നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Tuesday 29 July 2008

നിങ്ങള്‍ക്കെത്ര ഭൂമി വേണ്ടിവരും?

താഴെ, വായിക്കേണ്ട ഭാഗത്തിനു മുകളില്‍ ക്ലിക്കുക.വലുതായിക്കിട്ടും.




Tuesday 22 July 2008

70,000 ഡിഗ്രി ചൂടോ ?!

സൂര്യന്റെ ഉഗ്രതാപമേറ്റ്‌ അടിയും മുകളും പതച്ചുമറിയുന്നു. ഹൊ... ഏന്തൊരു ചൂട്‌. ഉച്ചയുറക്കത്തിനിടയില്‍ തുടര്‍ച്ചയായി 'അവളുടെ' മിസ്കാള്‍ കണ്ട്‌ തിരിച്ചുവിളിക്കാന്‍ നോക്കുമ്പോള്‍ ഫോണ്‍ വറ്റിയിരുന്നു. ഫോണ്‍കാര്‍ഡ്‌ വാങ്ങാന്‍ കുറച്ചപ്പുറത്തുള്ള ബക്കാലയില്‍ പോയിമടങ്ങുകയാണ്‌ അയാള്‍. ജൂണ്‍, ജൂലൈ... ഗള്‍ഫിലെ ചൂട്‌ അതിന്റെ മൂര്‍ദ്ധന്യതയിലെത്തുന്ന കാലം. ഉച്ചനേരത്ത്‌ ആരും പുറത്തിറങ്ങാറില്ല. റോഡ്‌ തീര്‍ത്തും വിജനം. നെറ്റിയിലും മുഖത്തുമെല്ലാം മുത്തുമണികളായി പൊടിഞ്ഞ്‌ ചാലിട്ടൊഴുകുന്ന വിയര്‍പ്പുകണങ്ങള്‍ ടിഷ്യു കൊണ്ട്‌ അമര്‍ത്തിത്തുടച്ച്‌ അയാള്‍ നടത്തത്തിന്‌ വേഗത കൂട്ടി. അപ്പോഴാണ്‌ കുറച്ചുമുമ്പിലായി ഒരു ബാലന്‍ റോഡിലിറങ്ങി നടന്നുപോകുന്നത്‌ ശ്രദ്ധയില്‍ പെട്ടത്‌. എട്ടൊമ്പത്‌ വയസ്സ്‌ പ്രായം കാണുമായിരിക്കും. എങ്ങോട്ടാണ്‌ ഈ നേരത്ത്‌ ഈ കൊച്ചുബാലന്‍... അതും വലിയവര്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുന്ന ചുട്ടുപൊള്ളുന്ന ഈ പെരുംവെയിലത്ത്‌. അയാള്‍ നടന്ന് അവന്റെയൊപ്പമെത്തി. ജിജ്ഞാസയോടെ ചോദിച്ചു. "മോനെങ്ങോട്ടാ ഈ പെരും ചൂടത്ത്‌?" അവന്‍ തിരിഞ്ഞുനിന്ന് അയാളെ നോക്കി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു: "അസ്സലാമു അലൈക്കും അങ്കിള്‍"ഛെ... താന്‍ സലാം പറഞ്ഞുകൊണ്ടായിരുന്നു തുടങ്ങേണ്ടിയിരുന്നത്‌. അയാള്‍ തന്റെ ജാള്യത പ്രകടിപ്പിക്കാതെ സലാം മടക്കി ചോദ്യം ആവര്‍ത്തിച്ചു. അവന്‍ മറുപടി പറഞ്ഞത്‌ ഇങ്ങിനെയാണ്‌. "ഇതിനേക്കാള്‍ വലിയൊരു ചൂടില്‍നിന്നും രക്ഷപ്പെടാന്‍." "ഇതിനേക്കാള്‍ വലിയൊരു ചൂടോ..? അതേതാണ്‌ ഇതിനേക്കാള്‍ വലിയൊരു ചൂട്‌??" "അതെ അങ്കിള്‍, ഇവിടത്തെ ചൂടിനേക്കാള്‍ എഴുപതിരട്ടി ചൂടാണ്‌ നരകത്തിലെ ചൂടിനെന്ന് നമ്മുടെ റസൂല്‍ പഠിപ്പിച്ചിട്ടില്ലേ?"പണ്ട്‌ കുട്ടിയായിരിക്കുമ്പോള്‍ മദ്‌റസയില്‍ വെച്ച്‌ നരകത്തിന്റെ ഗൗരവം പറയുമ്പോള്‍ കുഞ്ഞിമുഹമ്മദ്‌ മൊല്ലാക്കയും സഹോദര്‍ങ്ങളുമായി വികൃതികാട്ടുമ്പോള്‍ വല്യുമ്മയും പറയാറുണ്ടായിരുന്ന വാചകം.... "അതിനിപ്പോള്‍ ആ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ മോനെങ്ങോട്ട്‌ പോവുകയാ?" "പള്ളിയിലേക്ക്‌. അസ്വ്‌ര്‍ നമസ്കാരത്തിന്‌ ബാങ്ക്‌ വിളിക്കാറായല്ലോ. ആ കുരുന്നുബാലന്റെ മറുപടികേട്ടപ്പോള്‍ അയാള്‍ക്ക്‌ ലജ്ജ തോന്നി. ഈ ഗള്‍ഫിലെത്തിയിട്ട്‌ ഇതുവരെ അസ്വ്‌ര്‍ നമസ്കരിക്കാന്‍ പള്ളിയില്‍ പോയതായി അയാള്‍ക്കോര്‍മ്മയില്ല. അസ്വ്‌ര്‍ എന്നല്ല വെള്ളിയാഴ്ച ജുമുഅക്ക്‌ പോവുക എന്നല്ലാതെ സ്ഥിരമായി പള്ളിയില്‍ പോയി നമസ്കരിക്കുന്ന ഒരു ശീലംതന്നെ....ഇവിടെയിതാ നമസ്കരിക്കല്‍ നിര്‍ബന്ധമായിത്തുടങ്ങുകപോലും ചെയ്യാത്ത ഒരു ബാലന്‍ ബാങ്ക്‌ വിളിക്കുന്നതിനുംമുമ്പ്‌ പള്ളിയിലേക്ക്‌... അതും മനുഷ്യരൊക്കെ ഏസിയുടെ തണുപ്പുകൊണ്ട്‌ സുഖനിദ്രകൊള്ളുന്ന നട്ടുച്ച സമയത്ത്‌. "അതിനു് മോന്‍ വീട്ടില്‍ വെച്ച്‌ നിസ്കരിച്ചാലും പോരെ?" അവന്‍ അയാളെ സൂക്ഷിച്ചൊന്നുനോക്കി. പിന്നെ ചോദിച്ചു. "ആട്ടെ, അങ്കിളെന്തിനാ നാടുവിട്ട്‌ ജോലിക്ക്‌ ഇങ്ങോട്ട്‌ വന്നത്‌. നാട്ടില്‍ തന്നെ വല്ല ജോലിയുമായി കൂടിയാല്‍ മതിയായിരുന്നില്ലേ?" അയാളതിന്‌ എന്തുത്തരം പറയുമെന്നാലോചിക്കുന്നതിനിടയില്‍ അവന്‍ തന്നെ പറയാന്‍ തുടങ്ങി. "നാട്ടില്‍ കിട്ടാത്ത സാലറി ഇവിടെ കിട്ടും. അതുകൊണ്ട്‌ നാടും വീടും കുടുംബവും വിട്ട്‌ ഇവിടേക്ക്‌ വരാന്‍ തയ്യാറായി, അല്ലേ." ........."ആട്ടെ, അങ്കിള്‍ അങ്കിളിന്റെ ജോലി വീട്ടില്‍ വെച്ചാണോ ദിവസവും ചെയ്യാറ്‌? അതോ കമ്പനിയിലെ ഓഫീസില്‍ പോയിട്ടോ?"അയാള്‍ക്ക്‌ ആ കൊച്ചുകുട്ടിക്കുമുമ്പില്‍ ഒരക്ഷരം പോലും മറുപടി പറയാന്‍ സാധിച്ചില്ല. ബാലന്‍ തുടര്‍ന്നു. "ബാങ്ക്‌ കേട്ടിട്ട്‌ തക്കതായ കാരണം കൂടാതെ അതിന്‌ ഉത്തരം നല്‍കാത്തവന്‌ നമസ്കാരമില്ല എന്നും ഒറ്റക്കുള്ള നമസ്കാരത്തേക്കാള്‍ ഇരുപത്തേഴിരട്ടി കൂലിയാണ്‌ കൂട്ടമായി നമസ്കരിക്കുന്നതിന്‌ എന്നുമൊക്കെ നമ്മുടെ റസൂല്‍ പഠിപ്പിച്ചിട്ടില്ലേ."ആ കൊച്ചുബാലനുമുമ്പില്‍ വളരെചെറുതായി പോകുന്നതായി തോന്നിയ അയാള്‍ തന്റെ ജാള്യത മറച്ചുവെക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു: "അതൊക്കെ ശരി തന്നെ. എന്നാലും ഇത്തരം ചൂടിലും അതുപോലെ തണുപ്പിലും മറ്റ്‌ പ്രയാസഘട്ടങ്ങളിലുമൊക്കെ ഈ നേരത്തുള്ള നമസ്കാരങ്ങള്‍ വീട്ടില്‍വെച്ച്‌ നിസ്കരിച്ചാലും കുഴപ്പമൊന്നുമില്ല"കുട്ടി ഉടനെപ്പറഞ്ഞു: "അയ്യേ അങ്കിള്‍, അപ്പോള്‍ നമ്മള്‍ കപടവിശ്വാസികളുടെ കൂട്ടത്തിലായിപ്പോവില്ലേ. ഒരാളുടെ വിശ്വാസമളക്കാവുന്നതും കപടവിശ്വാസികള്‍ക്ക്‌ ഏറ്റവും പ്രയാസകരവുമായ രണ്ട്‌ നമസ്കാരങ്ങളല്ലേ അസ്വ്‌റും സുബ്‌ഹും. അതുകൊണ്ട്‌ അതല്ലേ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌. കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാണെന്നല്ലേ അല്ലാഹു പറഞ്ഞിട്ടുള്ളത്‌?." അവന്റെ വാക്കുകള്‍ അയാളുടെ മനസ്സില്‍ ആഴത്തില്‍ പോറലുകളുണ്ടാക്കി... "ഏയ്‌... താനൊരു കപട വിശ്വാസിയോ... തീരെ നമസ്കരിക്കാത്തവരില്ലേ. കൃത്യമായും സമയത്തുമൊന്നുമല്ലെങ്കിലും ഇടക്കൊക്കെ മിസ്സാവാറുണ്ടെങ്കിലും താന്‍ നമസ്കാരം തീരെ നിര്‍വ്വഹിക്കാത്തവനൊന്നുമല്ലല്ലോ." അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാലും ആ കൊച്ചുബാലന്റെ വാക്കുകള്‍...