്ചുപുലര്‍ത്തി പരസ്പരം അകലം കാത്ത്‌ സൂക്ഷിക്കുകയും ഒരു വേള അത്‌ പരസ്പരമുള്ള ഏറ്റുമുട്ടലുകളിലെത്തിച്ചേരുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. ഇതുകൊണ്ടൊക്കെയാണ്‌ വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഊഹങ്ങളുടെ പിന്നാലെ പോകുന്നതിനെ അല്ലാഹു വിലക്കുന്നത്‌.

" ഹേ, വിശ്വസിച്ചവരെ ഊഹത്തില്‍ നിന്ന് മിക്കതും നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍. (കാരണം) നിശ്ചയമായും ഊഹത്തില്‍ ചിലത്‌ കുറ്റ(കര)മായിരിക്കും" (ഹുജുറാത്ത്‌) പക്ഷെ, പലപ്പോഴും പരിശുദ്ധ ഖുര്‍ആനിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക്‌ അതിന്റെ ആളുകളാണെന്നവകാശപ്പെടുന്നവര്‍ വരെ യാതൊരു വിലയും കല്‍പ്പിക്കാറില്ല. എന്തെങ്കിലും ഒരു വാര്‍ത്ത കേള്‍ക്കുമ്പോഴേക്കും അത്‌ സമൂഹമദ്ധ്യത്തില്‍ പ്രചരിപ്പിക്കുക ചിലര്‍ക്ക്‌ ഒരു ഹരമാണ്‌. അത്‌ പൊലിപ്പും തൊങ്ങലും വെച്ച്‌ വാര്‍ത്തകളുണ്ടാക്കി ആടിനെ പട്ടിയാക്കാന്‍ അവര്‍ അതിസമര്‍ത്ഥരുമായിരിക്കും. അങ്ങനെ എത്രയെത്ര നിരപരാധികള്‍ തങ്ങളുടെ അഭിമാനം ക്ഷതപ്പെട്ട്‌ സമൂഹമധ്യത്തില്‍ മര്‍ദ്ദിക്കപ്പെടുന്നു. എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കു് അതിന്‌ മോശമായ അര്‍ത്ഥവ്യാഖ്യാനം കണ്ടെത്തുന്നതും തെറ്റായ ധാരണ വെച്ചുപുലര്‍ത്തി നീചമായ മനസ്ഥിതിയോടെ മാന്യന്മാരെ അപമാനിക്കുന്നതിനുള്ള താല്‍പര്യം ഒരു വിശ്വാസിക്ക്‌ ഒട്ടും ഭൂഷണമല്ല. പലപ്പോഴും ഇതര സമൂഹങ്ങളും സംഘടനകളും അവയ്ക്കകത്തുള്ള ഗ്രൂപ്പുകള്‍ തമ്മിലും ഇത്തരം ഊഹങ്ങളിലധിഷ്ടിതമായ അവാസ്തവങ്ങളായ വാര്‍ത്തകളാല്‍ ആരോപണ പ്രത്യാരോപണങ്ങളുതിര്‍ക്കുന്നത്‌ ഇന്നൊരു പ്രബോധന ശൈലി തന്നെ ആയി മാറിയിരിക്കുന്നു. നുണപറഞ്ഞുകൊണ്ടും ഊഹങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും വ്യക്തിഹത്യ നടത്തിയുമൊക്കെ മതപ്രബോധനം നടത്തുന്നവര്‍ സത്യത്തില്‍ ആ മതത്തിന്‌ തീരാകളങ്കമുണ്ടാക്കി ആളുകളെ അതില്‍ നിന്നകറ്റുകയല്ലേ ചെയ്യുന്നത്‌? നല്ലതുണ്ടെങ്കിലും വൃത്തികേടുകള്‍ തേടി നടക്കുന്ന ഈച്ചകളെപ്പോലെ നല്ലതു കണാതെ ആളുകളുടെ സ്ഖലിതങ്ങള്‍ മാത്രം തേടുന്നതിലും കാണുന്നതിലുമാണ്‌ ആളുകള്‍ക്ക്‌ താല്‍പര്യം. ഭദ്രമായ ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന്‌ ഇത്തരം രോഗാണുവാഹകരായ ആളുകള്‍ ചെറുതല്ലാത്ത വിള്ളലുകളുണ്ടാക്കും. അതുകൊണ്ട്‌ ഒരു നല്ല വിശ്വാസി സമൂഹത്തെ ലക്ഷ്യം വെക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചേ മതിയാവൂ. താഴെയുള്ള പ്രവാചക വചനങ്ങള്‍ ശ്രദ്ധിക്കുക. *"നിങ്ങള്‍ ഊഹങ്ങളെ സൂക്ഷിക്കുക. നിശ്ചയം ഊഹം സംസാരങ്ങളില്‍ ഏറ്റവും കളവായതത്രെ" **"ഒരു മനുഷ്യന്‍ കള്ളം പറയുന്നവനാവാന്‍ അവന്‍ കേള്‍ക്കുന്നത്‌ മുഴുവന്‍ പറഞ്ഞ്‌ നടന്നാല്‍ മതി" ***"അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട്‌ പങ്ക്‌ ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക, ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു." (മുസ്‌ലിം

****"ഏതൊരുവന്റെ നാവില്‍ നിന്നും കയ്യില്‍ നിന്നും (ഉള്ള ഉപദ്രവങ്ങളില്‍ നിന്ന് മറ്റു) മുസ്‌ലിംകള്‍ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ്‌ മുസ്‌ലിം"

ഇതെല്ലാം പഠിപ്പിച്ച ഒരു മതത്തിന്റെയും പ്രവാചകന്റെയും അനുയായികള്‍ക്ക്‌ അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നുവെങ്കില്‍ പരലോകവിജയത്തിനുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിസ്സാരമാണെന്ന് ആളുകള്‍ വിചാരിക്കുന്ന ഇത്തരം കാര്യങ്ങളിലൊക്കെ തികഞ്ഞ സൂക്ഷ്മത കൈകൊള്ളാതിരിക്കില്ല.