അല്ലാഹു അക്ബറുല്ലാാാാാഹു അക്ബര്‍....താന്‍ തമസിക്കുന്ന ബില്‍ഡിംഗിലേക്ക്‌ തിരിയാറായതും തൊട്ടപ്പുറത്തെ പള്ളിയില്‍ നിന്നും ബാങ്ക്‌ വിളിച്ചതും ഒരുമിച്ചായിരുന്നു. പള്ളിയിലേക്ക്‌ വലത്തോട്ടും തന്റെ താമസസ്ഥലത്തേക്ക്‌ ഇടത്തോട്ടുമാണ്‌ തിരിയേണ്ടത്‌. അയാള്‍ ഇടത്തോട്ട്‌ തിരിയവെ അവന്‍ പറഞ്ഞു: "ബാങ്ക്‌ വിളിച്ചു. അങ്കിള്‍ പള്ളിയില്‍ വരുന്നില്ലേ?" തല്‍ക്കാലം അവന്റെ മുമ്പില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ പറഞ്ഞു: "ഇതാ ഞാന്‍ റൂമിലൊന്ന് കയറി ഇപ്പോള്‍ വരാം." "എന്നാല്‍ വൈകേണ്ട. ഇഖാമത്ത്‌ വിളിക്കാന്‍ ഇരുപത്‌ മിനുട്ടേയുള്ളൂ." നിഷ്കളങ്കമായ അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ കളവായ മറുപടിയില്‍ മനസ്സ്‌ കുറ്റപ്പെടുത്തി. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ധൃതിയില്‍ നടന്നുപോകുന്ന ആ കൊച്ചുകുട്ടിയെയും നോക്കി അയാള്‍ തന്റെ താമസസ്ഥലത്തേക്ക്‌ നടന്നു. മുറി തുറന്ന് അകത്ത്‌ കയറിയപ്പോള്‍ ഏസിയുടെ തണുപ്പില്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാവാം ടോയ്‌ലറ്റില്‍ നിന്നും സുഹൃത്ത്‌ വിളിച്ചുപറഞ്ഞു: ".... ആ ചായയൊന്ന് കൂട്ട്‌" അവന്‍ നാലുമണിക്ക്‌ ഡ്യൂട്ടിക്ക്‌ പോകാനുള്ള ഒരുക്കത്തിലാവും. കെറ്റിലില്‍ നിന്നും ചായപ്പൊടിയും പഞ്ചസാരയും ഇട്ടുവെച്ച ഗ്ലാസ്സിലേക്ക്‌ തിളച്ചുമറിയുന്ന വെള്ളം പകര്‍ന്ന് ചായ റെഡിയാക്കി. ഗ്ലാസ്സുമെടുത്ത്‌ കിച്ചണില്‍ നിന്നും ഹാളിലെക്ക്‌ നടക്കവേ ചൂട്‌ സഹിക്കാനാവാതെ വലതുകൈയില്‍ നിന്നും ഗ്ലാസ്സ്‌ ഇടതുകൈയിലേക്ക്‌ മാറാന്‍ ശ്രമിക്കുമ്പോള്‍ തുളുമ്പിയ ചായ കൈയില്‍ പടര്‍ന്നു. ചൂടിന്റെ കാഠിന്യത്താല്‍ അറിയാതെ ഗ്ലാസ്സ്‌ കൈയില്‍ നിന്നും പിടുത്തം വിട്ട്‌ താഴെ....ചുടുചായ കാലിലേക്കും തെറിച്ചുവീണു. കൈയിലും കാലിലും പൊള്ളലുണ്ടാക്കിയ നീറ്റല്‍....ടോയ്‌ലറ്റില്‍ നിന്നുമിറങ്ങിയ സുഹൃത്ത്‌ ശബ്ദം കേട്ട്‌ ഓടി വന്നു. "എന്താണ്‌ സംഭവിച്ചത്‌?" "അത്‌ ഇനി ഒന്നുകൂടി കാണിച്ചു തരണോ" എന്ന് ചോദിക്കാനാണ്‌ തോന്നിയത്‌. ഹാളില്‍ കസേരയില്‍ ചെന്ന് ഇരുന്നു. കൈ വല്ലാതെ വിങ്ങുന്നു. ആ കുട്ടിയുടെ വാക്കുകള്‍ മനസ്സില്‍ തികട്ടി. "ഇതിനേക്കാള്‍ വലിയൊരു ചൂടില്‍ നിന്നും രക്ഷപ്പെടാന്‍. ദുനിയാവിലെ ചൂടിന്റെ എഴുപതിരട്ടി ചൂടാണ്‌ നരകത്തിലെ ചൂടിന്‌..." "എന്തിനു് എഴുപതിരട്ടി? ഇതു തന്നെ ധാരാളം. ഇനി ഇതിന്റെ എഴുപതിരട്ടികൂടിയാവുമ്പോള്‍?!" സാധാരണ തീയുടെ ചൂടല്ല ഗ്യാസിന്റെ ചൂടിന്‌. ഗ്യാസ്‌ തന്നെ പല നിലയില്‍ കത്തിച്ച്‌ ചൂടിന്റെ തീവ്രത കൂട്ടിയല്ലേ മനുഷ്യന്‍ വെല്‍ഡിംഗ്‌ വര്‍ക്കുകള്‍ ചെയ്യുന്നത്‌. ഈ ചൂടിനെ തന്നെ വീണ്ടും പലമടങ്ങ്‌ ശക്തികൂട്ടിയല്ലേ സ്വര്‍ണ്ണം വെള്ളി പോലുള്ള ലോഹങ്ങള്‍ ഉരുക്കുന്നത്‌. ആയിരത്തില്‍ പരം ഡിഗ്രി ചൂടിലാണ്‌ പല ലോഹങ്ങളും ഉരുകുന്നത്‌.. അങ്ങിനെയെങ്കില്‍ ദുനിയാവിലെ കൂടിയ ചൂടായി 1000 ഡിഗ്രി എടുത്താല്‍ തന്നെ അതിന്റെ എഴുപതിരട്ടി എഴുപതിനായിരമായി. 70,000 ഡിഗ്രി ചൂടോ!അയാള്‍ അറിയാതെ നിലവിളിച്ചുപോയി. അത്‌ സത്യമാണെങ്കില്‍.....?!ചുടുകാലം തുടങ്ങുന്നതിനുമുമ്പ്‌ തന്നെ ഏസി ക്ലീനാക്കി ഗ്യാസ്‌ നിറച്ച്‌ തണുപ്പില്ലെ എന്നുറപ്പ്‌ വരുത്താന്‍ തനിക്കായിരുന്നു വലിയ തിരക്ക്‌. അങ്ങിനെയുള്ള താന്‍ ആ ഭീകര ചൂടില്‍ പെട്ടാല്‍..."ഇതിനേക്കാള്‍ വലിയ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍... " ആ കൊച്ചുബാലന്റെ വാക്കുകള്‍.. " കപട വിശ്വാസികള്‍ക്ക്‌ ഏറ്റവും പ്രയാസകരമായ നമസ്കാരം അസ്വ്‌റും സുബ്‌ഹിയും... അവര്‍ നരകത്തിന്റെ അടിത്തട്ടിലാണെന്നല്ലേ റസൂല്‍... "അപ്പോള്‍ താന്‍... ഇതിലും വലിയ കാപട്യം മറ്റെന്താണ്‌. മുസ്‌ലിം അഥവാ ദൈവത്തിന്‌ സമര്‍പ്പിച്ചവന്‍ എന്ന് പറയുക. മറ്റെന്തിനേക്കാളും അല്ലാഹുവും റസൂലുമാണ്‌ വലുതെന്നും പ്രിയപ്പെട്ടതെന്നും അവകാസപ്പെടുക. എന്നിട്ട്‌ അതിരാവിലെ എഴുന്നേറ്റ്‌ കൃത്യസമയത്ത്‌ ജോലിക്കു് പോകാന്‍ കാണിക്കുന്ന താല്‍പര്യമോ ശുഷ്കാന്തിയോ പോലും അവന്റെ വിളിക്കുത്തരം നല്‍കി പള്ളിയില്‍ പോയി നമസ്കരിക്കാന്‍ കാണിക്കാതിരിക്കുക. ഒരു മുസ്‌ലിമിനെ മറ്റ്‌ ഇതര മതക്കാരില്‍ നിന്നും വേരിതിരിക്കുന്ന പ്രത്യക്ഷവും എന്നാല്‍ വളരെ പ്രാധാനവുമായ നമസ്കാരത്തിന്റെ കാര്യത്തിലുള്ള തന്റെ നിലപാട്‌ ഇതാണെങ്കില്‍... ഇപ്പോള്‍ തന്നെ പ്രിയപ്പെട്ടവളുടെ മിസ്കാളിനുത്തരം നല്‍കാന്‍ കാര്‍ഡിനായി പെരുംചൂടത്ത്‌ ബക്കാലയില്‍ പോവാന്‍ തനിക്ക്‌ വലിയ മടിതോന്നിയില്ല. മുമ്പ്‌ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഈ സമയത്ത്‌ ഡ്യൂട്ടിക്ക്‌ പോയിരുന്നപ്പോഴും അത്ര പ്രയാസം തോന്നിയിരുന്നില്ല. അല്ലാഹുവിന്റ്‌ വിളിക്കുത്തരം നല്‍കി നമസ്കരിക്കാന്‍ പോവാന്‍ മാത്രം... അതെ, തനിക്ക്‌ അല്ലാഹുവിനെക്കാളും അവന്റെ ദൂതനേക്കാളും വലുതും പ്രിയപ്പെട്ടതും ജോലിയും ഉറക്കവും തന്റെ സൗകര്യങ്ങളുമൊക്കെയാണെന്നര്‍ത്ഥം. എന്നിട്ട്‌ വാദിക്കുന്നതും അവകാശപ്പെടുന്നതുമോ... ഇതിലും വലിയ കാപട്യം മറ്റെന്താണ്‌? അപ്പോള്‍ നരകത്തിന്റെ അടിത്തട്ടിനര്‍ഹരായ കപടവിശ്വാസികളുടെ കൂട്ടത്തില്‍ തന്നെയല്ലേ തന്റെയും സ്ഥാനം???അല്ലാഹുവേ... നിന്നില്‍ ശരണം. നൂറ്‌ ഡിഗ്രിയില്‍ തിളക്കുന്ന വെള്ളത്തിന്റെ ചൂട്‌ തന്നെ സഹിക്കാന്‍ കഴിയാത്ത തനിക്ക്‌ പതിനായിരക്കണക്കിന്‌ ഡിഗ്രി ചൂട്‌ സഹിക്കേണ്ട ഗതികേട്‌ വന്നാല്‍... സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുള്ള കാലാവസ്ഥ പ്രവചകരുടെ വാക്കുകളോ ഏതെങ്കിലും പത്രത്തിലെ പെട്ടിക്കോള വാര്‍ത്തയോ ആയിരുന്നെങ്കില്‍ അത്‌ ആ നിലക്ക്‌ തള്ളിക്കളയാമായിരുന്നു. ഇത്‌ പക്ഷെ, ഈ ലോകത്തെയും ചുടിനെയുമൊക്കെ പടച്ച ലോകരക്ഷിതാവില്‍ നിന്നുള്ള ദിവ്യ വെളിപാടുകളുടെയടിസ്ഥാനത്തില്‍ ഒരിക്കലും കളവുപറയാത്ത ദൈവദൂതന്റെ വാക്കുകളാണ്‌. "ദുനിയാവിലെ തീയുടെ ചൂടിന്റെ എഴുപതിരട്ടിയാണ്‌ നരകാഗ്നിയുടെ ചൂടെന്ന്". കുറച്ചു തിളച്ച വെള്ളം കൈയിലായിട്ടുതന്നെ.... അപ്പോള്‍ പിന്നെ എങ്ങിനെയാണ്‌ ആ എഴുപതിരട്ടി.. കാര്യം നിസ്സാരമല്ല. ഈ ചെറിയ ചൂടും ഹുമുഡിറ്റിയും സഹിക്കാന്‍ കഴിയാത്ത, ഒരു ചെറിയ പല്ലുവേദനയോ തലവേദനയോ സഹിക്കാന്‍ കഴിയാത്ത താന്‍ എങ്ങിനെയാണ്‌ മേല്‍പറഞ്ഞ ചൂടും അതിലെ ഭയാനകമായ ശിക്ഷകളും സഹിക്കുക. കാര്യം ഗൗരവമുള്ളതാണ്‌. ആലോചിക്കാന്‍ സമയമില്ല. ഇപ്പോള്‍ ഇഖാമത്ത്‌ വിളിക്കും. നാഥാ... തന്റെ ഇത്രയും കാലത്തെ അശ്രദ്ധ.. ഇതൊന്നും ഓര്‍ക്കാതെ.. കഴിഞ്ഞത്‌ പൊറുക്കണേ... അശ്രദ്ധയില്‍ നിന്നും തന്നെയുണര്‍ത്തിയ ആ കൊച്ചുബാലന്‌ നന്ദിപറഞ്ഞു പ്രാര്‍ത്ഥിച്ച്‌, പുതിയ ചില തീരുമാനങ്ങളുമെടുത്ത്‌ അയാള്‍ വുളുവെടുത്ത്‌ വസ്ത്രം മാറി പള്ളിയിലേക്ക്‌ പുറപ്പെട്ടു. മുറിപൂട്ടി പുറത്തിറങ്ങുമ്പോള്‍ പള്ളിയില്‍ നിന്നും ഇഖാമത്ത്‌ വിളി കേള്‍ക്കുന്നുണ്ടായിരുന്നു.ഹയ്യ അലസ്വലാത്ത്‌... ഹയ്യ അലല്‍ഫലാഹ്‌... ഇത്രയും വായിച്ച സഹോദരാ...മൃത്യവിനപ്പുറത്തൊരു ജീവിതമുണ്ടന്നറിഞ്ഞിട്ടും ജീവിത്തിന്റെ തിരക്കിനിടയില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ഗൗരവമായി ചിന്തിക്കാന്‍ സമയം കാണാത്തവരില്‍ ഒരാളാണോ താങ്കളും? എങ്കില്‍ ഓര്‍ക്കുക... താങ്കളുടെ തിരക്കുനിറഞ്ഞ ജീവിതത്തിന്‌ അന്ത്യംകുറിച്ച്‌ ഒരു നാള്‍ ഇവിടം വിട്ട്‌ പോകേണ്ടി വരും. ഭൗതിക ലോകത്തെ ചെറിയ ശിക്ഷകളോ പിഴയോ പേടിച്ച്‌ ട്രാഫിക്‌ നിയമങ്ങല്‍ പോലും ലംഘിക്കാത്ത നാം, രോഗത്തെയും മരണത്തെയും പേടിച്ച്‌ ഇഷ്ടപ്പെട്ട ഭക്ഷണ പാനീയങ്ങള്‍ വരെ ഒഴിവാക്കുന്ന നാം, മാരഗമായ രോഗങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നുമൊക്കെ മുന്‍കരുതലെടുക്കുന്ന നാം, പതിനായിരക്കണക്കിന്‌ ഡിഗ്രി ചൂടുള്ള നരകാഗ്നിയില്‍ നിന്നും അതിലെ ഭയാനകമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ എന്ത്‌ മുന്നൊരുക്കമാണ്‌ നടത്തിയിട്ടുള്ളത്‌? കട, വാഹനം, വീട്‌, തുടങ്ങി സമ്പത്തുക്കളെയൊക്കെ അപകടങ്ങളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നും കാക്കാന്‍ മുന്‍ കരുതലെടുക്കുന്ന നാം സ്വന്തം തടി നരകത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ എന്തുചെയ്തു? എന്തു ചെയ്യുന്നു.???സഹോദരാ... സമ്പത്തോ സന്താനങ്ങളോ ഉപകരിക്കാത്ത, അധികാരമോ സ്വാധീനമോ ശിപാര്‍ശകളോ ഫലം ചെയ്യാത്ത, കറകളഞ്ഞ വിശ്വാസവും അതിനനുസൃതമായ സ്വാലിഹായ കര്‍മ്മങ്ങളുമല്ലാതെ മറ്റൊന്നും ഉപകരിക്കാത്ത ഭയാനകമായ ഒരു നാള്‍... അന്ന് ഒരിക്കലും അവസാനിക്കാത്ത്‌ അതിഭീകരങ്ങളായ ശിക്ഷകളടങ്ങിയ നരകത്തില്‍ നിന്ന് രക്ഷപ്പെടാനായി ദുനിയാവിലെ നിത്യജീവിതത്തില്‍ ഒരു മനുഷ്യന്‍ ചെയ്യേണ്ട നിര്‍ബന്ധ കര്‍മ്മമാണ്‌ നമസ്കാരം. സമയവും സൗകര്യവുമുണ്ടായിട്ടുപോലും സര്‍വ്വശകതന്റെ വിളിക്ക്‌ കൃത്യസമയത്ത്‌ അവന്റെ ഭവനത്തില്‍ ചെന്ന് ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നില്ലെങ്കില്‍ കണ്ടുകൊണ്ടിരിക്കുന്ന സീരിയലും സിനിമയും വിനോദങ്ങളും സൊറപറഞ്ഞിരിക്കുന്ന കൂട്ടുകാരും വെടിവട്ടങ്ങളും സുഖനിദ്രയും മറ്റ്‌ സൗകര്യങ്ങളും തുടങ്ങി ദുനിയാവിനോടുള്ള ഇഛയും താല്‍പര്യവുമാണ്‌ നിങ്ങള്‍ക്കതിനൊക്കെ തടസ്സമാവുന്നതെങ്കില്‍ ഓര്‍ക്കുക... സമയവും സൗകര്യവും അതൊക്കെ അനുഭവിക്കാനുള്ള ആരോഗ്യവും നല്‍കുന്നവന്‌ ഏത്‌ സമയവും അത്‌ താങ്കളില്‍ നിന്നും പിന്‍വലിക്കാനും സാധിക്കും. ഏതുനിമിഷവും ഭൂമിയിലെ നിങ്ങളുടെ ജീവിതം തന്നെ അവന്‍ അവസാനിപ്പിക്കാം. പിന്നെ നിങ്ങള്‍ ഉണരുക ആ ദിവസമാണ്‌. അറിയുമോ ആ ദിനമേതാണെന്ന്?
''കണങ്കാല്‍ വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ദിവസം. സുജൂദ്‌ ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന്‌ സാധിക്കുകയില്ല. അവരുടെ കണ്ണുകള്‍ കീഴ്പ്പോട്ട്‌ താഴ്‌ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും."
(വി. ഖുര്‍ആന്‍:68:42-43)
ജാഗ്രത: സമയവും മറ്റ്‌ സൗകര്യവും നല്‍കി അവന്‍ നിങ്ങളെ അനുഗ്രഹിച്ചു. നിങ്ങളാവട്ടെ അവന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കുന്നുമില്ല. എങ്കില്‍... എങ്കില്‍... സൂക്ഷിക്കുക.. നിങ്ങളുടെ ധിക്കാരത്തിന്ന് അവന്‍ ഉടനടി നടപടിയെടുക്കുന്നില്ല എന്നുകണ്ട്‌ നിങ്ങള്‍ വ്യാമോഹപ്പെടേണ്ട. അവന്‍ നിങ്ങളെ കാണാതിരിന്നതോ അവഗണിച്ചതോ അല്ല. മറിച്ച്‌ അവന്‍ നിങ്ങളില്‍ നോട്ടമിട്ടുകഴിഞ്ഞു എന്നതാണു സത്യം. അതെ, അങ്ങിനെയാണവന്റെ തന്ത്രം.."അവര്‍ സുരക്ഷിതരായിരുന്ന സമയത്ത്‌ സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചുകളയുന്നവരെയും കൂടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം.'' (വി. ഖുര്‍ആന്‍:68:42-45)

Monday 14 July 2008

മതത്തെ വികലമാക്കുന്നവര്‍

''മഹോന്നത മൂല്യങ്ങളുള്‍ക്കൊള്ളുന്ന മതത്തിന്റെ വാക്താക്കളായി ചമയുകയും എന്നാല്‍ ആ മതത്തിന്റെ മ്യൂല്യങ്ങളൊന്നും തന്നെ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്താതിരിക്കുകയും ചെയ്യുന്നവരല്ലെ യഥാര്‍ത്ഥത്തില്‍ മതത്തെ വികലമാക്കുന്നവര്‍.''

Wednesday 9 July 2008

അര ബക്കറ്റ്‌ വെള്ളം കൊണ്ട്‌...


ജോലി കഴിഞ്ഞ്‌ എത്തിയതേയുള്ളൂ. ഒന്നു കുളിക്കണം. ഭക്ഷണം കഴിച്ച്‌ പത്രങ്ങളൊക്കെയൊന്ന് കണ്ണോടിക്കണം. പിന്നെ മെയിലുകള്‍ ചെക്കുചെയ്ത്‌ അവക്കുള്ള മറുപടി അയക്കണം. ഓ.... ഇന്നു ടി.വിയില്‍ നല്ലൊരു അടിപൊളി പ്രോഗ്രാമുമുണ്ട്‌. അയാള്‍ തോര്‍ത്തുമുണ്ടുമെടുത്ത്‌ ബാത്ത്‌റൂമിലേക്ക്‌ നടക്കുന്നതിനിടയില്‍ വാതിലിലാരോ മുട്ടി. ചെന്ന് വാതില്‍ തുറന്നു. കൈയില്‍ ഓരോ കീസും തൂക്കിപ്പിടിച്ച്‌ രണ്ടുമൂന്ന് ചെറുപ്പക്കാര്‍.
"അസ്സലാമു അലൈക്കും വറഹ്‌മത്തുള്ളാഹ്‌...
"അവരില്‍ ഒരാള്‍ സലാം പറഞ്ഞു.
"വ അലൈക്കുമുസ്സലാം. ഇവിടെയാരുമില്ലല്ലോ" ഏതോ പിരിവുകാരാണെന്ന് കരുതി അവരെ എളുപ്പത്തില്‍ ഒഴിവാക്കുവാനായി അയാള്‍ സലാം മടക്കിക്കൊണ്ടു പറഞ്ഞു.
"അതു സാരമില്ല. നിങ്ങളുണ്ടല്ലോ അതുമതി. നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഞങ്ങളധികം ബുദ്ധിമുട്ടിക്കുന്നില്ല. ഇതാ നല്ല ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍"
"ഓ... വേണ്ട വേണ്ട.. എവിടെ അതിനൊക്കെ നേരം. ബാക്കിയുള്ള കാര്യങ്ങള്‍ക്ക്‌ തന്നെ സമയമില്ല."
"ഇനി വായിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ നല്ല പ്രസംഗങ്ങളുടെ സീഡികളുമുണ്ട്‌."
"വേണ്ട. ഒന്നും വേണ്ട. വെറുതെ വാങ്ങി വെച്ചിട്ടെന്താ.."
"പൈസ മുടക്കി വാങ്ങണമെന്നില്ല സഹോദരാ.. ഞങ്ങളുടെയടുക്കല്‍ മൊബൈല്‍ ലൈബ്രറിയുണ്ട്‌. കേട്ടിട്ട്‌ തിരിച്ചു തന്നാല്‍ മതി."
"ഓ.. ഇതൊരു ശല്യമായല്ലോ.. അയാള്‍ കുറച്ചു ശബ്ദമുയര്‍ത്തി പറഞ്ഞു.:" ഞാന്‍ പറഞ്ഞില്ലേ.. എനിക്കെന്റെ മറ്റുകാര്യങ്ങള്‍ക്കുതന്നെതന്നെ സമയമില്ലെന്ന്. പ്ലീസ്‌ . എനിക്ക്‌ വേറെ ജോലിയുണ്ട്‌." "ക്ഷമിക്കണം സുഹൃത്തെ, നിങ്ങളുടെ സമയം വിലപ്പെട്ടതാണെന്നറിയാം. ഞങ്ങളുടേതും....പക്ഷെ, നമുക്കീ സമയവും സൗകര്യവുമൊക്കെ നല്‍കുന്ന ഒരാളുണ്ടല്ലോ. അവനെക്കുറിച്ചറിയാനും അവന്റെ വിധിവിലക്കുകള്‍ മനസ്സിലാക്കാനുമൊക്കെ കുറച്ചു സമയം ഏതു തിരക്കിനിടയിലും നാം കണ്ടെത്തുന്നത്‌ നല്ലതാണ്‌. കാരണം ഏതുസമയത്തും അവന്‍ നല്‍കിയ ഈ സമയവും സൗകര്യവുമൊക്കെ പിന്‍വലിക്കാമല്ലോ. സമയം നമ്മെ തേടി വരില്ല. വേണമെന്നുവിചാരിച്ചാല്‍ ഏതുതിരക്കിനിടയിലും നമ്മുടെ അത്യാവശ്യങ്ങള്‍ക്ക്‌ സമയമുണ്ടാക്കാം. ഒരു ഉദാഹരണത്തിന്‌ നാം കളിച്ചുകൊണ്ടിരിക്കെ പൈപ്പിലെ വെള്ളം തീരുന്നു. സാധാരണ രണ്ടുബക്കറ്റ്‌ വെള്ളം കൊണ്ട്‌ കുളിക്കാറുള്ള നമ്മുടെ മുമ്പില്‍ കഷ്ടിച്ചു അരബക്കറ്റ്‌ വെള്ളം മാത്രം. നാമാകട്ടെ, ശരീരമാസകലം സോപ്പ്‌ തേച്ചുനില്‍ക്കുകയും. കാത്തിരിന്നിട്ട്‌ കാര്യമില്ലെന്നറിയുന്ന നാം ആ അരബക്കറ്റ്‌ വെള്ളം കൊണ്ട്‌ വളരെ നന്നായ്‌ഇ കുളിക്കാന്‍ ശ്രമിക്കും. ശരിയല്ലേ. അതുപോലെ ഏതു തിരിക്കിനിടയിലും വേണമെന്നു വിചാരിച്ചാല്‍ നമുക്ക്‌ സമയമുണ്ടാക്കാം. ഏതായാലും നമ്മുടെ ജീവിതത്തിരക്കിനിടയില്‍ നമ്മുടെ അത്യാവശ്യകാര്യങ്ങള്‍ക്ക്‌ മാത്രം സമയം കാണാതെ പോകുന്നത്‌ കഷ്ടമാണ്‌. ഇതിരിക്കട്ടെ. എപ്പോഴെങ്കിലും നിങ്ങള്‍ക്ക്‌ ഒരൊഴിവുകിട്ടിയാല്‍ ഉപകാരപ്പെട്ടെങ്കിലോ.."
" അതുവരെ സംസാരിച്ചു കൊണ്ടിരുന്ന യുവാവ്‌ അയാള്‍ക്ക്‌ ഒരു ലഘുലേഖ നല്‍കി. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. "അസ്സലാമു അലൈക്കും വ റഹ്‌മത്തുള്ളാഹ്‌..."
"വ അലൈക്കുമുസ്സലാം.." അയാള്‍ വാതില്‍ കൊട്ടിയടച്ചു. "പാവങ്ങള്‍. .. ഈ കാലത്തുമുണ്ടോ ഇങ്ങനെ കുറേ കൂട്ടര്‍.. ശല്യങ്ങള്‍ ഒഴിവായിക്കിട്ടി" എന്നു പിറുപിറുത്തുകൊണ്ട്‌ കുളിക്കാനായി ബാത്ത്‌ റൂമിലേക്ക്‌ നടന്നു. ഒരു മുളിപ്പാട്ടും പാടി കുളിയാരംഭിച്ചു. ബക്കറ്റില്‍ പിടിച്ചുവെച്ചിരുന്ന തണുത്ത വെള്ളമെടുത്ത്‌ കോരിയൊഴിച്ച്‌ ശരീരം നനനച്ചു സോപ്പുതേക്കുമ്പോള്‍ അയാള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞ ഉദാഹരണം ഓര്‍ത്തുപോയി. "അല്ല, അങ്ങിനെയെങ്ങാനും സംഭവിച്ചലോ? " അയാള്‍ മറ്റൊരു ബക്കറ്റ്‌ എടുത്ത്‌ അത്‌ പൈപ്പിനുചുവട്ടില്‍ വെച്ചു. ടാപ്പ്‌ തിരിച്ചു. "മൈ ഗോഡ്‌.. ഇതെന്തൊരല്‍ഭുതം. ഒരു തുള്ളി വെള്ളം പോലും പൈപ്പിലില്ല. സാധാരണ വെള്ളം ഇല്ലാതിരിക്കുന്ന ഒരവസ്ഥ ഉണ്ടാവാറില്ലല്ലോ. ഇന്ന് എന്ത്‌ പറ്റി." അയാള്‍ വീണ്ടും ടാപ്പ്‌ തിരിച്ചുകൊണ്ടിരുന്നു. "ഇനിയിപ്പോള്‍ എന്തുചെയ്യും.? ഇതിപ്പോള്‍ അയാള്‍ പറഞ്ഞതുപോലെത്തന്നെയായല്ലോ.?! സാധാരണ താന്‍ എത്ര ബക്കറ്റ്‌ വെള്ളം കൊണ്ടാണ്‌ കുളിക്കാറ്‌ എന്നുതന്നെ അറിയില്ല. മതിവരുവോളം മുക്കിയൊഴിക്കും. ബക്കറ്റിലെ പകുതി വെള്ളവും താന്‍ ഇതിനകം തീര്‍ക്കുകയും ചെയ്തു. ഛെ.. താന്‍ ഇതെന്തൊരു പണിയാണ്‌ കാണിച്ചത്‌. സാധാരണ ഇങ്ങിനെയൊരു പ്രശ്നം ഇല്ലാത്തതിനാല്‍ മുന്‍കൂട്ടി വെള്ളം പിടിച്ചുവെച്ചതുമില്ല. ഏതായാലും ഈ അവസ്ഥയിലായതിനാല്‍ ഉള്ള വെള്ളം കൊണ്ട്‌ കുളി പൂര്‍ത്തിയാക്കുക തന്നെ. ഓരോ തുള്ളി വെള്ളവും അയാള്‍ വളരെ കരുതലോടെ ഉപയോഗിച്ചു. തന്റെ കുളി പൂര്‍ത്തിയാക്കി ബാത്ത്‌ റൂമിനു പുറത്ത്‌ കടന്നു. ഓ... ബാത്ത്‌ റൂമില്‍ കുറച്ചധികം സമയം പോയി. അയാള്‍ ടി.വി. ഓണ്‍ ചെയ്തു. അടുക്കളയില്‍ പോയി ഭക്ഷണം എടുത്തുകൊണ്ടുവന്നു. പേപ്പര്‍ വിരിച്ച്‌ അതിലിരുന്നു. വലത്തേ കൈകൊണ്ട്‌ ചോറുതിന്നുന്നതിനിടയില്‍ മറ്റേ കൈകൊണ്ട്‌ റിമോട്ട്‌ കണ്‍ട്രോളിലെ ബട്ടണമര്‍ത്തി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടക്ക്‌ പലതും കണ്ടു, കേട്ടു. ഭക്ഷണം കഴിച്ചുകഴിഞ്ഞ്‌ പാത്രം കഴുകി വെക്കുന്നതിനിടയില്‍ നെഞ്ചിന്റെ ഇടതുഭാഗത്ത്‌ എന്തോ ഒരു വേദനപോലെ. അത്ര കാര്യമാക്കിയില്ല. പക്ഷെ, റൂമിലെത്തിയപ്പോഴേക്കും വേദന കൂടി വരുന്നതുകണ്ടപ്പോള്‍ അയാള്‍ക്ക്‌ ആധിയായി. നീണ്ടുനിവര്‍ന്ന് കുറച്ചുനേരം കിടന്നുനോക്കി. വല്ലാത്തൊരു അസ്വസ്ഥത.. വെച്ചുകൊണ്ടിരിക്കുന്നത്‌ അത്ര ഗുണകരമാവില്ല എന്ന് തോന്നി. ഡോക്ടറുടെ തിരിച്ചും മറിച്ചുമൊക്കെയുള്ള പരിശോധനയും നഴ്സിനോട്‌ ഈസീജിയെടുക്കാന്‍ പറയുന്നതുമൊക്കെ കേട്ടപ്പോള്‍ കാര്യം അത്ര പന്തിയല്ലെന്ന് അയാള്‍ക്ക്‌ തോന്നി. അതിന്റെ റിസല്‍ട്ട്‌ തിരിച്ചും മറിച്ചും നോക്കിയിട്ട്‌ നഴ്സുമായി കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നതും കൂടി കണ്ടപ്പോള്‍ അയാളുടെ ഭയം വര്‍ദ്ധിച്ചു.
"കുടുംബം ഇവിടെയുണ്ടോ?"
നഴ്സ്‌ അടുത്തുവന്നു ചോദിച്ചു."ഇല്ല. ഇപ്പോള്‍ നാട്ടിലാണ്‌."
"ബന്ധുക്കളായി മറ്റാരെങ്കിലും?""ഇല്ല. ... എന്താണ്‌ സിസ്റ്റര്‍???"ചെറിയൊരു ഓപ്പറേഷന്‍ വേണ്ടിവരും."
"ഓപ്പറേഷന്‍ ? എനിക്കോ?? എന്തിന്‌???
* * * *
നാളെയാണ്‌ ഓപ്പറേഷന്‍. ഓരോന്നോര്‍ത്ത്‌ കിടക്കുമ്പോള്‍ ഒരു പ്രത്യേക വികാരം അയാളെ പിടികൂടാന്‍ തുടങ്ങി. ഓപ്പറേഷനുമുമ്പ്‌ തന്റെ ബോധം കെടുത്തും. പിന്നീട്‌....നെഞ്ചുപിളര്‍ന്ന്... എല്ലാം കഴിഞ്ഞ്‌.. ആ ബോധമെങ്ങാനും തിരിച്ചുവന്നില്ലെങ്കില്‍... അനിനെയെങ്ങാനും സംഭവിച്ചാല്‍.. ഇത്ര ചെറുപ്പത്തിലേ..... താന്‍ മരിച്ചാല്‍... തന്റെ കുടുംബം... കുട്ടികള്‍...
അതൊലൊക്കെയുപരി, ഖബര്‍, വിചാരണ... പിന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌... അതിനൊന്നും വേണ്ടി താന്‍ ഒന്നും ഒരുക്കിയിട്ടില്ല. എന്തിന്‌ അക്കാര്യങ്ങളെക്കുറിച്ചൊന്നും താന്‍ ഇതുവരെ ചിന്തിക്കാന്‍ പോലും...താന്‍ ഹോസ്പിറ്റലില്‍ വരുന്നതിനുമുമ്പ്‌ റൂമില്‍ വന്ന ആ ചെറുപ്പക്കാരില്‍ ഒരാള്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സിലൂടെ തികട്ടി വന്നു. അയാള്‍ തന്റെ കയ്യില്‍ തന്ന ഒരു നോട്ടീസിനെക്കുറിച്ച്‌ അയാള്‍ക്കോര്‍മ്മവന്നു. അത്‌ താന്‍ എവിടെയാണ്‌ വെച്ചത്‌? തന്റെ ഷര്‍ട്ടിന്റെയും പാന്റിന്റെയും ഒക്കെ പോക്കറ്റുകളില്‍ തപ്പിനോക്കി. പാന്റിന്റെ പിന്‍പോക്കറ്റുകളിലൊന്നില്‍ അശ്രദ്ധമായി ചുരുട്ടിമടക്കിയ നിലയില്‍ അതുണ്ടായിരുന്നു. അയാള്‍ അതു നിവര്‍ത്തി വായിച്ചു.
" സഹോദരാ..ജീവിതം നശ്വരമാണ്‌. കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷവും നീ നിന്റെ ആ നശ്വരജീവിതത്തിലെ സമയം പിന്നിട്ട്‌ മരണത്തോടടുക്കുന്നു. മനുഷ്യജീവിതത്തിന്‌ മഹത്തായ ഒരു ലക്ഷ്യമുണ്ട്‌. ലോകത്തെ ഇതരജീവികളില്‍ നിന്ന് മനുഷ്യന്‌ മാത്രം വിശേഷബുദ്ധി നല്‍കി ദൈവം അവനെ അനുഗ്രഹിച്ചത്‌ അതുകൊണ്ടാണ്‌. തന്റെ ജീവിതത്തെക്കുറിച്ച്‌
"അവന്റെ ആയുഷ്കാലത്തെ സമ്പന്ധിച്ചും അതെങ്ങിനെയാണ്‌ അവന്‍ കഴിച്ചുകൂടിയതെന്നും അവന്റെ യുവത്വം എങ്ങിനെയാണ്‌ ചെലവഴിച്ചതെന്നും അവന്റെ ധനം എങ്ങിനെ സമ്പാധിച്ചുവെന്നും അതെങ്ങിനെ ചെലവഴിച്ചുവെന്നും അവന്‍ മനസ്സിലാക്കിയ കാര്യങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തിച്ചുവെന്നും കണക്ക്‌ ബോധിപ്പിക്കാതെ നാളെ ഒരാളുടെയും കാല്‍പാദങ്ങള്‍ ദൈവസന്നിധിയില്‍ നിന്ന് മുന്നോട്ട്‌ നീങ്ങുക സാധ്യമല്ല. " (നബിവചനം)
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇവയെക്കുറിച്ചൊന്നും ഓര്‍ക്കാന്‍ സമയം കിട്ടാത്ത മനുഷ്യന്‍ പിന്നീട്‌ ഓര്‍ക്കുന്ന ഒരു സമയമുണ്ട്‌. നശ്വരമായ ഈ ജീവിതം അവസാനിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ . അപ്പോഴവന്‍ അതേക്കുറിച്ച്‌ കെഞ്ചുന്നതിനെക്കുറിച്ച്‌ പരിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു:
"അങ്ങനെ അവരില്‍ ഒരാള്‍ക്ക്‌ മരണം ആസന്നമായാല്‍ അവന്‍ പറയും. 'എന്റെ രക്ഷിതാവേ.. ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യങ്ങളില്‍ എനിക്ക്‌ നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്ക വിധം എന്നെ ഒന്ന് തിരിച്ചയക്കേണമേ.' 'ഒരിക്കലുമില്ല. അത്‌ അവന്‍ പുലമ്പിക്കൊണ്ടിരിക്കുന്ന വെറും വര്‍ത്തമാനം മാത്രം."(ഖുര്‍ആന്‍:23:100)
............................................
തുടര്‍ന്നുവായിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. ഇത്രയും കാലം താന്‍ ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ പോയതില്‍ അയാള്‍ക്ക്‌ എന്തെന്നില്ലാത്ത കുറ്റബോധവും സങ്കടവുമൊക്കെ തോന്നി. തന്റെ കഴിഞ്ഞുപോയ ജീവിതം..... അയാള്‍ക്ക്‌ ശ്വാസം മുട്ടുന്നതുപോലെ... ഇല്ല. മേല്‍ ചോദ്യങ്ങളില്‍ ഒന്നിനുപോലും തൃപ്തികരമായ മറുപടി പറയാന്‍ തനിക്കാവില്ല. അതിനര്‍ത്ഥം ഞാ നരകാവകാശികളി..... എങ്കില്‍ ... അയാള്‍ക്ക്‌ നിയന്ത്രണം വിട്ടുപോയി...
* * * *
നഴ്സ്‌ ഒരു പേപ്പറുമായി അടുത്തുവന്ന് അയാള്‍ക്ക്‌ നേരെ നീട്ടി. കൂടെ ഒരു പേനയും. "വായിച്ചുനോക്കി ഒപ്പിട്ടു തരിക." അയാള്‍ അത്‌ വാങ്ങി വായിച്ചുനോക്കി
..........................
ഉരുണ്ടുകൂടിയ കണ്ണീര്‍ കണങ്ങങ്ങള്‍ അതില്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്നു. നിമിഷങ്ങള്‍..."സമയത്തിന്റെ വില അയാള്‍ ശരിക്കും അറിയുകയായിരുന്നു."
"അല്ലാഹുവേ... ഇതില്‍ നീ എന്നെ മരിപ്പിക്കരുതേ... റബ്ബേ.. ഞാന്‍ ... ഞാന്‍ കൂടുതലായൊന്നും നിന്നോട്‌ ചോദിക്കുന്നില്ല. എന്റെ തെറ്റ്‌ എനിക്ക്‌ ബോധ്യമായി. ഒരു ദിവസമെങ്കിലും ശരിയായ മുസ്ലിമായി ജീവിക്കാനും എന്റെ തെറ്റുകളില്‍ നിന്ന് തൗബ ചെയ്ത്‌ മടങ്ങാനുമുള്ള സമയം മാത്രം..."സഹോദരാ... വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിക്കാനിരിക്കുന്ന അയാളുടെ കാര്യത്തെക്കുറിച്ച്‌ ചിന്തിച്ച്‌ ആകുലപ്പെടുന്നതിനേക്കാള്‍ കുറച്ചുനേരമെങ്കിലും അയാളുടെ സ്ഥാനത്ത്‌ നമ്മെ സങ്കല്‍പ്പിച്ച്‌ നമ്മെക്കുറിച്ചാശങ്കപ്പെടുന്നതാവും നല്ലത്‌. നൈമിഷികം, നശ്വരം എന്നൊക്കെയരിഞ്ഞിട്ടും ചുറ്റുപാടും നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെയത്‌ നിരന്തരം ബോധ്യപ്പെടുത്തിയിട്ടും തികച്ചും ഒരു പരീക്ഷണമായ ഈ ദുനിയാവിലെ ജീവിതത്തിനുവേണ്ടി അനശ്വരമായ പരലോക ജീവിതം നഷ്ടപ്പെടുത്തുന്നവനേക്കാള്‍ നിര്‍ഭാഗ്യവാന്‍ മറ്റാരാണ്‌?അല്ലാഹുവിന്റെ വാക്കുകള്‍ എത്ര ശരി.: "തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു. (വി. ഖുര്‍ആന്‍: 76:27)
സ്വന്തത്തെ ഇടക്ക്‌ വിചാരണ നടത്തുകയും മരണാനന്തര ജീവിതത്തിനുവേണ്ടി ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നവനാണ്‌ ബുദ്ധിമാനും ദീര്‍ഘവീക്ഷണമുള്ളവനും. എന്നാല്‍ തന്റെ ദേഹേച്ഛകളെ പിന്‍ പറ്റുകയും അല്ലാഹുവിനെക്കുറിച്ച്‌ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവന്‍ വിഡ്ഢിയും ദീര്‍ഘവീക്ഷണമില്ലാത്തവനും ദൗര്‍ഭാഗ്യവാനുമെത്രെ. ദൈവം നല്‍കിയ ജീവിതത്തെ നന്മകള്‍ ചെയ്ത്‌ ധന്യമാക്കി ജീവിത ലക്ഷ്യത്തെക്കുറിച്ചറിഞ്ഞ്‌ ശാശ്വത നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. പരമകാരുണ്യകന്‍ അനുഗ്രഹിക്കട്ടെ.

Tuesday 1 July 2008

നിങ്ങളുടെ ആദ്യഭാര്യയുടെ സ്ഥിതിയെന്ത്‌?

എന്ത്‌?
അതിനു നിങ്ങള്‍ക്ക്‌ ഒന്നിലധികം ഭാര്യമാരില്ലെന്നോ?
ഒരു ഭാര്യ തന്നെയില്ലെന്നോ?
മറുപടി പറയുന്നതിനുമുമ്പ്‌ ഈ കഥയൊന്നു വായിക്കുക.

ഒരു രാജാവിന്‌ നാലു ഭാര്യമാരുണ്ടായിരുന്നു. നാലാമത്തെ ഭാര്യയെ അയാള്‍ ഭ്രാന്തമായി സ്നേഹിച്ചു.അവളെ തൃപ്തിപ്പെടുത്താന്‍ എന്തു ചെയ്യാനും അയാള്‍ ഒരുക്കമായിരുന്നു. മൂന്നാം ഭാര്യയെയും അയാള്‍ അതിയായി സ്നേഹിച്ചിരുന്നുവെങ്കിലും ഏതു സമയവും അവള്‍ തന്നെ ഒഴിവാക്കി മറ്റാരുടെയെങ്കിലും കൂടെ പോയിക്കളയുമോ എന്നയാള്‍ ശങ്കിച്ചിരുന്നു. എന്തെങ്കിലും പ്രയാസങ്ങളോ ആവശ്യങ്ങളോ നേരിടുമ്പോള്‍ മാത്രമായിരുന്നു അയാള്‍ തന്റെ രണ്ടാം ഭാര്യയെ സമീപിക്കാറുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും അവള്‍ അയാളെ പരിചരിക്കുന്നതിലും പ്രയാസഘട്ടങ്ങളില്‍ അയാളോടൊപ്പം നില്‍ക്കുന്നതിലും സദാ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആദ്യഭാര്യയെ അയാള്‍ പാടേ അവഗണിച്ച മട്ടായിരുന്നു.അവള്‍ക്ക്‌ യാതൊരു പരിഗണനയും നല്‍കിയിരുന്നില്ല. എന്നുമാത്രമല്ല അവള്‍ക്ക്‌ നല്‍കേണ്ടിയിരുന്ന അവകാശങ്ങള്‍പോലും അയാള്‍ വകവെച്ചുകൊടുക്കാറില്ലായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവള്‍ രാജാവിനെ അങ്ങേയറ്റം സ്നേഹിക്കുകയും ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുകയും ചെയ്തുപോന്നു.

കാലങ്ങള്‍ കടന്നുപോയി. രാജാവിനു വയസ്സായി. രോഗമായി. തന്റെ മരണമടുത്തുവെന്ന് രാജാവിനുതോന്നി. അയാള്‍ ചിന്തിച്ചു. എനിക്കിപ്പോള്‍ നാലുഭാര്യമാരുണ്ടല്ലോ. പിന്നെ ഞാന്‍ എന്തിന്‌ ഏകനായി എന്റെ ഖബറില്‍ കഴിച്ചുകൂട്ടണം. അവരില്‍ ആരെങ്കിലും തന്റെ കൂടെ വരാതിരിക്കുമോ?
അയാള്‍ അതുവരെ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന തന്റെ നാലാം ഭാര്യയോടു ചോദിച്ചു. "നിന്റെ ഏതാഗ്രഹവും ഞാന്‍ സാധിപ്പിച്ചുതരികയും നിന്റെ ആവശ്യങ്ങളൊക്കെയും നിറവേറ്റിത്തരികയും ചെയ്തിട്ടുണ്ട്‌. ഞാന്‍ മരിച്ചാല്‍... എന്റെ ഖബറില്‍ ഞാന്‍ ഒറ്റക്കാവും. ഓ.. അതോര്‍ക്കാന്‍ കൂടി വയ്യ.. ആ ഏകാന്തതക്ക്‌ കൂട്ടായി നീയും എന്റെ കൂടെ വരണമെന്നാണ്‌ എന്റെ ആഗ്രഹം.''
"അസംഭവ്യം... അസാധ്യം.." യാതൊരു കനിവോ ദയവോ രാജാവിനോട്‌ കാണിക്കാന്‍ നില്‍ക്കാതെ അവള്‍ ഉടനടി അവിടെ നിന്നും സ്ഥലം വിട്ടു.

അയാള്‍ തന്റെ മൂന്നാം ഭാര്യയെ വിളിപ്പിച്ചു. അവളോട്‌ പറഞ്ഞു.
" ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ സ്നേഹിച്ചിട്ടുണ്ട്‌. എന്റെ ഖബറിലെ ഏകാന്തതക്ക്‌ ഒരു കൂട്ടായി നീയും എന്റെ കൂടെ...." "ഏയ്‌, ഇല്ല രാജാവേ.... ജീവിതം അതെത്ര സുന്ദരമാണ്‌. താങ്കള്‍ മരിച്ചുകഴിഞ്ഞാല്‍ ഞാന്‍ ഇവിടം വിടും. മറ്റൊരു കല്ല്യാണം കഴിക്കും. അയാളോടൊത്ത്‌ സുഖമായി കഴിയും.."

അയാള്‍
പ്രതീക്ഷയോടെ തന്റെ രണ്ടാം ഭാര്യയെ വിളിപ്പിച്ചു. അവളെങ്കിലും തന്നെ സഹായിക്കുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. "നീ എനിക്കുവേണ്ടി വളരെയേറെ കഷ്ട്പ്പെടുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും മാത്രമേ ഞാന്‍ നിന്നെ സമീപിക്കാറുണ്ടായിരുന്നുള്ളൂ. നീയെങ്കിലും ഖബറിലെ ഏകാന്തതക്കൊരു കൂട്ടായി എന്റെ കൂടെ വരുമെന്നാണ്‌.... "ക്ഷമിക്കണം രാജാവേ...താങ്കളുടെ ഈ ആവശ്യം നിവര്‍ത്തിച്ചുതരാന്‍ എനിക്കാവില്ല. ഏറിവന്നാല്‍ എനിക്കു ചെയ്യാന്‍ സാധിക്കുക നിങ്ങളുടെ ഖബറുവരെ നിങ്ങളെ അനുഗമിക്കാന്‍ മാത്രമേ..."

തന്റെ ഭാര്യമാരുടെ ഈ വിസമ്മതത്തില്‍ രാജാവിനു വളരെയേറേ ദു:ഖം തോന്നി. അപ്പോഴതാ കുറച്ചകലെ നിന്നൊരു ശബ്ദം. " ഞാന്‍ നിങ്ങളുടെ കൂടെ വരാം രാജാവേ.. നിങ്ങള്‍ എവിടെപ്പോയാലും ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവും." രാജാവ്‌ ശ്ബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി. അപ്പോഴതാ തന്റെ ആദ്യഭാര്യ. രോഗിയായി മെലിഞ്ഞു ക്ഷീണിച്ച്‌ ദുര്‍ബലമായ അവസ്ഥയില്‍. അവളുടെ ഭര്‍ത്താവായ തന്റെ അവഗണനയാണ്‌ അതിനുകാരണമെന്ന് രാജാവിനു മനസ്സിലായി. തന്റെ നല്ല കാലത്ത്‌ അവള്‍ക്കു നല്‍കേണ്ട യാതൊരു അവകാശമോ പരിഗണനയോ നല്‍കാതെ അവളെ അവഗണിച്ചതില്‍ രാജാവിന്‌ ദു:ഖം തോന്നി. രാജാവ്‌ പറഞ്ഞു. "സത്യത്തില്‍ മറ്റുള്ളവരേക്കാള്‍ ഞാന്‍ നിന്നെയായിരുന്നു സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടിയിരുന്നത്‌. കാലമെങ്ങാനും തിരിച്ചുവന്നിരുന്നെങ്കില്‍ തീര്‍ച്ചയായും മറ്റ്‌ മൂന്ന് പേരെക്കാളും ഞാന്‍ നിന്നെ സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യും.''

സത്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഈ രാജാവിനെപ്പോലെ നാലു ഭാര്യമാരുണ്ട്‌. രാജാവിനെപ്പോലെതന്നെയാണ്‌ ആ നാലുഭാര്യമാരോടുള്ള നമ്മുടെ പെരുമാറ്റവും.
നമ്മുടെ ശരീരവും ഇച്ഛയുമടങ്ങുന്ന നാലാം ഭാര്യ. രാജാവിനെപ്പോലെ നാം ഭ്രാന്തമായി അതിനെ സ്നേഹിച്ച്‌ എങ്ങിനെയൊക്കെ പരിഗണനകളും പരിചരണങ്ങളും നല്‍കിയാലും അതിന്റെ ഇച്ഛകള്‍ നിറവേറ്റിക്കൊടുത്താലും മരിക്കേണ്ട താമസമേയുള്ളൂ അത്‌ നമ്മെ വിട്ടുപിരിയാന്‍.

നാം ഉടമപ്പെടുത്തിയ സമ്പത്തും മറ്റുവസ്തുക്കളുമാകുന്ന മൂന്നാം ഭാര്യ.
നാം മരിക്കുന്നതിനുമുമ്പ്‌ തന്നെ പലരും അത്‌ കൈക്കലാക്കാന്‍ നോട്ടമിട്ടിട്ടുണ്ടാവും. മരിക്കേണ്ട താമസം. അതവരുടെ കൂടെ പോവുകയും ചെയ്യാം.

കുടുംബങ്ങളും
ബന്ധുമിത്രാതികളുമാകുന്ന രണ്ടാം ഭാര്യ.
ജീവിതത്തില്‍ അവര്‍ നമുക്ക്‌ അല്ലെങ്കില്‍ നാം അവര്‍ക്ക്‌ എത്രതന്നെ ത്യാഗങ്ങള്‍ ചെയ്തവരാണെങ്കിലും നാം മരിച്ചുകഴിഞ്ഞാല്‍ അവരില്‍ നിന്ന് ഏറിയാല്‍ പ്രതീക്ഷിക്കാനാവുക നമ്മുടെ ഖബര്‍വരെ അവര്‍ നമ്മെ അനുഗമിച്ചാലായി എന്നതുമാത്രമാണ്‌.

എന്നാല്‍ നമ്മുടെ ആത്മാവും അസ്തിത്വവുമാകുന്ന ഒന്നാം ഭാര്യ. നമ്മെ നാമാക്കുന്നതില്‍ അതിനുള്ള സ്ഥാനവും നമുക്കറിയാം. പക്ഷെ, പലപ്പോഴും അതിനു അര്‍ഹിക്കുന്ന പരിഗണനയോ പോഷണമോ നാം നല്‍കാറില്ല. സത്യത്തില്‍ മറ്റ്‌ എല്ലാറ്റിനേക്കാളും പരിഗണനയും പരിചരണവും നല്‍കേണ്ടിയിരുന്നത്‌ അതിനായിരുന്നുതാനും.
നമ്മുടെ ശരീരത്തെ പുഷ്ടിപ്പെടുത്താനും സൗന്ദര്യവര്‍ദ്ധനവിനും ഇച്ഛാപൂര്‍ത്തീകരണത്തിനുമൊക്കെയായി നാം എത്ര സമയവും പണവും അദ്ധ്വാനവും ചെലവാക്കുന്നു. അതുപോലെ തന്നെയാണ്‌ സമ്പത്തും മറ്റു സൗകര്യങ്ങളും നേടിയെടുക്കുന്ന കാര്യത്തിലും. നമ്മുടെ കുടുംബ-ബന്ധുമിത്രാധികള്‍ക്കുവേണ്ടി വല്ലതുമൊക്കെ ചെയ്യുന്ന കാര്യത്തിലും. ഇതൊന്നും വേണ്ട എന്നല്ല, മറിച്ച്‌ ഹറാമും ഹലാലുമൊന്നും നോക്കാതെയും ഹഖും ബാത്തിലുമൊന്നും പരിഗണിക്കാതെയും അവയ്ക്കൊക്കെ അമിതമായ, അര്‍ഹിക്കുന്നതിനുമപ്പുറം പ്രാധാന്യം നല്‍കുകയും ഒന്നാമതായി പരിഗണിക്കേണ്ടിയിരുന്ന നമ്മുടെ ആത്മീയോന്നതിക്കുവേണ്ടി യാതൊന്നും ചെയ്യാതിരിക്കുന്നതാണ്‌ അപകടം.

ആത്മാവും അസ്തിത്വവുമാകുന്ന ഒന്നാം ഭാര്യയായി ഉദാഹരിച്ചതിനെ നാമൊരു മനുഷ്യരൂപത്തില്‍ സങ്കല്‍പ്പിച്ചുനോക്കുക. അത്‌ ആവശ്യമായ പരിഗണനയും പരിചരണവും പോഷണവുമൊന്നും ലഭിക്കാതെ രോഗിയായി മെലിഞ്ഞ്‌ ക്ഷീണിച്ച്‌ ദുര്‍ബലമായ അവസ്ഥയിലാണോ??.. അതല്ല, നന്നായി പരിഗണനയും പരിശീലനുവുമൊക്കെ ലഭിച്ച്‌ അരോഗ്യവും ശക്തിയുമുള്ള കോലത്തിലാണോ???
ഇനി പറയൂ..
നിങ്ങളുടെയും ആ ഒന്നാംഭാര്യയുടെ സ്ഥിതിയെന്ത്‌??

" തീര്‍ച്ചായായും അതിനെ (ആത്മാവിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.'' (ദൈവീക വചനം)